ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധനയ്ക്ക് അനുമതി. മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര ജലകമ്മീഷൻ അംഗീകരിക്കുകയായിരുന്നു. ഇപ്പോൾ പരിശോധിക്കേണ്ടതില്ലെന്ന തമിഴ്നാട് വാദം കമ്മിഷൻ തള്ളി. 12 മാസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണ് നിർദേശം.
സുപ്രീംകോടതി നിയോഗിച്ച എംപവേർഡ് കമ്മിറ്റി 2011ലാണ് ഇതിന് മുൻപ് ഇങ്ങനെ ഒരു വിശദ പരിശോധന നടത്തിയത്. സ്വതന്ത്ര വിദഗ്ദന്മാർ ഉൾപ്പെടുന്ന സമിതി കേരളം നിർദേശിക്കുന്ന അജൻഡ കൂടി ഉൾപ്പെടുത്തി അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷ, ഭൂകമ്പ പ്രതിരോധ സുരക്ഷ, പ്രളയ സുരക്ഷ, ഓപ്പറേഷണൽ സുരക്ഷ എന്നിവ പരിശോധിക്കും.
പത്തുവർഷത്തിലൊരിക്കൽ രാജ്യത്തെ പ്രധാന ഡാമുകളിൽ സുരക്ഷാപരിശോധന ആവശ്യമാണെന്നാണ് കേന്ദ്ര ജലകമ്മിഷന്റെ സുരക്ഷാ പുസ്തകത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. 2011ലാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ അവസാനമായി സമഗ്ര സുരക്ഷാ പരിശോധന നടന്നത്. അണക്കെട്ടിൽ അറ്റകുറ്റപ്പണിക്ക് സുപ്രീംകോടതി തമിഴ്നാടിന് 2014ൽ നിർദേശം നൽകിയിരുന്നു. ഇതിന്റെ പിന്നാലെയാണ് മേൽനോട്ട സമിതിയുടെ അംഗീകാരത്തോടെ അറ്റകുറ്റപ്പണിക്കായി തമിഴ്നാട് നീക്കം നടത്തിയത്.
കേരളത്തിന്റെ ആശങ്കകൾ കണക്കിലെടുത്ത് അണക്കെട്ടിൽ സമഗ്ര സുരക്ഷാ പരിശോധന ആവശ്യമാണെന്ന് ഡോ. ജോ ജോസഫ് നൽകിയ പൊതുതാല്പര്യഹർജിയിൽ 2022 ഫെബ്രുവരിയിൽ സുപ്രീംകോടതി വിധിച്ചിരുന്നു. എന്നാൽ അണക്കെട്ടിൽ ആദ്യം അറ്റകുറ്റപ്പണി നടക്കട്ടെ അതിന് ശേഷം സമഗ്ര സുരക്ഷാപരിശോധന എന്നതായിരുന്നു തമിഴ്‌നാട് നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |