SignIn
Kerala Kaumudi Online
Monday, 11 November 2024 2.51 PM IST

ഒളിപ്പോരോ... ? കൊട്ടാര വിപ്ളവമോ?...

Increase Font Size Decrease Font Size Print Page
cpm

തിരുവനന്തപുരം: സി.പി.എമ്മിന് ഇതെന്തുപറ്റി?മുഖ്യമന്ത്രിയുടെ ഓഫീസിൽ എന്താണ് സംഭവിക്കുന്നത്?പി.വി.അൻവർ ആരോപണം ഉന്നയിച്ചതിനു പിന്നിൽ സി.പി.എം നേതൃത്വത്തിലേ ആരെങ്കിലുമുണ്ടോ? അൻവർ ഒതുങ്ങിയോ? ഇല്ലയോ? പി.ശശി പുറത്താകുമോ?കണ്ണൂർ ലോബി ഛിന്നഭിന്നമായോ?പാർട്ടി കോൺഗ്രസിനു മുന്നോടിയായി സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിച്ച വേളയിൽ ഈ ചോദ്യങ്ങൾ സി.പി.എം നേതൃത്വത്തെ തുറിച്ചു നോക്കുകയാണ്.

വിഭാഗീയതയെ വെല്ലും

വി.എസ്.അച്യുതാനന്ദൻ --പിണറായി വിജയൻ വിഭാഗീയത കത്തിനിന്ന സന്ദർഭങ്ങളിൽപ്പോലും നേരിടേണ്ടി വന്നിട്ടില്ലാത്ത പ്രതിസന്ധിയിലകപ്പെട്ടിരിക്കുകയാണ് പാർട്ടി. പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയുടെ പേരിൽ ഇ.പി.ജയരാജനെ എൽ.എഡി.എഫ് കൺവീനർ സ്ഥാനത്തു നിന്ന് നീക്കിയതും, അച്ചടക്ക നടപടിയുടെ ഭാഗമായി പി.കെ.ശശിയെ തരംതാഴ്ത്തിയതും സി.പി.എം തെറ്റുതിരുത്തൽ പ്രക്രിയയിലേക്ക് കടക്കുന്നുവെന്ന പ്രതീതി സൃഷ്ടിച്ച വേളയിലാണ്, പാർട്ടി പിന്തുണയിൽ എം.എൽ.എയായ പി.വി.അൻവറിന്റെ സ്‌ഫോടനാത്മകമായ വെളിപ്പെടുത്തൽ വന്നത്. ഒറ്റനോട്ടത്തിൽ ഇത് പി.ശശിയെയും എ.ഡി.ജി.പി എം.ആർ.അജിത്കുമാറിനെയും ലക്ഷ്യം വച്ചായിരുന്നെങ്കിലും പരോക്ഷമായി അത് നീളുന്നത് മുഖ്യമന്ത്രിയിലേക്കാണെന്നതിനാലാണ് അൻവറിനു പിന്നിൽ പാർട്ടി നേതൃത്വത്തിലെതന്നെ ആരെങ്കിലും ഉണ്ടോ? എന്ന ചോദ്യം ഉയർന്നത്. അൻവർ പാർട്ടി അംഗം അല്ലെങ്കിലും കണ്ണൂരിലെ പി.ജയരാജൻ , മലപ്പുറത്തു നിന്നുള്ള പി.ബി.അംഗം എ.വിജയരാഘവൻ അടക്കം പല സി.പി.എം നേതാക്കളുമായും ഉറ്റബന്ധമാണ് പുലർത്തി വരുന്നത്. ആരോപണം ഉന്നയിക്കാൻ അൻവർ കണ്ടെത്തിയ സമയമാണ് പിന്നിൽ ആളുണ്ടെന്ന സംശയം ബലപ്പെടുത്തുന്നത്. വീട്ടിൽ നിന്നു വന്നു മുഖ്യമന്ത്രിയായതല്ല പാർട്ടിയാണ് മുഖ്യമന്ത്രിയാക്കിയതെന്ന് അൻവർ പരസ്യമായി പറഞ്ഞതും കൂട്ടിവായിക്കണം.

തകർന്നടിഞ്ഞ് കണ്ണൂർ ലോബി

അടുത്തകാലം വരെയും സി.പി.എമ്മിലെ ശക്തിദുർഗ്ഗമായിരുന്ന ' കണ്ണൂർ ലോബി 'ഛിന്നഭിന്നമായതാണ് പാർട്ടിയിലെ ബലാബലത്തിൽ മാറ്റത്തിനു വഴിയൊരുക്കുന്നത്. പക്ഷെ ഈ ബലാബലം മാറുന്നുണ്ടെങ്കിൽ അത് ഒരു ഏകീകൃത സ്വഭാവത്തിലേക്ക് ഇനിയും എത്തിയിട്ടില്ല.കെ.പി.ആർ.ഗോപാലനും ,എ.കെ.ജിയും സി.എച്ച് .കണാരനും ,ഇ.കെ.നായനാരും,അഴീക്കോടൻ രാഘവനും, പാട്യം ഗോപാലനും ,ചടയൻ ഗോവിന്ദനും,തുടങ്ങി എം.വി.രാഘവനിലൂടെ പിണറായിയും കോടിയേരിയും ജയരാജൻമാരും ഒക്കെയായി പാർട്ടിയുടെ ഉരുക്കുകോട്ടയായ കണ്ണൂരിൽ നേതാക്കൾ ഇന്ന് പല തുരുത്തുകളിലാണ്.

മദ്ധ്യ തിരുവിതാംകൂറിൽ നിന്നുള്ള നേതാക്കൾ ഇ.ബാലാനന്ദനും ഒ.ജെ.ജോസഫും കെ.എൻ .രവീന്ദ്രനാഥും ,എം.എം.ലോറൻസും ,ടി.കെ.രാമകൃഷ്ണനും ,വി.ബി.ചെറിയാനും സി.ഐ.ടി.യു ഗ്രൂപ്പായി നിലകൊണ്ടെങ്കിലും അവരിൽ പലരും കണ്ണൂർ ലോബിയുമായി ബന്ധം പുലർത്തിയിരുന്നു. പ്രകടമായ പക്ഷം പിടിച്ചില്ലെങ്കിലും ഈ വിഭാഗത്തിനു ഇ.എം.എസിന്റെ മൗനപിന്തുണയുണ്ടായിരുന്നു.(ഇ.എം.എസ് ഉൾപ്പെടുന്ന ഔദ്യോഗിക പക്ഷം മുഖ്യമന്ത്രി സ്ഥാനത്തേക്കു നിർദ്ദേശിച്ച സുശീല ഗോപാലനെ പിൽക്കാലത്തു മാരാരിക്കുളത്തു തോറ്റ വി.എസ്. , നായനാർ എന്ന തുറുപ്പുചീട്ടെടുത്ത് വെട്ടിയത് ചരിത്രം)

എൻ.ശ്രീധരനും വി.എസ്.അച്യുതാനന്ദനും . എസ്.രാമചന്ദ്രൻ പിള്ളയും മുതൽ എം.എ.ബേബി വരെ -- തെക്കു നിന്നുള്ള ഈ നേതാക്കളിൽ വി.എസ്.അച്യുതാനന്ദനാണ് കണ്ണൂർ ലോബിയോടും സി.ഐ.ടിയു ഗ്രൂപ്പിനോടും അടിച്ചു നിന്നത്. വി.എസിനു മുന്നിലാണ് കണ്ണൂർ ലോബി അടിപതറിയത്. പിണറായിയടക്കം അവരിൽ പലരും ഒരിക്കൽ വി.എസിനൊപ്പം നിന്നിരുന്നുവെങ്കിലും പിൽക്കാലത്തു ബദ്ധവൈരികളായി മാറി.

വി.എസ്.പിൻവാങ്ങിയതോടെ പാർട്ടിയിലെ ഔദ്യോഗികപക്ഷം (ശരിക്കും കണ്ണൂ‌ർ പക്ഷം) അതിശക്തമായി. പാർട്ടിയിലെ വിഭാഗീയത ഇല്ലാതാക്കിയ ക്രെഡിറ്റ് പിണറായിക്ക് അവകാശപ്പെട്ടതുമാണ്.പക്ഷെ ഭരണത്തുടർച്ച പാർട്ടിയെ വല്ലാതെ ഉലച്ചു. ആദ്യ പിണറായി സർക്കാരിന്റെ അവസാനകാലത്തുയർന്ന സ്വർണ്ണക്കടത്തടക്കമുള്ള വിവാദങ്ങളെ മറികടക്കാൻ ഭരണത്തുടർച്ചയിലൂടെ കഴിഞ്ഞെങ്കിലും ഒന്നിനു പിറകെ ഒന്നായി പാർട്ടിക്കു തലവേദനയാകുന്ന വിവാദങ്ങൾ ഭരണത്തെ ചുറ്റിപ്പറ്റി ഉയരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റ പരാജയം, പ്രത്യേകിച്ചും ശക്തിദുർഗ്ഗങ്ങളിലെ അടിക്കല്ലിളകിയത് പാർട്ടിയെ വല്ലാതെ ബാധിച്ചു.ഈ സമ്മേളന കാലത്ത് അതിനെയെല്ലാം അതിജീവിക്കുന്ന തിരുത്തലുകൾ വരുത്താൻ എം.വി.ഗോവിന്ദൻ നേതൃത്വം നൽകുന്ന പാർട്ടിക്കു കഴിയുമോയെന്നതാണ് ചോദ്യം.

സംഘടനാശേഷി ഉണ്ടോ?

മുമ്പെങ്ങും കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ഒത്തുതീർപ്പുകൾ,സംരക്ഷണങ്ങൾ, കീഴടങ്ങലുകൾ,ആർക്കും എന്തും വിളിച്ചു പറയാവുന്ന അവസ്ഥ....ഇതെല്ലാംപാർട്ടി അച്ചടക്കത്തെ തന്നെ അതിദുർബ്ബലമാക്കുകയാണ്. കീഴ്ഘടകങ്ങൾ ദുർബ്ബലമാകുന്നുവെന്ന് സംസ്ഥാന കമ്മിറ്റി സമ്മേളന കാലയളവിലേക്ക് തയ്യാറാക്കിയ രേഖ പറയുന്നു.പാർട്ടിയൊന്നാകെ ദുർബ്ബലമെന്നു പറയുന്നതാകും ശരി.അന്വേഷണം നടത്തുമെന്ന് പറയുമ്പോഴും പി.ശശിയെയും അജിത്കുമാറിനെയും തൊടാനുള്ള സംഘടനാശേഷി പാർട്ടിക്കുണ്ടാകുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.വിപ്ളവം കൊട്ടാരത്തിലാണോ ,കുടിലിലാണോ എന്ന് ഇന്നലെ അൻവർ ചോദിച്ചു. എന്തായാലും ഇപ്പോൾ നടക്കുന്നത് ഒളിപ്പോരാണ് . പടനായകർ അണിയറയിൽ നിന്ന് അരങ്ങത്തേക്ക് എത്തുമോയെന്നാണ് കാണേണ്ടത്.

TAGS: CPM, INTERNAL POLITICS, PV ANWAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.