മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് "ബറോസ്". അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ബറോസിനുണ്ട്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ ചിത്രത്തിന്റെ വിസ്‌മയക്കാഴ്ചകളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മോഹൻലാൽ.
'എന്നെ സംബന്ധിച്ച് ജീവിതത്തിൽ നടന്ന പല കാര്യങ്ങളും പ്ലാൻ ചെയ്ത് നടന്നതല്ല. ഇന്ത്യയിൽ ആരും ചെയ്യാത്ത, പുറത്ത് ചെയ്തിട്ടുണ്ടോയെന്ന് എനിക്കറിയില്ല. ത്രിഡി പ്ലേ ആണ്, അങ്ങനെ ആരും ചെയ്തിട്ടില്ല. അതായത് കണ്ണാടി വച്ച് കാണണം. അതത്ര എളുപ്പമല്ല. അതിന്റെ കാസ്റ്റിംഗ് എല്ലാം പുറത്തുനിന്നാണ്. സ്‌പെയിനിൽ നിന്നുണ്ട്.
പോർച്ചുഗലിൽ നിന്നും ഗ്രീസിൽ നിന്നുമൊക്കെയുള്ള താരങ്ങളുണ്ട്. അഭിനയിച്ചവരിൽ ഇന്ത്യക്കാരില്ല. ഞാനും പിന്നെ രണ്ടോ മൂന്നോ പേരേയുള്ളൂ. പ്രണവ് ഉണ്ടെന്നോ ഇല്ലെന്നോ പറയുന്നില്ല. പറഞ്ഞാൽ അതിന്റെ രസം പോയില്ലേ. ഞാൻ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെയാണ് സിനിമയിലേക്ക് വന്നത്. അവരുടെ തന്നെ ഒരു പ്രൊജക്ട് എന്റെയടുത്തേക്ക് വരുന്നു. ഇതൊരു വലിയ ചാൻസ് ആണ്. അങ്ങനെയായി. അവസാനം ഞാൻ സംവിധാനം ചെയ്യാമെന്ന് പറഞ്ഞു.
ഒരുപാട് പ്രത്യേകതയുള്ള സിനിമയാണ്. ത്രിഡി സിനിമയാണ്. മുഴുവൻ പുറത്തുനിന്നുള്ള താരങ്ങളാണ്. വളരെ ചിൽഡ്രൻസ് ഫ്രണ്ട്ലി ചിത്രമാണ്.ഒരു കുട്ടിയുടെയും ഗോസ്റ്റിന്റെയും കഥയാണ്.'- മോഹൻലാൽ പറഞ്ഞു.
'സാധാരണ ത്രിഡി ഫിലിം എന്ന് പറഞ്ഞ് കാണുന്നതെല്ലാം 2ഡി ആണ്. അതിനെയാണ് ത്രീഡി ആക്കുന്നത്. എന്നാൽ ഇത് രണ്ട് ത്രിഡി ക്യാമറയാണ്. അതായത് രണ്ട് ക്യാമറവച്ചാണ് ഷൂട്ട് ചെയ്തത്. രണ്ട് കണ്ണുകൾ പോലെ. എന്നിട്ട് അതിനെ അലൈൻ ചെയ്യും. അതിനെ പ്രോസസ് ചെയ്യും. ഇതിൽ ഞാനൊരു കഥാപാത്രവും അതിന്റെ കൂടെ ഒരു ആനിമേറ്റഡ് കഥാപാത്രവും ഉണ്ട്. ഇന്ത്യൻ സിനിമയിൽ വന്നിട്ടില്ല ഇത്.'- അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |