തൃശൂർ : പ്രശസ്ത സംഗീത സംവിധായകൻ മോഹൻ സിത്താര ബി.ജെ.പി അംഗത്വം സ്വീകരിച്ചു. തൃശൂരിൽ നടന്ന ചടങ്ങിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ. അനീഷ് കുമാർ ആണ് പാർട്ടി അംഗത്വം നൽകിയത്. ജില്ലാതല മെമ്പർഷിപ്പ് കാമ്പെയിനിന് തുടക്കം കുറിച്ചായിരുന്നു ചടങ്ങ് നടന്നത്.
സ്വീകരണ ചടങ്ങിൽ ബി.ജെ.പി തൃശൂർ മണ്ഡലം പ്രസിഡന്‍റ് രഘുനാഥ് സി ,മേനോൻ, സംസ്ഥാന കമ്മിറ്റിയംഗം മുരളി കൊളങ്ങാട്ട്, മണ്ഡലം ജനറൽ സെക്രട്ടറി സുശാന്ത് അയിനിക്കുന്നത്ത് എന്നിവരും പങ്കെടുത്തു.ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ബിജെപി അംഗത്വ കാംപയിനിന് തുടക്കമിട്ടത്. ഒക്ടോബർ 15 വരെയാണ് കാമ്പെയിൻ കാലയളവ്. അതേസമയം, ബി.ജെ.പിയിൽ ചേർന്നതിനെ കുറിച്ച് മോഹൻ സിത്താര പ്രതികരിച്ചിട്ടില്ല.
മൂന്നര പതിറ്റാണ്ടായി മലയാള സിനിമയിൽ പശ്ചാത്തല സംഗീത-സംഗീത സംവിധാന രംഗത്ത് സജീവമാണ് മോഹൻ സിത്താര. 1986ൽ രഘുനാഥ് പാലേരി ചിത്രം 'ഒന്നു മുതൽ പൂജ്യം വരെ'യിലൂടെയായിരുന്നു അരങ്ങേറ്റം. ചാണക്യൻ, ഹിസ് ഹൈനസ് അബ്ദുള്ള , വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കാവടിയാട്ടം, ദാദാ സാഹിബ്, ജോക്കർ, വെള്ളരിപ്രാവിന്റെ ചങ്ങാതി, സൂഫി പറഞ്ഞ കഥ, ഭ്രമരം, രാക്ഷസരാജാവ്, ദാദാ സാഹിബ്, വല്യേട്ടൻ, തന്മാത്ര തുടങ്ങി നിരവധി ചിത്രങ്ങൾക്ക് പശ്ചാത്തല സംഗീതമൊരുക്കി. 700ലേറെ ഗാനങ്ങൾക്ക് ഈണം നൽകുകയും ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |