തൃശൂർ: ഇനി ഉച്ചഭക്ഷണം മാത്രമല്ല, പ്രഭാതഭക്ഷണം മുതൽ അത്താഴം വരെ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് ഓൺലൈൻ വഴി തീൻമേശയിലെത്തും. ഭക്ഷണത്തിനൊടുവിൽ മധുരം നുണയാനിഷ്ടപ്പെടുന്നവർക്കായി കോംബോ ബ്രൗണീസും ലഭിക്കും.
സംസ്ഥാനത്തെ ജയിലുകളിൽ ആദ്യമായി ഓൺലൈൻ ഭക്ഷ്യ വില്പന നടത്തി റെക്കോർഡിട്ടതിന് പിന്നാലെയാണ് വിയ്യൂർ സെൻട്രൽ ജയിൽ ' ഫ്രീഡം ഫുഡ് ഫാക്ടറിയിലെ"പരമാവധി വിഭവങ്ങൾ ഓൺലൈൻ വഴിയാക്കുന്നത്.
കോംബോ പ്രാതൽ, കോംബോ ബ്രൗണീസ്, ചപ്പാത്തി കോംബോ, ചിക്കൻ ബിരിയാണി കോംബോ എന്നീ വിഭവങ്ങളാണ് പുറത്തിറക്കുന്നത്.
ഒരു ചിക്കൻ ബിരിയാണി ഉൾപ്പെടെ 127 രൂപയുടെ കോംബോ ലഞ്ച് 'സ്വിഗി" വഴിയായിരുന്നു പുറത്തെത്തിയത്.
കച്ചവടം പൊടിപൊടിച്ചതോടെ 'ഊബർ ഈറ്റ്‌സും സൊമാറ്റോ"യുമെത്തി.
രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചുവരെയാണ് വിതരണം. താമസിയാതെ മുഴുവൻ വിഭവങ്ങളും ഓൺലൈൻ വഴിയാക്കും.
വിതരണക്കാർ: ഊബർ ഈറ്റ്‌സ്
കോംബോ പ്രാതൽ: വില- 82 രൂപ
അഞ്ച് ഇഡ്ഡലി, സാമ്പാർ, ചട്ട്ണി, അഞ്ച് ചപ്പാത്തി, വെജ്ജ്/എഗ് കറി, ഒരു പ്‌ളം കേക്ക് പീസ്
വിതരണ സമയം: രാവിലെ 8 മുതൽ 10 വരെ.
കോംബോ ബ്രൗണീസ്: വില- 157 രൂപ
350 ഗ്രാം പ്ളം കേക്ക്, 4 കപ് കേക്ക്, ഒരു പാക്കറ്റ് സ്ളൈസ്ഡ് ബ്രഡ്
വിതരണ സമയം: രാവിലെ 10 മുതൽ വൈകിട്ട് 5 വരെ
..........
വിതരണക്കാർ : സൊമാറ്റോ
ചപ്പാത്തി കോംബോ: വില-88 രൂപ
അഞ്ച് ചപ്പാത്തി, ചില്ലി ചിക്കൻ, പ്ളം കേക്ക് പീസ്
സമയം: ഉച്ചയ്ക്ക് 12 മുതൽ 2 വരെ
ചിക്കൻ ബിരിയാണി കോംബോ : വില- 88 രൂപ
ചിക്കൻ ബിരിയാണി, കപ് കേക്ക്
വിതരണ സമയം : ഉച്ചയ്ക്ക് 12 മുതൽ 2 വരെ
ജയിൽ കവാടത്തിലെ വില്പന കൗണ്ടറിലൂടെ പ്രതിദിനം ഒന്നരലക്ഷം രൂപയുടെ വിറ്റുവരവുണ്ട്. കൂടാതെ മൊബൈൽ സെയിൽസ് വാൻ വഴിയും വില്പനയുണ്ട്.
- നിർമ്മലാനന്ദൻ, വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |