കൊച്ചി: നടിയെ പീഡിപ്പിച്ച കേസന്വേഷിക്കുന്ന പ്രത്യേകസംഘം താരസംഘടനയായ 'അമ്മ"യുടെ കൊച്ചി ഓഫീസിലും ഏതാനും ഫ്ളാറ്റുകളിലും തെളിവെടുപ്പ് പൂർത്തിയാക്കി. ഇന്നലെ രാവിലെ 10.30നായിരുന്നു അമ്മ ഓഫീസിലെ പരിശോധന. ഇടവേള ബാബു, മുകേഷ് എന്നിവർക്കെതിരായ കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധനയെന്നാണ് സൂചന. ഇവർ ഭാരവാഹികളായിരുന്നപ്പോഴുള്ള രേഖകളും ശേഖരിച്ചു. ശനിയാഴ്ച രാത്രിയിലും അമ്മ ഓഫീസിൽ പരിശോധന നടത്തിയിരുന്നു.
എറണാകുളം മേനകയിലെയും ഫോർട്ടുകൊച്ചിയിലെയും ഫ്ലാറ്റുകളിലും തെളിവെടുപ്പു നടന്നു. മേനകയിലെ ഫ്ലാറ്റിൽ പരാതിക്കാരിയുമെത്തിയിരുന്നു. സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ പ്രധാന സാക്ഷിയായ കഥാകൃത്ത് ജോഷി ജോസഫിനെ കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി. ഉച്ചയ്ക്ക് തുടങ്ങിയ തെളിവെടുപ്പ് ഒരുമണിക്കൂറിലധികം നീണ്ടു. 2009ൽ പാലേരി മാണിക്യം സിനിമാ ചർച്ചയ്ക്കിടെ ലൈംഗിക താത്പര്യത്തോടെ രഞ്ജിത്ത് ശരീരത്തിൽ സ്പർശിച്ചെന്ന നടിയുടെ പരാതിലാണ് അന്വേഷണം. കേസിൽ സാമൂഹ്യപ്രവർത്തകൻ ഫാ. അഗസ്റ്റിൻ വട്ടോളിയുടെ മൊഴിയും കടമക്കുടിയിലെ വസതിയിലെത്തി രേഖപ്പെടുത്തി. ജോഷി ജോസഫ് ഇക്കാര്യം അറിയിച്ചപ്പോൾ ഇത് മറച്ചുവയ്ക്കേണ്ടതല്ലെന്നും നടി തയ്യാറാണെങ്കിൽ അവർക്കൊപ്പമിരുന്ന് വാർത്താസമ്മേളനം നടത്താമെന്നും പറഞ്ഞിരുന്നു. ബംഗാളിൽ പോയി നടിയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുകേഷിന്റെ ജാമ്യാപേക്ഷ എതിർക്കും
പീഡനക്കേസിൽ നടൻ മുകേഷ് എം.എൽ.എയ്ക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കും. മുകേഷിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്നും അറിയിക്കും. വിശദമായ അന്വേഷണം വേണമെന്നാണ് പ്രത്യേക സംഘത്തിന്റെ നിലപാട്. മരട് പൊലീസാണ് മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. പരാതിക്കാരിയെ മുകേഷിന്റെ കൊച്ചിയിലെ വില്ലയിലെത്തിച്ച് തെളിവെടുത്തിരുന്നു.
സിനിമാപ്രവർത്തകർ ജാഗ്രത
പാലിക്കണമെന്ന് മമ്മൂട്ടി
തിരുവനന്തപുരം: അനഭിലഷണീയമായ സംഭവങ്ങൾ ഒഴിവാക്കാൻ സിനിമാപ്രവർത്തകർ ശ്രദ്ധിക്കണമെന്നും ജാഗരൂകരാകണമെന്നും മമ്മൂട്ടി. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ചിലത് നടന്നതിനെ തുടർന്നാണ് സിനിമാമേഖലയെക്കുറിച്ച് പഠിക്കാൻ ജസ്റ്റിസ് ഹേമ കമ്മറ്റിയെ സർക്കാർ നിയോഗിച്ചത്. പരിഹാരങ്ങൾ നിർദ്ദേശിക്കാനും നടപടികൾ ശുപാർശ ചെയ്യാനുമാണ് കമ്മിറ്റി രൂപീകരിച്ചതെന്നും മമ്മൂട്ടി പറഞ്ഞു.
കുറിപ്പ് തുടരുന്നത് ഇങ്ങനെ
സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് സിനിമ. സമൂഹത്തിലെ എല്ലാ നന്മതിന്മകളും സിനിമയിലുമുണ്ട്. സിനിമാമേഖല സമൂഹം സൂക്ഷ്മമായി ശ്രദ്ധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ അവിടെ സംഭവിക്കുന്ന ചെറുതും വലുതുമായ എല്ലാകാര്യങ്ങളും വലിയ ചർച്ചയ്ക്കിടയാക്കും.
ഈ രംഗത്ത് അനഭിലഷണീയമായതൊന്നും സംഭവിക്കാതിരിക്കാൻ സിനിമാപ്രവർത്തകർ ശ്രദ്ധിക്കേണ്ടതും ജാഗരൂകരാകേണ്ടതുമാണ്. ഒരിക്കലും സംഭവിക്കാൻപാടില്ലാത്ത ചിലത് സംഭവിച്ചതിനെത്തുടർന്ന് സിനിമാമേഖലയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് തയ്യാറാക്കി പരിഹാരങ്ങൾ നിർദ്ദേശിക്കാനും നടപടികൾ ശുപാർശ ചെയ്യാനും സർക്കാർ രൂപീകരിച്ചതാണ് ജസ്റ്റിസ് ഹേമ കമ്മറ്റി. ആ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന നിർദ്ദേശങ്ങളെയും പരിഹാരങ്ങളെയും സർവ്വാത്മനാസ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. അവ നടപ്പാക്കാൻ സിനിമാമേഖലയിലെ എല്ലാ കൂട്ടായ്മകളും വേർതിരിവുകളില്ലാതെ കൈകോർത്തുനിൽക്കേണ്ട സമയമാണിത്.
ഇപ്പോൾ ഉയർന്നുവന്ന പരാതികളിന്മേൽ പൊലീസ് അന്വേഷണം ശക്തമായി മുന്നോട്ടുപോകുന്നു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം കോടതിയുടെ മുന്നിലുമാണ്. പൊലീസ് സത്യസന്ധമായി അന്വേഷിക്കട്ടെ. ശിക്ഷാവിധികൾ കോടതി തീരുമാനിക്കട്ടെ. സിനിമയിൽ ഒരു 'ശക്തികേന്ദ്ര'വുമില്ല. അങ്ങനെയൊന്നിന് നിലനില്ക്കാൻ പറ്റുന്ന രംഗവുമല്ല സിനിമ. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പ്രായോഗികമായ ശുപാർശകൾ നടപ്പാക്കണമെന്നും അതിന് നിയമതടസ്സങ്ങളുണ്ടെങ്കിൽ ആവശ്യമായ നിയമനിർമ്മാണം നടത്തണമെന്നും അഭ്യർത്ഥിക്കുന്നു. ആത്യന്തികമായി സിനിമ നിലനിൽക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |