നരുവാമൂട്ടിൽ നിന്ന് ഓട്ടോയിൽ കാരയ്ക്കാമണ്ഡപത്തെത്തി
തോളിൽ ബാഗുമായി സ്ഥാപനത്തിലേക്ക്
തിരുവനന്തപുരം: പാപ്പനംകോട് ഇൻഷ്വറൻസ് സ്ഥാപനത്തിന്റെ ഓഫീസിലെത്തി ജീവനക്കാരിയായ വൈഷ്ണയെ ഭർത്താവ് ബിനു കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിന് വഴികാട്ടിയായത് സി.സി ടിവി ദൃശ്യങ്ങൾ. മരിച്ച സ്ത്രീ വൈഷ്ണയാണെന്ന് വ്യക്തമായെങ്കിലും ഒപ്പമുണ്ടായിരുന്ന കത്തിക്കരിഞ്ഞ പുരുഷശരീരം ആരുടേതാണെന്ന് കണ്ടെത്താൻ ആദ്യ മണിക്കൂറുകളിൽ പൊലീസ് പല വഴികളും തേടി.
ബിനുവിനെ കേന്ദ്രീകരിച്ചായിരുന്നു തുടക്കം മുതൽ അന്വേഷണം.ഇയാളുടെ ഫോണിലേക്ക് നിരന്തരം വിളിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു.
ബിനുവും വൈഷ്ണവയും തമ്മിലുള്ള കലഹവും സംഭവത്തിന് മണിക്കൂറുകൾക്ക് മുമ്പ് ബിനു എത്തി ബഹളം വച്ചതായി വൈഷ്ണവ പറഞ്ഞതായുള്ള സഹോദരന്റെ മൊഴിയുടെയും അടിസ്ഥാനത്തിൽ പൊലീസ് ബിനുവിന്റെ ഫോണിന്റെ ടവർ ലൊക്കേഷൻ കണ്ടെത്താൻ ശ്രമിച്ചെങ്കിലും തിങ്കളാഴ്ച രാത്രി എട്ടോടെ ഫോൺ ഓഫാക്കിയെന്ന് വ്യക്തമായി. അതിനുശേഷം ഫോൺ ഓണാക്കിയില്ല.ഇതോടെ സംശയം ബലപ്പെട്ടു.
തുടർന്ന് ബിനുവിന്റെ നരുവാമൂടുള്ള വീടിന് സമീപത്തെ കടകളിലെ ഉൾപ്പെടെ സി.സി ടിവി ദൃശൃങ്ങൾ പൊലീസ് ശേഖരിച്ചു.ഇതിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.15ഓടെ ബിനു വീട്ടിൽ നിന്ന് പുറത്തിറങ്ങി റോഡിലൂടെ നടക്കുന്നതായി സമീപത്തെ സ്ഥാപനത്തിലെ സി.സി ടിവിയിൽ നിന്ന് ലഭിച്ചു. 12.20തോടെ നരുവാമൂട് ജംഗ്ഷനിലെ ഓട്ടോ സ്റ്റാൻഡിൽ നിന്ന് ഓട്ടോയിൽ കയറി.
പുതിയ കാരയ്ക്കാമണ്ഡപത്ത് ശിവൻകോവിലിനു സമീപം ഇറങ്ങി.സാധനങ്ങൾ കുത്തി നിറച്ചതായി തോന്നും വിധത്തിലുള്ള ബാഗും തോളിലിട്ട് സാവധാനം നടന്ന് വൈഷ്ണ ജോലി ചെയ്തിരുന്ന ഓഫീസിന്റെ ഭാഗത്തേക്ക് 1.15ഓടെ പോകുന്നതും സി.സി ടിവി ദൃശൃങ്ങളിലുണ്ട്. എന്നാൽ കൃത്യം നടന്ന ഓഫീസിന്റെ തൊട്ടടുത്ത് സി.സി ടിവികൾ ഇല്ലാതിരുന്നതിനാൽ ബിനു കടയ്ക്ക് ഉള്ളിലേക്ക് കയറുന്ന ദൃശ്യങ്ങൾ ലഭിച്ചില്ല.മറ്റെല്ലാം കൃത്യമായതിനാൽ വൈഷ്ണവയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത് ബിനുവാണെന്ന് പൊലീസ് ഉറപ്പിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |