കൊച്ചി: തമിഴ് ഗായിക സുചിത്ര തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരിച്ച് റിമ കല്ലിങ്കൽ. തനിക്കെതിരെുള്ള ആരോപണങ്ങൾ എല്ലാം അടിസ്ഥാനരഹിതമാണെന്നും അവർക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും റിമ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിൽ വ്യക്തമാക്കി.
ലഹരിക്കേസുമായി ബന്ധപ്പെട്ട് എന്റെ അറസ്റ്റിനെക്കുറിച്ച് അവർ ഒരു വാർത്ത വായിച്ചുവെന്ന അടിസ്ഥാനരഹിതമായ പ്രസ്താവന ശ്രദ്ധനേടി. ഇത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്ന് റിമ കല്ലിങ്കൽ വ്യക്തമാക്കി. സംഭവത്തിൽ ഞാൻ നടപടി സ്വീകരിക്കാൻ തീരുമാനിച്ചെന്നും പ്രത്യേക അന്വേഷണസംഘത്തിന് മുന്നിൽ പരാതി സമർപ്പിക്കുകയും മാനനഷ്ടത്തിന് നോട്ടീസ് അയക്കുകയും ചെയ്‌തെന്നും റിമ വ്യക്തമാക്കി.
റിമയുടെ വാക്കുകളിലേക്ക്...
'ഒരുപാട് പേർ വർഷങ്ങളായി ഡബ്ല്യൂസിസിക്ക് പിന്തുണയുമായി വർഷങ്ങളായി കൂടെ നിൽക്കുന്നു. ഈ വിശ്വാസവും പിന്തുണയുമാണ് എന്നെക്കൊണ്ട് ഈ കുറിപ്പ് എഴുതാൻ പ്രേരിപ്പിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി ഗായിക സുചിത്ര ഒരു യൂട്യൂബ് ചാനലുമായി നടത്തിയ അഭിമുഖത്തിലെ ചില പരാമർശങ്ങൾ വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2017ലെ ലൈംഗികാതിക്രമത്തിലെ അതിജീവിതയുടെ പേര് പറഞ്ഞ് അവരെ പരിഹസിക്കുക മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയൻ, മമ്മൂട്ടി, മോഹൻലാൽ, എന്നിവർ ചേർന്ന ഹേമ കമ്മിറ്റി പോലുള്ള റിപ്പോർട്ടിലൂടെ ഫഹദ് ഫാസിൽ പോലുള്ള നടന്മാരുടെ കരിയർ തകർക്കാൻ ശ്രമിക്കുന്നുവെന്നും അവർ ആരോപിക്കുന്നു.
ഹേമ കമ്മിറ്റി രൂപീകരിച്ചത് എന്തിനാണെന്ന് നമുക്ക് എല്ലാവർക്കും അറിയാം. ആ ഉദ്ദേശ ശുദ്ധിയെ അധിക്ഷേപിക്കുന്നവരെ ചോദ്യം ചെയ്യുക തന്നെ വേണം. ഇവരുടെ വെളിപ്പെടുത്തലുകൾ മുഖ്യധാരാ മാദ്ധ്യമങ്ങളുടെ വാർത്തകളിൽ ഇടം നേടിയില്ല. എങ്കിലും എന്റെ അറസ്റ്റിനെക്കുറിച്ച് അവർ ഒരു വാർത്ത വായിച്ചുവെന്ന അടിസ്ഥാനരഹിതമായ പ്രസ്താവന ശ്രദ്ധനേടി.
ഇത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്ന് ഞാൻ വ്യക്തമാക്കട്ടെ. സംഭവത്തിൽ ഞാൻ നിയമ നടപടി സ്വീകരിക്കാൻ തീരുമാനിച്ചു. പ്രത്യേക അന്വേഷണസംഘത്തിന് മുന്നിൽ പരാതി സമർപ്പിക്കുകയും മാനനഷ്ടത്തിന് നോട്ടീസ് അയക്കുകയും ചെയ്തു. ഞങ്ങളുടെ ലക്ഷ്യത്തിൽ വിശ്വസിക്കുന്നവരോട്, നമുക്ക് ഒന്നിച്ച് മുന്നോട്ട് നീങ്ങാം. പിന്തുണയ്ക്ക് നന്ദി'
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |