വി.ജയകുമാർ
കോട്ടയം: ഇറക്കുമതി ഭീതി കൂടിയതോടെ ഇന്ത്യയിൽ റബർ വില താഴേക്ക് നീങ്ങുന്നു. രാജ്യാന്തര വിപണിയിൽ വില ഉയർന്നതും കാര്യമായ ഗുണം ചെയ്തില്ല. ബാങ്കോക്കിൽ കഴിഞ്ഞ വാരം കിലോയ്ക്ക് 15 രൂപ വരെയാണ് കൂടിയത്. ലാറ്റക്സ് വില 155 രൂപയിൽ നിന്ന് 142രൂപയിലേക്ക് താഴ്ന്നു .
ഒരു ലക്ഷം ടൺ റബർ ഇറക്കുമതിയുണ്ടാവുമെന്ന പ്രചാരണം തിരിച്ചടിയായി. രാജ്യാന്തര വിലയിലെ വൻ കുതിപ്പാണ് 234 രൂപ വരെ താഴ്ന്ന ഷീറ്റ് 237രൂപയ്ക്ക് വാങ്ങാൻ വ്യവസായികളെ നിർബന്ധിതരാക്കിയത്.
ചൈന, ടോക്കിയോ, ബാങ്കോക്ക് വിപണികളിൽ ആവശ്യത്തിന് റബർ ലഭ്യമല്ലാത്തതിനാൽ വില മുകളിലേക്ക് നീങ്ങി. രാജ്യാന്തര വിപണിയിലെ അനുകൂല ചലനങ്ങൾ മൂലം വിലയിൽ വലിയ തകർച്ചയുണ്ടാവില്ലെന്നാണ് പ്രതീക്ഷ.
കുരുമുളകിനും വിലത്തകർച്ച
ശ്രീലങ്കൻ കുരുമുളക് വലിയതോതിൽ ഉത്തരേന്ത്യൻ വിപണിയിൽ എത്തിയതോടെ കൊച്ചിയിൽ വില കിലോയ്ക്ക് ആറ് രൂപ കുറഞ്ഞു. മൂന്ന് ആഴ്ചയിൽ കിലോ വില 14 രൂപയാണ് താഴ്ന്നത്. അടുത്ത മാസം ഉത്തരേന്ത്യയിൽ ഉത്സവ സീസൺ ആരംഭിക്കുന്നതിലാണ് കർഷകരുടെ പ്രതീക്ഷ.
കുരുമുളക് വില ടണ്ണിന് ( ഡോളറിൽ )
ഇന്ത്യ 8100 ,
ശ്രീലങ്ക - 6700 ,
വിയറ്റ്നാം -7000 ,
ബ്രസീൽ - 6800 ,
ഇന്തോനേഷ്യ - 7500
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |