ബെംഗളുരു : ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന നാഷണൽ ഓപ്പൺ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 6.71 മീറ്റർ ചാടി സ്വർണം നേടിയ സർവീസസിന്റെ മലയാളി ലോംഗ്ജമ്പ് താരം ആൻസി സോജൻ മീറ്റിലെ മികച്ച വനിതാ താരത്തിനുള്ള പുരസ്കാരവും സ്വന്തമാക്കി. മീറ്റിന്റെ അവസാന ദിവസമായ ഇന്നലെ 6.74 മീറ്റർ എന്ന അഞ്ജു ബോബി ജോർജ് 2002ൽ കുറിച്ച റെക്കാഡിന് ഒപ്പമെത്താനുള്ള അവസരം വെറും രണ്ട് സെന്റീമീറ്റർ വ്യത്യാസത്തിലാണ് ആൻസിക്ക് നഷ്ടമായത്. അടുത്ത സീസണിന് മികച്ച ആത്മവിശ്വാസം പകരുന്നതാണ് ഈ പ്രകടനമെന്ന് മത്സരശേഷം ആൻസി പറഞ്ഞു.
അതേസമയം 1985ൽ സാക്ഷാൽ പി.ടി ഉഷ സ്ഥാപിച്ച 56.80 സെക്കൻഡിന്റെ റെക്കാഡ് തിരുത്തിക്കുറിച്ച് 400 മീറ്റർ ഹർഡിൽസിൽ 56.23 സെക്കൻഡിൽ ഫിനിഷ് ചെയ്ത് തമിഴ്നാടിന്റെ വിദ്യ രാംരാജ് സ്വർണം നേടി. പുരുഷ 200 മീറ്ററിൽ 20.66 സെക്കൻഡിൽ ഫിനിഷ് ചെയ്ത തമിഴ്നാടിന്റെ നിതിനും മീറ്റ് റെക്കാഡ് നേടി. കഴിഞ്ഞ വർഷം അനിമേഷ് കുജുർ കുറിച്ച 20.74 സെക്കൻഡാണ് നിതിൻ മറികടന്നത്. പുരുഷ ട്രിപ്പിൾ ജമ്പിൽ കേരളത്തിന്റെ സെബാസ്റ്റ്യൻ വെങ്കലം നേടി.
137 പോയിന്റുമായി സർവീസസാണ് മീറ്റിലെ പുരുഷ വിഭാഗം ചാമ്പ്യൻസായത്. റെയിൽവേയ്സാണ് വനിതാ വിഭാഗം ജേതാക്കൾ. ഓവറാൾ കിരീടവും റെയിൽവേയ്സിനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |