പ്രവർത്തനമില്ലെങ്കിലും പ്രഖ്യാപനങ്ങൾക്ക് ഒരു കുറവുമില്ലാത്ത നാടാണ് നമ്മുടേത്. കായിക രംഗവും വ്യത്യസ്തമല്ല. ഒളിമ്പിക്സിൽ മെഡൽ നേടാനായി എത്ര പദ്ധതികളാണ് നമ്മുടെ കായിക വകുപ്പും സ്പോർട്സ് കൗൺസിലുമൊക്കെ ആവിഷ്കരിച്ചതെന്ന് നോക്കൂ. ഓപ്പറേഷൻ ഒളിമ്പ്യ, ഗോ ഫോർ ഗോൾഡ്, എലൈറ്റ് സ്കീം തുടങ്ങി സ്പോർട്സ് കൗൺസിലിന്റെ മാറി വരുന്ന ഭരണസമിതികൾ നടപ്പിലാക്കിയ പദ്ധതികൾ പലതും തുടങ്ങിയേടത്തുതന്നെ ഒടുങ്ങി. ഇതിൽനിന്നൊന്നും ഒരു ഒളിമ്പിക് മെഡൽ വന്നില്ലെന്ന് മാത്രമല്ല കഴിഞ്ഞ രണ്ട് ഒളിമ്പിക്സുകളിൽ ഒരു മലയാളി വനിതാതാരത്തെ ഇന്ത്യൻ ടീമിൽ എത്തിക്കാൻ കഴിഞ്ഞതുമില്ല.
ഈ വർഷമാദ്യം കായിക വകുപ്പ് വലിയ ആഘോഷമായി സംഘടിപ്പിച്ച കായിക ഉച്ചകോടിയുടെ കഥയും ഇതൊക്കെതന്നെ. കോടികളുടെ നിക്ഷേപം വരുമെന്ന് പറഞ്ഞ് മാസങ്ങൾ കഴിഞ്ഞെങ്കിലും ഇതുവരെ തുടർചലനങ്ങളൊന്നുമുണ്ടായില്ല. മെസിയുടെ നേതൃത്വത്തിൽ ലോകകപ്പ് നേടിയ അർജന്റീന ടീമിനെ കേരളത്തിൽ കൊണ്ടുവന്ന് കളിപ്പിക്കുമെന്നൊരു വമ്പൻ പ്രഖ്യാപനവും ഇതിനിടയിൽ കായിക മന്ത്രി നടത്തി. അതിനുവേണ്ട കോടികൾ കേരളത്തിൽ നിന്ന് പിരിച്ചെടുക്കുമത്രേ. മെസി വന്ന് കളിച്ചതുകൊണ്ട് കേരളത്തിലെ കായികരംഗം രക്ഷപെടുമെന്ന കിനാവിൽ നിന്ന് ഉണരാൻ വൈകിയിരിക്കുന്നു. നമ്മുടെ കായികരംഗത്തെ മാന്ദ്യം മാറ്റാനുള്ള മാന്ത്രിക വടി മെസിയുടെ കയ്യിലല്ല, കായിക മന്ത്രിയുടെ കയ്യിൽതന്നെയാണുള്ളത്. അത് വേണ്ടപോലെ ഉപയോഗിക്കണമെന്നുമാത്രം.
മെസിയെകൊണ്ടുവരാനും ഉച്ചകോടി നടത്താനുമൊക്കെ ഉദ്ദേശിക്കുന്ന പണംകൊണ്ട് നമ്മുടെ സ്പോർട്സ് ഹോസ്റ്റലുകളിൽ പരിശീലിക്കുന്ന കുട്ടികൾക്ക് ജഴ്സിയും ബൂട്ടും വാങ്ങിക്കൊടുക്കണം സർ. അവർക്ക് നല്ല ഭക്ഷണവും സുരക്ഷിതമായ താമസവും മികച്ച പരിശീലകരെയും ഉറപ്പാക്കണം സാർ. ഒളിമ്പ്യന്മാരൊക്കെ താനേ പിറവിയെടുത്തോളും. മികച്ച കായിക മുകുളങ്ങളെ കണ്ടെത്തുകയാണ് പ്രധാനം. അവരെ ദേശീയ നിലവാരത്തിലേക്ക് രൂപപ്പെടുത്തിയെടുത്തുകയാണ് ചുമതല. ഒളിമ്പിക്സിനുള്ള താരങ്ങൾക്ക് വേണ്ടി കോടിക്കണക്കിന് രൂപ കേന്ദ്ര സർക്കാർ ചെലവിടുന്നുണ്ട്. താരങ്ങളെ ചെറുപ്പത്തിൽതന്നെ കണ്ടെത്തി അവിടേക്ക് എത്തിക്കാൻ കഴിയാത്തതാണ് നമ്മുടെ ഇപ്പോഴത്തെ പിന്നോക്കാവസ്ഥയ്ക്ക് കാരണം.
നമുക്ക് വേണം കായിക അദ്ധ്യാപകർ
അന്തർദേശീയ തലത്തിൽ മികവുകാട്ടിയ ഏത് കായിക താരത്തേയും എടുത്തുനോക്കൂ,സ്കൂൾ തലത്തിൽ ഏതെങ്കിലുമൊരു കായിക അദ്ധ്യാപകൻ കണ്ടെത്തി കൈപിടിച്ചതാകും ഈ രംഗത്തേക്ക്. നമുക്കിപ്പോൾ ഇല്ലാതെപോകുന്നത് അത്തരം കായികാദ്ധ്യാപകരെയാണ്. 500 കുട്ടികൾ ഇല്ലെങ്കിൽ ഏഴാം ക്ളാസ് വരെയുള്ള സ്കൂളിൽ കായിക അദ്ധ്യാപകനെന്നല്ല സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരെയാരെയും നിയമിക്കില്ല. അഞ്ചു ഡിവിഷൻ ഉള്ള ഹൈസ്കൂളുകളിൽ ഒരു കായികാദ്ധ്യാപകനുണ്ടാകും. പ്രീ ഡിഗ്രി വേർപെടുത്തി പ്ലസ് ടുവാക്കി കാൽനൂറ്റാണ്ടായിട്ടും പ്രീഡിഗ്രിയിൽ നിലവിലുണ്ടായിരുന്ന കായികാദ്ധ്യാപക തസ്തികകൾ പ്ലസ് ടുവിൽ അനുവദിച്ചിട്ടില്ല. ഇവരുടെ ചുമതലയും ഹൈസ്കൂളിലെ പി.ടി ടീച്ചർക്ക് തന്നെയാണ്; മാസം 300 രൂപ അധികവേതനം നൽകും. ചുരുക്കത്തിൽ ഒന്നുമുതൽ 12-ാം ക്ളാസ് വരെയുള്ള സ്കൂളിൽ ഒരൊറ്റ കായികാദ്ധ്യാപകനായിരിക്കും ഉണ്ടാവുക. ഇദ്ദേഹത്തിന്റെ പ്രധാന ചുമതല സ്കൂളിന്റെ ഡിസിപ്ളിൻ നോക്കലുമായിരിക്കും !
കായിക അദ്ധ്യാപകനും ഗ്രൗണ്ടും ഇല്ലാത്ത എൻജിനീയറിംഗ് കോളേജുകൾക്ക് കേന്ദ്ര അനുമതി ലഭിക്കില്ല. അതുപോലെ നമ്മുടെ എല്ലാ സ്കൂളുകളിലും കായികാദ്ധ്യാപകനുണ്ടായിരിക്കണം എന്ന് നിയമം വരണം.സ്ഥിരനിയമനത്തിന് പണം തടസമാണെങ്കിൽ താത്‌കാലികമായെങ്കിലും നിയമിക്കാൻ സർക്കാർ തയ്യാറാണം. കായിക താരങ്ങളെ കണ്ടെത്താൻ മാത്രമല്ല, എല്ലാ കുട്ടികളുടെയും ശരിയായ ശാരീരിക- മാനസിക വളർച്ചയ്ക്കും മയക്കുമരുന്നുപോലുള്ള ദുഷിപ്പുകളിൽ നിന്ന് അകറ്റിനിറുത്താനും കായിക പരിശീലനം വഴിയൊരുക്കും.
സ്പോർട്സ് കൗൺസിലിന്റെ ദുരവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാൻ സർക്കാരിന്റെ കായിക-യുവജനക്ഷേമ ഡയറക്ടറേറ്റുമായി ലയിപ്പിക്കുകയാണ് വേണ്ടതെന്ന ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. അതേപ്പറ്റി നാളെ
( തുടരും)
കൗൺസിൽ ഉഷാറായി,
ഞായറാഴ്ചയും ജോലി
പ്രവർത്തനങ്ങളിലെ കെടുകാര്യസ്ഥതയെക്കുറിച്ചുള്ള കേരള കൗമുദി പരമ്പരയ്ക്ക് പിന്നാലെ സംസ്ഥാന സ്പോർട്സ് കൗൺസിൽ ജീവനക്കാർ ഞായറാഴ്ചയായ ഇന്നലെയും ജോലി ചെയ്ത് പോരായ്മകൾ പരിഹരിക്കാനുള്ള ശ്രമം തുടങ്ങി. സർക്കാരിൽ നിന്ന് ലഭിക്കാനുള്ള ഫണ്ടുകൾ വേഗത്തിലാക്കാനായി കഴിഞ്ഞ ദിവസം പ്രസിഡന്റ് ജീവനക്കാരുടെ അടിയന്തരയോഗം വിളിച്ചിരുന്നു. സ്ഥിരജീവനക്കാരുടെ കഴിഞ്ഞ മാസത്തെ ശമ്പളവും വിതരണം ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |