കൊച്ചി: കേരളത്തിന്റെ മെട്രോ നഗരമായ കൊച്ചിയുടെ ഗതാഗതക്കുരുക്കിന് പരിഹാരമായ അങ്കമാലി - കുണ്ടന്നൂര്‍ ബൈപ്പാസ് നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ മുന്നോട്ട്. അടുത്ത വര്‍ഷം ഏപ്രില്‍ മാസത്തോടെ പദ്ധതിക്ക് ആവശ്യമായ ഭൂമിയുടെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. 2027 ഒക്ടോബറോടെ പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടാണ് നടപടിക്രമങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നത്.
അങ്കമാലി മുതല്‍ അരൂര്‍ വരെയുള്ള നിലവിലുള്ള എന്‍.എച്ച്-544, എന്‍.എച്ച്-66 ഭാഗങ്ങളിലെ തിരക്ക് കുറയ്ക്കാന്‍ ഉദ്ദേശിച്ചാണ് ദേശിയ പാത അതോറിറ്റി പുതിയ ബൈപാസ് വിഭാവനം ചെയ്തിരിക്കുന്നത്. നിര്‍ദിഷ്ട ബൈപ്പാസിലൂടെ യാത്ര ചെയ്യുമ്പോള്‍ കൊച്ചി നഗരത്തിലൂടെയുള്ള യാത്ര ഒഴിവാക്കുകയും അതുവഴി ഒരു മണിക്കൂര്‍ സമയം ലാഭിക്കുകയും ചെയ്യാമെന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത. 6000 കോടി രൂപ ചെലവിട്ടാണ് പദ്ധതി പൂര്‍ത്തിയാക്കുന്നത്.
അങ്കമാലിക്ക് സമീപം കരയാംപറമ്പില്‍ നിന്ന് ആരംഭിച്ച് കുണ്ടന്നൂര്‍ വരെയുള്ള 44 കിലോമീറ്ററിലാണ് ബൈപ്പാസ് നിര്‍മിക്കുന്നത്. അങ്കമാലി, അറക്കപ്പടി, പട്ടിമറ്റം, വടവുകോട്, ഐക്കരനാട് നോര്‍ത്ത്, ഐക്കരനാട് സൗത്ത്, തിരുവാണിയൂര്‍, മാറമ്പള്ളി, കറുകുറ്റി, തുറവൂര്‍, മറ്റൂര്‍, വടക്കുംഭാഗം, കിഴക്കുംഭാഗം, കുരീക്കാട്, തെക്കുംഭാഗം, തിരുവാങ്കുളം, മരട് തുടങ്ങിയ വില്ലേജുകളിലൂടെയാണ് പദ്ധതി കടന്നുപോകുന്നത്. അങ്കമാലി ജംഗ്ഷനിലെ ഗതാഗതക്കുരുക്കില്‍ പെടാതെ കൊച്ചി വിമാനത്താവളത്തില്‍ എത്താന്‍ യാത്രക്കാരെ സഹായിക്കുന്നതാണ് ബൈപാസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |