ന്യൂഡൽഹി: റഷ്യയും യുക്രെയിനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള നിർണായക ചർച്ചകൾക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ അടുത്തയാഴ്ച മോസ്കോ സന്ദർശിക്കും. സെപ്തംബർ 10,11 തീയതികളിൽ അദ്ദേഹം മോസ്കോ സന്ദർശിക്കുമെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നത്. അടുത്തിടെ റഷ്യയും യുക്രെയിനും സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്രേമോദി യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങളിലെയും പ്രസിഡന്റുമാരുമായി ചർച്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഡോവൽ റഷ്യയിലേക്ക് പോകുന്നത്. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
രാഷ്ട്രീയ, നയതന്ത്ര ചർച്ചകളിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നപരിഹാരത്തിനുള്ള ഇന്ത്യയുടെ സന്നദ്ധത പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റിനെ അറിയിച്ചിരുന്നു. തുടരുന്ന സംഘർഷത്തിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച മോദി ഇരുരാജ്യങ്ങളും നയതന്ത്ര തലത്തിലുള്ള ചർച്ചകളിലൂടെ എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കണമെന്നും നിർദ്ദേശിച്ചു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനുമായി നടത്തിയ ടെലിഫാേൺ സംഭാഷണത്തിൽ പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കാൻ വേണ്ട കാര്യങ്ങൾ ചർച്ചചെയ്യുന്നതിന് ഡോവൽ മോസ്കോ സന്ദർശിക്കുമെന്ന് മോദി അറിയിച്ചിരുന്നു . ഇതിനെത്തുടർന്നാണ് ഡോവൽ അടുത്തയാഴ്ച റഷ്യയിലേക്ക് പോകുന്നതെന്നും റിപ്പോർട്ടിലുണ്ട്.
ഇന്ത്യയ്ക്ക് പ്രശ്നപരിഹാരത്തിന് നിർണായ പങ്കുവഹിക്കാനാവുമെന്ന് റഷ്യൻ അധികൃതരും വ്യക്തമാക്കിക്കഴിഞ്ഞു. യുദ്ധത്തിന് അവസാനം കാണാൻ ഇരുരാജ്യങ്ങളും തമ്മിലുളള തുറന്ന ചർച്ചവേണമെന്നും പ്രായോഗിക ഇടപെടലുകളിലൂടെയേ പരിഹാരം ഉണ്ടാവൂ എന്നാണ് ഇന്ത്യയുടെ നിലപാട്. 'നിഷ്‌പക്ഷ നിലപാടല്ല തങ്ങൾക്കുള്ളത്. ഞങ്ങൾ ഒരുപക്ഷത്താണ്. അത് സമാധാനത്തിന്റെ പക്ഷമാണ്. അവിടെ ഞങ്ങൾ ഉറച്ചുനിൽക്കുന്നു' എന്നാണ് പ്രധാനമന്ത്രി യുക്രെയിൻ സന്ദർശനവേളയിൽ പറഞ്ഞത്.
പോളണ്ടിൽ പ്രധാനമന്ത്രി ഡൊണാൾഡ് ടസ്‌കുമായുള്ള കൂടിക്കാഴ്‌ചയിലും ഇന്ത്യൻ സമൂഹത്തിന്റെ ചടങ്ങിലും റഷ്യ-യുക്രെയിൻ യുദ്ധം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത മോദി ചൂണ്ടിക്കാട്ടിയ മോദി ബുദ്ധന്റെ പൈതൃകമുള്ള ഇന്ത്യ ശാശ്വത സമാധാനത്തിനായി വാദിക്കുന്നുവെന്നും പറഞ്ഞിരുന്നു.
അതേസമയം, കഴിഞ്ഞദിവസങ്ങളിൽ ഇരുരാജ്യങ്ങളും പരസ്പരം വ്യോമാക്രമണങ്ങൾ ശക്തമാക്കിയിരുന്നു. റഷ്യയിലെ ഊർജ്ജ കേന്ദ്രങ്ങളിലേക്കും എണ്ണ ശുദ്ധീകരണ ശാലയിലേക്കും യുക്രെയിൻ ഡ്രോൺ ആക്രമണം നടത്തി. ആളപായമില്ലെങ്കിലും നിരവധിയിടങ്ങളിൽ തീപിടിത്തമുണ്ടായി. 150ലേറെ ഡ്രോണുകളാണ് റഷ്യൻ സൈന്യം തകർത്തത്.
തിരിച്ചടിയായി യുക്രെയിനിലെ ഖാർക്കീവിൽ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ 41 പേർക്കാണ് പരിക്കേറ്റത്. സൂപ്പർമാർക്കറ്റ് അടക്കം നിരവധി കെട്ടിടങ്ങളാണ് ആക്രമണത്തിൽ തകർന്നത്. സുമി നഗരത്തിൽ ഒരാൾ കൊല്ലപ്പെട്ടുകയും ചെയ്തിരുന്നു. റഷ്യൻ ആക്രമണത്തെ ചെറുക്കാൻ പാശ്ചാത്യ രാജ്യങ്ങൾ കൂടുതൽ ആയുധങ്ങൾ നൽകി സഹായിക്കണമെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്‌കി അന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |