SignIn
Kerala Kaumudi Online
Wednesday, 30 September 2026 5.07 AM IST

ചാളയും അയലയും കേരള തീരത്ത് കിട്ടാനില്ല, കൂട്ടത്തോടെ പോകുന്നതിന് കാരണമുണ്ട്

fish
പ്രതീകാത്മക ചിത്രം

കൊടുങ്ങല്ലൂര്‍ : തീരദേശത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ ഇത്തവണ ഓണാഘോഷം പൊലിമയില്ലാതെ. കടലില്‍ മത്സ്യ ബന്ധനം നടത്തുന്ന തൊഴിലാളികള്‍ക്ക് മുന്‍ സീസണെ അപേക്ഷിച്ച് മത്സ്യലഭ്യതയില്‍ കുറവുണ്ടായതാണ് കാരണം. ജൂണ്‍, ജൂലായ്, ആഗസ്റ്റ് മാസങ്ങളില്‍ ലഭിക്കാറുള്ള മത്സ്യത്തിന്റെ നാലിലൊന്നു പോലും ഇത്തവണ ലഭിക്കാതിരുന്നതാണ് ഓണക്കാല പ്രതീക്ഷകളെ ആകെ തകിടം മറിച്ചത്. മത്സ്യബന്ധനത്തിന് പോയി മീനൊന്നും കിട്ടാതെ വെറുംകയ്യോടെ തിരിച്ചെത്തുന്ന അവസ്ഥയായിരുന്നു മിക്ക ദിവസങ്ങളിലും. ഇപ്പോഴും തല്‍സ്ഥിതി തന്നെ തുടരുകയാണ്.

കടലില്‍ മത്സ്യലഭ്യത കുറഞ്ഞതാണ് ജീവിത പ്രതിസന്ധി ഉണ്ടാക്കിയത്. ചില ബോട്ടുകാര്‍ പെയര്‍ പെലാജിക് എന്ന ഇരട്ട വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയതും തീരക്കടലില്‍ മത്സ്യ സമ്പത്ത് ഇല്ലാതാക്കി. കുഞ്ഞുങ്ങളും മുട്ടകളും ഉള്‍പ്പെടെ കൂട്ടത്തോടെ പെലാജിക് വലകളില്‍ കുടുങ്ങുന്നു. ഇങ്ങനെ കിട്ടുന്ന ചെറുമീനുകളെ വ്യവസായിക ആവശ്യത്തിനായി കയറ്റി അയയ്ക്കുകയാണ്.

പെലാജിക് ഇരട്ട വല ഉപയോഗിച്ചുള്ള മത്സ്യ ബന്ധനം വ്യാപകമാകുന്നത് പരമ്പരാഗത മത്സ്യ ബന്ധനത്തിന് ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ല. കിലോമീറ്ററുകളോളം താഴേക്ക് എത്തുന്ന ഈ വല ഉപയോഗിച്ചുള്ള മത്സ്യബന്ധന രീതി നിയമവിരുദ്ധമാണെങ്കിലും പലയിടത്തും യഥേഷ്ടം നടക്കുന്നു. ഫിഷറീസ് വകുപ്പ് ഇതിനെതിരെ നടപടികള്‍ തുടരുന്നുണ്ടെങ്കിലും ഇപ്പോഴും ഇതേ മത്സ്യ ബന്ധന രീതി വ്യാപകമായി തുടരുന്നത് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. പെലാജിക്ക് വല ഉപയോഗിച്ചുള്ള മത്സ്യ ബന്ധനം തടഞ്ഞില്ലെങ്കില്‍ പരമ്പരാഗത മത്സ്യ ബന്ധനം തന്നെ ഇല്ലാതാകുന്ന സ്ഥിതിയാണുള്ളത്.

ചാളയും അയലയും കിട്ടാനില്ല

മുന്‍ വര്‍ഷങ്ങളില്‍ ജൂണ്‍, ജൂലായ് ആഗസ്റ്റ് മാസങ്ങളിലെ സീസണില്‍ ചാളയും അയലയും നല്ല പോലെ ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതൊന്നും ലഭിക്കാത്ത സ്ഥിതിയാണ്. കിളിമീനുകളാണ് അധികവും ലഭിച്ചത്. ചാള തീരെ കിട്ടാത്ത സ്ഥിതിയാണ്. കാലാവസ്ഥാ വ്യതിയാനവും വെള്ളത്തിന്റെ ഒഴുക്കും മൂലവും ചാള ഓരോ ഭാഗത്തേക്കും മാറി മാറി സഞ്ചരിച്ച് ഇപ്പോള്‍ തമിഴ്നാട് ഭാഗങ്ങളില്‍ എത്തിയെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. അധികം വൈകാതെ ചാള തിരിച്ചെത്തുമെന്നാണ് മത്സ്യത്തൊഴിലാളികളുടെ കണക്ക്കൂട്ടല്‍. ചാളക്കുഞ്ഞുങ്ങള്‍ ഇപ്പോഴും കടലില്‍ സജീവമായി ഉള്ളതാണ് പ്രത്യാശയ്ക്ക് കാരണം.

പെലാജിക് ഇരട്ട വല ഉപയോഗിച്ച് മത്സ്യം പിടിക്കുന്നത് ചേറ്റുവയുടെ വടക്കന്‍ പ്രദേശങ്ങളില്‍ ഇപ്പോഴും നിര്‍ബാധം തുടരുകയാണ്. ഇതിനെതിരെ ഫിഷറീസ് വകുപ്പും പൊലീസും ശക്തമായ നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം പരമ്പരാഗത മത്സ്യബന്ധം ഇല്ലാതാകും.
- പി.എസ്. ഷിഹാബ് (അഴീക്കോട് മേഖലാ സെക്രട്ടറി, പരമ്പരാഗത മത്സ്യത്തൊഴിലാളി സമിതി)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FISH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA