കൊല്ലം : ജനങ്ങളുടെ ആവശ്യങ്ങൾക്കായി ഫലപ്രദമായി ഇടപെടുന്ന കേരളകൗമുദിയുടെ സമീപനം അഭിനന്ദനാർഹമാണെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. തിരുവനന്തപുരത്ത് തകരപ്പറമ്പ് ഫ്ലൈഓവറിനടിയിൽ തലചായ്ച്ചിരുന്ന ബിജുവിനും കുടുംബത്തിനും മൺറോതുരുത്തിൽ വീടും വസ്തുവും നൽകുന്ന ചടങ്ങിൽ വസ്തുവിന്റെ പ്രമാണം കൈമാറുകയായിരുന്നു അദ്ദേഹം. കേരളകൗമുദി എക്കാലവും അധഃസ്ഥിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും ഒപ്പമാണ്. മറ്റുള്ളവർ വിവാദങ്ങളുടെ പുറകേ പോകുമ്പോൾ കേരളകൗമുദി മനുഷ്യത്വപരമായ ധർമ്മം നിറവേറ്റുകയാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
വീടിന്റെ താക്കോൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എ കൈമാറി. കേരളകൗമുദി നേരിന്റെ നേരവകാശിയാണെന്ന്
അദ്ദേഹം. പറഞ്ഞു. കേരളകൗമുദി വാർത്തയ്ക്ക് പിന്നാലെ മൺറോ തുരുത്ത് ദാസ് വിലാസത്തിൽ ദാസാണ് ബിജുവിനും കുടുംബത്തിനും സഹായഹസ്തവുമായെത്തിയത്.
മാദ്ധ്യമങ്ങൾ എന്താണ് ചെയ്യേണ്ടതെന്നതിന്റെ മാതൃകയാണ് കേരളകൗമുദിയെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ ശിവഗിരി മഠത്തിലെ സ്വാമി വിശാലാനന്ദ പറഞ്ഞു. മൺറോതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. മൺറോതുരുത്ത് മാൻഗ്രോവ് ഹോളിഡേയ്സ് റിസോർട്ട് ഉടമയാണ് ബിജുവിന് വസ്തുവും വീടും നൽകിയ ദാസ്. മൺറോതുരുത്ത് ഗ്രാമ പഞ്ചായത്തംഗം പ്രസന്നകുമാർ, കേരളകൗമുദി ലേഖകൻ പി.കെ.ശ്രീകുമാർ, ബിജു എന്നിവർ സംസാരിച്ചു.
ശരീരഭാഗങ്ങൾ ഒരാളുടേത്
മേപ്പാടി: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് കണ്ടെത്തിയ രണ്ടു പേരുടേതെന്ന നിഗമനത്തിൽ സംസ്കരിച്ച ശരീര ഭാഗങ്ങൾ ഒരാളുടേതെന്ന് ഡി.എൻ.എ പരിശോധനയിൽ തെളിഞ്ഞു. തുടർന്ന് പുത്തുമല പൊതുശ്മശാനത്തിലെ തേക്കിലക്കാട്ടിൽ ജോസിന്റെ ശരീരഭാഗങ്ങൾ ക്രിസ്തുമത ആചാരപ്രകാരം ചൂരൽമല സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ മാറ്റി സംസ്കരിച്ചു. ഫാ.ജിബിൻ വട്ടുകുളം ചടങ്ങിന് നേതൃത്വം നൽകി. ദുരന്തത്തിൽ മരിച്ചവരിൽ തിരിച്ചറിയപ്പെടാത്ത ശരീര ഭാഗങ്ങൾ എന്ന നിലയ്ക്കാണ് പൊതുശ്മശാനത്തിൽ മറവ് ചെയ്തിരുന്നത്. റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു.
ഡിവൈ.എസ്.പി തലത്തിൽ അഴിച്ചുപണി
തിരുവനന്തപുരം: രണ്ട് സി.ഐ.മാർക്ക് ഡിവൈ.എസ്.പിമാരായി സ്ഥാനക്കയറ്റം നൽകിയും അഞ്ച് അഡി.എസ്.പിമാരെയും 21 ഡിവൈ.എസ്.പിമാരെയും സ്ഥലംമാറ്റിയും പൊലീസിൽ അഴിച്ചുപണി. മുതിർന്ന സി.ഐമാരായിരുന്ന എ.അജിചന്ദ്രൻ നായർ- തിരുവനന്തപുരം സിറ്റി നാർകോട്ടിക് സെൽ, ബി.അനിൽ- ക്രൈംബ്രാഞ്ച് പാലക്കാട് എന്നിവർക്കാണ് ഡിവൈ.എസ്.പിമാരായി സ്ഥാനക്കയറ്റം. അഡി.എസ്.പിമാരായ അബ്ദുൾ വഹാബിനെ കോഴിക്കോട് സിറ്രിയിലും കെ.എ.ശശിധരനെ തൃശൂരിലും ടി.എൻ. സജീവിനെ വയനാട്ടിലും വിനോദ് പിള്ളയെ കോട്ടയത്തും എം.ആർ. സതീഷ് കുമാറിനെ കൊല്ലം റൂറലിലും അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ നിയമിച്ചു.
സ്ഥലംമാറ്റപ്പെട്ട ഡിവൈ.എസ്.പിമാർ ഇവരാണ്:- കെ.വി. ബെന്നി- എസ്.എസ്.ബി, ആലപ്പുഴ, കെ.ആർ. മനോജ്- എസ്.എസ്.ബി തൃശൂർ റൂറൽ, വി.എ. നിഷാദ് മോൻ- ക്രൈംബ്രാഞ്ച് കോട്ടയം, കെ.എസ്. ഷാജി- ക്രൈംബ്രാഞ്ച്, കണ്ണൂർ, വി.എസ്. പ്രദീപ് കുമാർ- പുനലൂർ, ബിജു വി. നായർ- വിജിലൻസ്, എറണാകുളം, എം.വി. മണികണ്ഠൻ- ഡി.സി.ആർ.ബി, കോഴിക്കോട്, കെ.വി. പ്രമോദൻ- പേരാവൂർ, എം.കെ. കീർത്തി ബാബു- നാർകോട്ടിക് സെൽ, കണ്ണൂർ റൂറൽ, എ.വി. ജോൺ- എസ്.ബി കണ്ണൂർ സിറ്റി, കെ.എ.ബോസ്- നാർകോട്ടിക് സെൽ, കോഴിക്കോട്, കെ.സുഷിർ- ജില്ലാ എസ്.ബി, തൃശൂർ, കെ.കെ.സജീവ്- ക്രൈംബ്രാഞ്ച് മലപ്പുറം, എസ്.പി സുധീരൻ- ഒല്ലൂർ, ബി.എസ്.സജിമോൻ- നാദാപുരം കൺട്രോൾ റൂം, വി.ടി. റാഷിദ്- ക്രൈംബ്രാഞ്ച് ആസ്ഥാനം, ഷൈനു തോമസ്, സൈബർ തിരുവനന്തപുരം, സി.ശ്രീകുമാർ- വിജിലൻസ് സതേൺ റേഞ്ച്, പി.എച്ച്. ഇബ്രാഹിം- കൺട്രോൾ റൂം, കൊച്ചി സിറ്റി, വൈ.നിസാമുദ്ദീൻ- ജില്ലാ എസ്.ബി തൃശൂർ സിറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |