ന്യൂഡൽഹി: രാജ്യത്ത് വ്യവസായ സൗഹൃദ റാങ്കിംഗിൽ കേരളം ഒന്നാമതെത്തിയത് ചരിത്രനേട്ടമെന്ന് മന്ത്രി പി.രാജീവ് പത്രസമ്മേളനത്തിൽ പറഞ്ഞു. സ്ത്രീ പ്രാതിനിധ്യം, പ്രകൃതി സംരക്ഷണം തുടങ്ങിയ മാനദണ്ഡങ്ങളാണ് ഇനി കേന്ദ്രം ഏർപ്പെടുത്താൻ പോകുന്നത്. അത് സംസ്ഥാനത്തിന് കൂടുതൽ ഗുണകരമാകും. ഒട്ടേറെ മികച്ച സംരംഭങ്ങൾ കൊണ്ടുവരാനും മികച്ച പ്രകടനം നടത്താനും എൽ.ഡി.എഫ് സർക്കാരിന് സാധിച്ചു.
വലിയ കുതിച്ചുചാട്ടം വ്യവസായ മേഖലയിൽ നടന്നു. സംരംഭക സമൂഹവും മികച്ച പിന്തുണ നൽകുന്നു. ലോകോത്തര കമ്പനികൾ കേരളത്തിൽ വ്യവസായങ്ങൾ തുടങ്ങി. ലോജിസ്റ്രിക് നയത്തിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി. ഇനി കയറ്റുമതി നയം, പരിസ്ഥിതി സാമൂഹ്യ ഭരണ നയം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോളിസി തുടങ്ങിയവ വരാനുണ്ട്. ഇതോടെ, പരമാവധി നിക്ഷേപം എത്തിക്കാനും, തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിയും.
കൊച്ചി- ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായ പാലക്കാട് സ്മാർട്ട് സിറ്റിക്കായി 1710 ഏക്കർ ഏറ്റെടുത്തു. ഇതിനായി 1789 കോടി ചെലവഴിച്ചു. മാസ്റ്റർപ്ലാൻ, ഡി.പി.ആർ അംഗീകരിച്ചു. പരിസ്ഥിതി അനുമതി ലഭിച്ചു. 1758 കോടി കേന്ദ്രം തരണം. ഒരുമിച്ച് കിട്ടിയാൽ ഉടൻ നടപടി തുടങ്ങും. അയ്യമ്പുഴയിലെ ഗ്ലോബൽ സിറ്റി പദ്ധതി തത്കാലം നിറുത്തിവച്ചിരിക്കുകയാണ്. അനുകൂല നിലപാടിനായി കേന്ദ്രത്തിന് കത്ത് നൽകിയിട്ടുണ്ട്.
കേരളത്തിന്റെ ആഭ്യന്തര വരുമാനം വർദ്ധിച്ചു. ആനുപാതികമായി കേന്ദ്രവിഹിതം വരുന്നില്ല. അതിനാലാണ് അർഹമായ കേന്ദ്ര വിഹിതത്തിനായി കേരളം നിരന്തരം ആവശ്യപ്പെടുന്നത്.
പ്രവാസി സംഗമം: 500 വിദേശ പ്രതിനിധികൾ പങ്കെടുക്കും
ശിവഗിരി : ശിവഗിരി മഠത്തിൽ 16, 17 തീയതികളിൽ നടക്കുന്ന പ്രവാസി സംഗമത്തിൽ അഞ്ഞൂറില്പരം വിദേശ പ്രതിനിധികൾ പങ്കെടുക്കും. സംഗമത്തിന് മുന്നോടിയായി യു.കെ, അമേരിക്ക, ഓസ്ട്രേലിയ, കാനഡ, സിംഗപ്പൂർ, യു.എസ്, ബഹ്റിൻ, ഒമാൻ, കുവൈറ്റ്, ഖത്തർ, ദുബായ്, അൽഐൻ, ഷാർജ, അബുദാബി തുടങ്ങിയ സ്ഥലങ്ങളിൽ പ്രവാസിസംഗമം ഓൺലൈൻ യോഗം നടന്നു. സേവനം സെന്റർ, സേവനം സാരഥി, ശ്രീനാരായണ അസോസിയേഷനുകൾ, ഗുരുദേവ സൊസൈറ്റി ബഹ്റിൻ, ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ബഹറിൻ, ശ്രീനാരായണ ബില്ലവ അസോസിയേഷൻ, ശിവഗിരി ആശ്രമം ഒഫ് യു.കെ, ഇന്ത്യൻ അസോസിയേഷൻ ഒഫ് ദുബായ് തുടങ്ങി നിരവധി സംഘടനകളുടെ ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗങ്ങളിൽ ജനറൽസെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, കെ. മുരളീധരൻ ദുബായ് (മുരള്യ), ഡോ. കെ. സുധാകരൻ (ദുബായ്), എ.വി. അനൂപ് (മെഡിമിക്സ്, ചെന്നൈ), സുരേഷ് കുമാർ മധുസൂദനൻ (മുംബയ്), ബിജു പനയ്ക്കൽ (യു.കെ), കെ.ജി. ബാബുരാജൻ (ചെയർമാൻ), അനിൽ തടാലിൽ (ചീഫ് കോ ഓർഡിനേറ്റർ), ജയപ്രകാശ് (തിരുവനന്തപുരം) തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നല്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |