തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് മൂന്നാം ദിവസത്തെ ആദ്യമത്സരത്തിൽ കലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് 39 റൺസിന് കൊച്ചി ബ്ലൂ ടൈഗേഴ്സിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ്ചെയ്ത ഗ്ളോബ് സ്റ്റാർസ് നിശ്ചിത 20 ഓവറിൽ 196 റൺസ് നേടിയ ശേഷം ബ്ളൂ ടൈഗേഴ്സിനെ 157/8ൽ ഒതുക്കുകയായിരുന്നു.
വിക്കറ്റ് കീപ്പർ ബാറ്റർ എം.ആർ അജിനാസും (39 പന്തുകളിൽ 57 റൺസ്) സൽമാൻ നിസാറും (38 പന്തുകളിൽ 55 റൺസ്) നേടിയ അർദ്ധ സെഞ്ച്വറികളാണ് ഗ്ളോബ്സ്റ്റാർസിനെ ലീഗിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്കോറിലെത്തിച്ചത്. പി. അൻഫൽ 19 പന്തുകളിൽ 37 റൺസ് നേടി.നാലോവറിൽ 36 റൺസ് വിട്ടുകൊടുത്ത് നാലു വിക്കറ്റ് സ്വന്തമാക്കിയ നായകൻ ബേസിൽ തമ്പി മാത്രമാണ് കൊച്ചി ബൗളിംഗിൽ തിളങ്ങിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ കൊച്ചിക്ക് ആദ്യ ഓവറിൽ അനന്ദ് കൃഷ്ണനെ (4) നഷ്ടപ്പെട്ടു. തുടർന്ന് ഷോൺ റോജറും(45) ഓപ്പണർ ജോബിൻ ജോബിയും(16) ചേർന്ന് അഞ്ചോവറിൽ 39 റൺസ് എന്ന നിലയിലെത്തിച്ചു. 34 പന്തിൽ നാലു സിക്‌സും ഒരു ബൗണ്ടറിയും ഉൾപ്പെടെ 45 റണ്‍സ് നേടിയ റോജർ പുറത്തായത് കൊച്ചിക്ക് തിരിച്ചടിയായി. തുടർന്ന് അവർ 157ലൊതുങ്ങി. കലിക്കറ്റിനുവേണ്ടി അഖിൽ സ്‌കറിയ നാൽ ഓവറിൽ 29 റൺസ് വിട്ടുകൊടുത്ത് നാലു വിക്കറ്റ് നേടി. അഭിജിത് പ്രവീൺ, എം. നിഖിൽ എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി.
കലിക്കറ്റിന്റെ എം. അജിനാസാണ് മാൻ ഓഫ് ദ മാച്ച്.
ഇന്നലത്തെ രണ്ടാം മത്സരത്തിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് എട്ടു വിക്കറ്റിന് തൃശൂർ ടൈറ്റൻസിനെ തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത തൃശൂർ 101 റൺസിന് ആൾഔട്ടായി. കൊല്ലം 16 ഓവറിൽ വിജയലക്ഷ്യം മറികടന്നു. കൊല്ലത്തിനു വേണ്ടി അർദ്ധ സെഞ്ച്വറി നേടിയ അഭിഷേക് നായരാണ് ( 56 പന്തിൽ 66 റൺസ്) മാൻ ഓഫ് ദമാച്ച്.
ഇന്നത്തെ മത്സരങ്ങൾ
ട്രിവാൻഡ്രം ടൈറ്റാൻസ് Vs തൃശൂർ ടൈറ്റാൻസ്
2.30pm മുതൽ
കൊച്ചി ബ്ളൂ ടൈഗേഴ്സ് Vs ആലപ്പി റിപ്പിൾസ്
6.45 pm മുതൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |