മലപ്പുറം: മുട്ടിൽ മരംമുറി കേസിൽ 36 കുറ്റപത്രങ്ങൾകൂടി സമർപ്പിക്കാനുണ്ടെന്നിരിക്കെ ഇത് തടയാനാണ് തനിക്കെതിരെ ഗൂഢാലോചന നടത്തി പൊന്നാനി സ്വദേശിനിയെകൊണ്ട് പീഡനാരോപണം ഉന്നയിപ്പിച്ചതെന്ന് താനൂർ ഡിവൈ.എസ്.പി വി.വി. ബെന്നി കേരളകൗമുദിയോട് പറഞ്ഞു. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എസ്.പി എസ്.ശശിധരന് വെള്ളിയാഴ്ച പരാതി നൽകിയിട്ടുണ്ട്. മരംമുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് ബെന്നി.
സ്വകാര്യ ചാനലിന്റെ ഉടമകൾ പ്രധാന പ്രതികളായ കേസിൽ ഇതുവരെ ആറ് കുറ്റപത്രങ്ങളാണ് സമർപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. കേസന്വേഷണം ഏറ്റെടുത്തശേഷം പ്രതികൾ തന്നെ വേട്ടയാടുന്നുണ്ട്. താമിർ ജിഫ്രിയുടെ കസ്റ്റഡി മരണത്തിൽ ഈ ചാനൽ നാലു ദിവസം തനിക്കെതിരെ റിപ്പോർട്ട് ചെയ്തിരുന്നു.
പരാതിക്കാരിയായ സ്ത്രീയുമായി യാതൊരു ബന്ധവുമില്ല. ഒരുതവണ പോലും ഫോണിൽ വിളിക്കുകയോ കാണുകയോ ചെയ്തിട്ടില്ല. നൂറുശതമാനം താൻ നിരപരാധിയാണ്. തിരൂർ ഡിവൈ.എസ്.പി ആയിരുന്നപ്പോൾ പൊന്നാനി എസ്.എച്ച്.ഒയ്ക്ക് എതിരായി ഇവർ നൽകിയ പരാതി അന്വേഷിക്കാൻ അന്നത്തെ എസ്.പി സുജിത് ദാസ് നിർദ്ദേശിച്ചിരുന്നു. സീനിയർ സിവിൽ പൊലീസ് ഓഫീസറാണ് സാധാരണ മൊഴിയെടുക്കാറുള്ളത്. പരാതി വ്യാജമെന്ന് തെളിഞ്ഞതോടെ എസ്.പിക്ക് അങ്ങനെ റിപ്പോർട്ട് നൽകി. ഒരുപക്ഷേ, ഇതിൽ തന്നോട് വിരോധമുണ്ടാവാൻ സാദ്ധ്യതയുണ്ടെന്നും പറഞ്ഞു.
മാനനഷ്ടക്കേസ് നൽകും
പീഡനാരോപണമടക്കം ഏത് ഏജൻസി അന്വേഷിച്ചാലും പ്രശ്നമില്ല. ആരോപണങ്ങളിൽ സിവിലായും ക്രിമിനലായും മാനനഷ്ടക്കേസ് ഫയൽ ചെയ്യും. പരാതിക്കാരി പി.വി.അൻവറുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്ന വാർത്തകളോട് അതൊന്നും തനിക്കറിയില്ലെന്നും എല്ലാം അന്വേഷിക്കട്ടെ എന്നും ബെന്നി പറഞ്ഞു.
യുവതി പരാതി നൽകി
പീഡന ആരോപണമുന്നയിച്ച യുവതി ഇന്നലെ മലപ്പുറം എസ്.പിക്ക് ഇ-മെയിൽ വഴി പരാതി നൽകി. എസ്.പി സുജിത് ദാസ്, ഡിവൈ.എസ്.പി വി.വി ബെന്നി, പൊന്നാനി എസ്.എച്ച്.ഒയായിരുന്ന വിനോദ് വലിയാറ്റൂർ എന്നിവർക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിന്നാണ് പരാതി നൽകിയത്. യുവതിയുടെ പരാതിയിൽ അഡിഷണൽ എസ്.പിക്ക് അന്വേഷണച്ചുമതല കൈമാറി. പരാതിയിൽ കഴമ്പില്ലെന്ന് കണ്ടാൽമാത്രം ഗൂഢാലോചന അന്വേഷിക്കാനാണ് പൊലീസിന്റെ നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |