വാഷിംഗ്‌ടൺ: അമേരിക്കയിലെ ജോർജിയയിൽ സ്‌കൂളിൽ വെടിവെപ്പ്. നാല് പേർ മരിച്ചു. പത്തിലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം. 14കാരനാണ് വെടിയുതിർത്തത്. അക്രമി പിടിയിലായിട്ടുണ്ട്. വൈൻഡർ നഗരത്തിലെ സ്‌കൂളിലെ അപലാച്ചി ഹൈസ്‌കൂളിലാണ് വെടിവയ്‌പ്പുണ്ടായത്.
കൊല്ലപ്പെട്ടവരിൽ കുട്ടികളും അദ്ധ്യാപകരുമുണ്ട്. ഇവരുടെ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. വെടിവയ്പ്പിനുള്ള കാരണത്തെക്കുറിച്ച് വ്യക്തമായിട്ടില്ല. സംഭവത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അനുശോചനം രേഖപ്പെടുത്തി.
“തോക്ക് അക്രമം നമ്മുടെ സമൂഹങ്ങളെ എങ്ങനെ കീറിമുറിക്കുന്നു എന്നതിന്റെ മറ്റൊരു ഭയാനകമായ ഓർമ്മപ്പെടുത്തൽ” എന്നാണ് പ്രസിഡന്റ് ജോ ബൈഡൻ സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്.
അമേരിക്കയിൽ സ്‌കൂളിൽ വെടിവയ്പ്പ് പതിവായിരിക്കുകയാണ്. രാജ്യത്തെ പ്രായപൂർത്തിയായവരിൽ മൂന്നിലൊന്ന് പേർക്കും തോക്ക് ഉണ്ട്. സൈനികർ ഉപയോഗിക്കുന്ന റൈഫിളുകൾ പോലും വാങ്ങുന്നതിനുള്ള നിയന്ത്രണങ്ങൾ ഇളവുകൾ രാജ്യത്തുണ്ട്. ഗൺ വയലൻസ് ആർക്കൈവിന്റെ (ജിവിഎ) കണക്കനുസരിച്ച്, ഈ വർഷം മാത്രം രാജ്യത്ത് 384 കൂട്ട വെടിവയ്പ്പുകളെങ്കിലും ഉണ്ടായിട്ടുണ്ട്.
ഈ വർഷം 11,557 പേരെങ്കിലും തോക്കാക്രമണത്തിൽ കൊല്ലപ്പെട്ടതായും ജിവിഎ വ്യക്തമാക്കുന്നു. തോക്കുകളുടെ ഉപയോഗത്തിനും വാങ്ങലിനുമുള്ള കർശന നിയന്ത്രണങ്ങളെ ഭൂരിപക്ഷം വോട്ടർമാരും പിന്തുണയ്ക്കുന്നതായി വോട്ടെടുപ്പുകൾ സൂചിപ്പിക്കുന്നു. എന്നാൽ കർശനമായ നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ ഇപ്പോഴും അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |