
കണ്ണൂർ: തടവുകാരുടെ വേതനം വർദ്ധിപ്പിച്ചതിനെ എതിർക്കുന്നത് ശരിയല്ലെന്ന് സിപിഎം നേതാവ് ഇ പി ജയരാജൻ. ജയിലിലുള്ളത് പാവങ്ങളല്ലേയെന്നും അവർക്ക് ജയിലിൽ അതാവശ്യ സാധനങ്ങൾ വാങ്ങാൻ കൂലി ഉപകരിക്കുമെന്നും ജയരാജൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
'ജയിലിലെ തടവുകാരുടെ വേതനം വർദ്ധിപ്പിച്ചതിനെ എന്തിനാണ് എതിർക്കുന്നത്. അത് പാവങ്ങളല്ലേ? പല സാഹചര്യങ്ങളായി കുറ്റവാളികളായിപ്പോയി. ആ കുറ്റവാളികൾ ശിക്ഷിക്കപ്പെട്ട് ജയിലിൽ കിടക്കുകയാണ്. അവർക്ക് വേതനം വർദ്ധിപ്പിച്ചത് എന്തിനാണ് എതിർക്കുന്നത്. അതിനെ എതിർക്കുന്നത് തെറ്റായ നിലപാടാണ്'- എന്നാണ് ഇ പി ജയരാജൻ പറഞ്ഞത്.
ജയിലുകളിലെ തടവുകാരുടെ വേതനം ഏഴ് വർഷത്തിന് ശേഷമാണ് വർദ്ധിപ്പിച്ചത്. ഇതുസംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. ജയിൽ മേധാവിയുടെ ശുപാർശ അംഗീകരിച്ചാണിത്. സ്കിൽഡ് വിഭാഗത്തിൽ 620, സെമി സ്കിൽഡ് വിഭാഗത്തിൽ 560, അൺ സ്കിൽഡ് വിഭാഗത്തിൽ 530 എന്നിങ്ങനെയാണ് പുതുക്കിയ പ്രതിദിന വേതനം. നിലവിൽ സ്കിൽഡ് - 152,സെമി സ്കിൽഡ് - 127, അൺസ്കിൽഡ് - 63 എന്നിങ്ങനെയാണ് വേതനം. ഇത്രയും വലിയ തുക കൂട്ടുന്നത് ആദ്യമാണ്. വേതനത്തിൽ 30ശതമാനം ഇരകൾക്കുള്ള നഷ്ടപരിഹാര ഫണ്ടിലേക്ക് പിടിക്കും. കഠിനതടവിന് വിധിക്കപ്പെട്ടവർ നിർബന്ധമായും, അല്ലാത്തവർ താൽപര്യമനുസരിച്ചും ജോലി ചെയ്യണം. മരത്തിലെ കൊത്തുപണി, തയ്യൽ, നെയ്ത്ത് തുടങ്ങിയ അതിവിദഗ്ധ തൊഴിലുകൾ ചെയ്യുന്നവർക്കാണ് 620 രൂപ ശമ്പളം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |