തിരുവനന്തപുരം ജില്ലയിലെ പൗഡിക്കോണം എന്ന സ്ഥലത്ത് നിന്നാണ് വാവാ സുരേഷിന് ഇത്തവണ കോൾ വരുന്നത്. വർക്ക്‌ഷോപ്പ് ഉടമ ജോലി സ്ഥലത്ത് നിന്നും വീട്ടിലേക്ക് വന്നപ്പോൾ കാറിനടിയിൽ നിന്നും ഒരു പാമ്പ് ഇറങ്ങിപ്പോകുന്നത് കണ്ടു. ഉടൻ തന്നെ അദ്ദേഹം വാവാ സുരേഷിനെ വിളിക്കുകയായിരുന്നു. വളരെ പ്രകൃതി രമണീയമായ സ്ഥലമാണ്. നിറയെ കാടുപോലെ മരങ്ങൾ, ഇടയ്‌ക്കിടെ മാൻ, കാട്ടുപന്നി പോലുള്ള മൃഗങ്ങൾ വന്നുപോകാറുണ്ട്.
സ്ഥലത്തെത്തിയ വാവ ഉടൻതന്നെ കാറിന് സമീപത്തുണ്ടായിരുന്ന സാധനങ്ങളെല്ലാം മാറ്റി. പഴയ സാധനങ്ങൾ സൂക്ഷിച്ചിരുന്ന ഒരു ചാക്കിനടിയിലാണ് അതിഥി ഇരുന്നത്. ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പായിരുന്നു. അടുത്തിടെയൊന്നും ഇണചേർന്നിട്ടില്ലാത്തതിനാൽ പാമ്പിന് നല്ല ആരോഗ്യമുണ്ട്. കണ്ടാൽ ആരും ഭയന്നുപോകുന്ന വലിയ മൂർഖനതിഥിയാണ്. വാവാ സുരേഷിന് മുന്നിൽ പത്തി വിടർത്തി ഉപദ്രവിക്കാൻ തയ്യാറായി നിൽക്കുകയായിരുന്നു.
വർക്ക്‌ഷോപ്പ് ഉടമ കണ്ടില്ലായിരുന്നു എങ്കിൽ പതിയിരുന്ന മൂർഖൻ ആരെയെങ്കിലും ആക്രമിച്ച് ആപത്തുണ്ടായേനെ. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് വലിയ ആപത്തൊഴിഞ്ഞത്. പാമ്പ് പത്തി വിടർത്തി നിൽക്കുന്നത് കണ്ടാൽ അമിതമായി ഭയപ്പെടേണ്ടില്ലെന്നും രണ്ടോ മൂന്നോ അടി മാറി നിന്നാൽ കുഴപ്പമില്ലെന്നും വാവാ സുരേഷ് പറഞ്ഞു. സമീപത്ത് ഒരു വസ്‌തു അല്ലെങ്കിൽ ഒരാൾ നിൽക്കുന്നു എന്ന് മനസിലാക്കിയാണ് പാമ്പ് പത്തി വിടർത്തുന്നതെന്നും വാവാ സുരേഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |