മാനന്തവാടി : പ്രായപൂർത്തിയാവാത്ത പട്ടികവർഗ പെൺകുട്ടിയെ വ്യാജരേഖയുണ്ടാക്കി 40കാരന് വിവാഹം ചെയ്തുകൊടുത്ത കേസിൽ വിവാഹ ബ്രോക്കറും അറസ്റ്റിൽ. പൊഴുതന അച്ചൂരാനം കാടംകോട്ടിൽ കെ.സി സുനിൽ കുമാർ (36) ആണ് അറസ്റ്റിലായത്. വിവാഹം കഴിച്ച വടകര പുതിയാപ്പ കുയ്യടിയിൽ വീട്ടിൽ കെ. സുജിത്ത് (40) ആണ് ഒന്നാംപ്രതി.ഇയാളെ നേരത്തേ അറസ്റ്റ് ചെയ്‌തിരുന്നു. പോക്സോ കേസിലെ വകുപ്പുകളും പട്ടിക വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയുന്ന വകുപ്പുകളുമാണ് ചുമത്തിയിരിക്കുന്നത്.
എസ്.എം.എസ് ഡി.വൈ.എസ്.പി എം.എം അബ്ദുൾ കരീമിന്റെ സംഘമാണ് അറസ്റ്റ് ചെയ്‌തത്.
മാതാപിതാക്കളുടെ അജ്ഞത മറയാക്കിയും ബന്ധുക്കൾക്ക് പണം നൽകി സ്വാധീനിച്ചും പെൺകുട്ടിയുടെ ആധാർ കാർഡിന്റെ കോപ്പിയിൽ ജനനത്തീയതി തിരുത്തിയുമാണ് വിവാഹം നടത്തിയത്. ജനുവരിയിലായിരുന്നു വിവാഹം.
സുജിത്തിൽ നിന്ന് ബ്രോക്കർ ഫീസായി സുനിൽ കുമാർ വലിയ തുക കൈപ്പറ്റി. ഇയാളുടെ ഫോണിൽ പട്ടിക വർഗക്കാരായ കൂടുതൽ പെൺകുട്ടികളുടെ ഫോട്ടോകൾ കണ്ടെത്തി.
വയനാട് ജില്ലയിലെ പ്രായപൂർത്തിയാവാത്ത കുട്ടികളെ ജില്ലയ്ക്കകത്തും പുറത്തും വിവാഹവും പുനർ വിവാഹവും നടത്തികൊടുക്കുന്ന സംഘത്തെ ക്കുറിച്ചും അന്വേഷിക്കുന്നുണ്ടെന്ന് എസ്.എം.എസ് ഡി.വൈ.എസ്.പി അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |