
അജയ് ദേവ്ഗൺ നായകനായ ബോളിവുഡ് ചിത്രം ദൃശ്യം 3ൽ നിന്ന് പിൻമാറിയ നടൻ അക്ഷയ് ഖന്നയ്ക്കെതിരെ വക്കീൽ നോട്ടീസ് അയച്ച് നിർമ്മാതാവ്. കരാർ ലംഘിച്ചെന്ന് ആരോപിച്ചാണ് ചിത്രത്തിന്റെ നിർമ്മാതാവ് കുമാർ മംഗത് പാതക് അക്ഷയ് ഖന്നയ്ക്ക് വക്കീൽ നോട്ടീസയച്ചത്. ദൃശ്യം 3ൽ അഭിനയിക്കാനാകില്ലെന്ന് ടെക്സ്റ്റ് മെസേജിലൂടെയാണ് താരം അറിയിച്ചതെന്ന് നിർമ്മാതാവ് പഞ്ഞു. അഡ്വാൻസ് തുക കൈപ്പറ്റിയ ശേഷമാണ് അക്ഷയ് ഖന്ന ചിത്രത്തിൽ നിന്ന് പിൻമാറിയത്.
മലയാളം ദൃശ്യം സീരീസിൽ മുരളി ഗോപി അവതരിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെയാണ് ഹന്ദിയിൽ അക്ഷയ് ഖന്ന അവതരിപ്പിച്ചത്. ഷൂട്ടിംഗ് നിറുത്തിവയ്ക്കാതിരിക്കാൻ അക്ഷയ് ഖന്നയ്ക്ക് പകരമായി ജയ്ദീപ് അഹ്‌ലാവതാണ് ഈ വേഷത്തിൽ അഭിനയിക്കുക. ചിത്രത്തിന്റെ മുഴുവൻ തിരക്കഥയും അക്ഷയ് ഖന്നയ്ക്ക് വിവരിച്ചു കൊടുക്കുകയും അദ്ദേഹത്തിന് ഇഷ്ടപ്പെടുകയും ചെയ്തിരുന്നു,. കരാറിൽ ഒപ്പുവയ്ക്കുന്നതിന് മുൻപ് പ്രതിഫലം സംബന്ധിച്ച് മൂന്നുതവണ ചർച്ച നടത്തിയാണ് ധാരണയിലെത്തിയത്. തുടർന്ന് കരാറിൽ ഒപ്പിടുകയും അഡ്വാൻസ് നൽകുകയും ചെയ്തു. കരാർ പാലിക്കണമെന്നും ഇല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നാണ് നോട്ടീസിൽ പറയുന്നത്. അതേ സമയം വക്കീൽ നോട്ടീസിൽ അക്ഷയ് ഖന്ന ഇതുവരെ പ്രതികരിച്ചിട്ടില്ല.
അഭിഷേക് പതക് രചനയും സംവിധാനവും നിർവഹിക്കുന്ന ദൃശ്യം 3, സ്റ്റാർ സ്റ്റുഡിയോ 18ന്റെ ബാനറിൽ അലോക് ജെയ്ൻ, കുമാർ മംഗത് പാതക്, അജിത് അന്ധാരെ, അഭിശേക് പതക് എന്നിവരാണ് നിർമ്മിക്കുന്നത്. ചിത്രത്തിൽ അജയ്ദേവ്ഗൺ, തബു എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |