ന്യൂഡൽഹി: സെമികണ്ടക്ടർ മേഖലയിൽ സിംഗപ്പൂരുമായി ചേർന്ന് ആഗോള ശക്തിയാകാൻ ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സിംഗപ്പൂർ സന്ദർശനത്തിൽ ഇതുൾപ്പെടെ സുപ്രധാന കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പിട്ടു.
ലോകത്തെ ചിപ്പുകളുടെ പത്ത് ശതമാനവും സെമികണ്ടക്ടർ നിർമ്മാണ ഉപകരണങ്ങളുടെ 20 ശതമാനവും നിർമ്മിക്കുന്ന സിംഗപ്പൂരുമായുള്ള കരാർ ഈ മേഖലയിൽ ഇന്ത്യയിൽ കുതിച്ചുചാട്ടം സൃഷ്‌ടിക്കും.
സെമി കണ്ടക്ടർ ക്ലസ്റ്റർ വികസനം, സെമികണ്ടക്ടർ രൂപകല്പന, നിർമ്മാണം എന്നിവയിൽ ഇന്ത്യയുടെ ശേഷി വളർത്താൻ സഹകരിക്കും. സിംഗപ്പൂരിലെ സെമികണ്ടക്ടർ കമ്പനികളുടെ ഇന്ത്യയിലെ നിക്ഷേപം സുഗമമാക്കും. വ്യവസായങ്ങൾക്ക് ഇന്ത്യയിൽ സ്ഥലവും മനുഷ്യശേഷിയും നൽകും. സിംഗപ്പൂർ സർവ്വകലാശാലകളിലെ സെമികണ്ടക്ടർ കോഴ്‌സുകളിൽ ഇന്ത്യക്കാർക്ക് പ്രവേശനം നൽകും.
കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയവും സിംഗപ്പൂർ വാണിജ്യ വ്യവസായ മന്ത്രാലയവുമാണ് ഒപ്പിട്ടത്. സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോംഗിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രമുഖ സെമികണ്ടക്ടർ കമ്പനിയായ എ.ഇ.എം ഹോൾഡിംഗ്സ് ലിമിറ്റഡ് സന്ദർശിച്ചു. സിംഗപ്പൂർ സന്ദർശിക്കുന്ന ഒഡിഷ വേൾഡ് സ്‌കിൽ സെന്ററിലെ ഇന്ത്യൻ ഇന്റേണുകളുമായും എ.ഇ.എം കമ്പനിയിലെ ഇന്ത്യൻ എൻജിനിയർമാരുമായും മോദി സംവദിച്ചു.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും സിംഗപ്പൂർ വിദേശകാര്യ മന്ത്രി വിവിയൻ ബാലകൃഷ്ണനും മറ്റ് ധാരണാപത്രങ്ങളും കൈമാറി.
ആരോഗ്യ മേഖലയിലും
സഹകരണം
സൈബർ സുരക്ഷ, 5ജി, സൂപ്പർ-കമ്പ്യൂട്ടിംഗ്, ക്വാണ്ടം കംപ്യൂട്ടിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹകരണം. ഡിജിറ്റൽ മേഖലയിൽ നൈപുണ്യ പരിശീലനം
ആരോഗ്യ-വൈദ്യ മേഖലയിൽ സഹകരണം, സംയുക്ത ഗവേഷണം. ഇന്ത്യൻ ആരോഗ്യ പ്രവർത്തകർക്ക് സിംഗപ്പൂരിൽ കൂടുതൽ അവസരങ്ങൾ
ചികിത്സ, ഫാർമസ്യൂട്ടിക്കൽസ് മേഖലകളിൽ മാനവശേഷി വികസനം. സാങ്കേതിക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, പരിശീലനം എന്നീ മേഖലകളിൽ സഹകരണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |