തിരുവനന്തപുരം : ശ്രീനാരായണ ഗുരു ഏകലോക ദർശനം പകർന്നു നൽകിയ അരുവിപ്പുറത്തു നിന്ന് ഉയരേണ്ടത് ഏകതയുടെ ശബ്ദമാണെന്ന് ശ്രീനാരായണ ധർമ്മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. അരുവിപ്പുറം മഠത്തിൽ പണിതീർത്ത അതിഥി മന്ദിരമായ ഭക്തനികുഞ്ജത്തിന്റെ സമർപ്പണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഭക്തർക്കായി മൂന്നു നിലകളിലായി 14 മുറികളും വിശാലമായ ഹാളും ഉൾപ്പെടെയാണ് അതിഥി മന്ദിരം നിർമിച്ചത്.
ലോകചരിത്രത്തിൽ അടയാളപ്പെടുത്തിയ ഈ പുണ്യപ്രദേശത്തുള്ളവർ പരസ്‌പരം തല്ലി, വിഭാഗീയചിന്ത വളർത്തി, കേസുകളമായി മുന്നോട്ടുപോകുന്നത് എന്തിനെന്ന് ചിന്തിക്കണം. സ്വാമി സാന്ദ്രാനന്ദ അരുവിപ്പുറത്തിന്റെ ചുമതലയേറ്റെടുത്തിന് പിന്നാലെ നിരവധി വാറോലകൾ പലരും അയച്ചു. അഞ്ഞൂറുപേർ വരെ ഒപ്പിട്ട നിവേദനങ്ങൾ നേരിട്ടുകൊണ്ടുവന്നിട്ടുമുണ്ട്. അതെല്ലാം വായിച്ച് താൻ മടക്കിവച്ചു. ചോദ്യം ചെയ്യാനോ ചർച്ചചെയ്യാനോ പോയില്ല. സ്വാമി സാന്ദ്രാനന്ദയുടെ പ്രവർത്തനത്തിലൂടെ അരുവിപ്പുറത്തിന് വളർച്ചയേ ഉണ്ടാകൂവെന്ന് അറിയാമായിരുന്നു. സ്വാമി വിവേകാനന്ദന്റെ ചിക്കോഗോ പ്രസംഗത്തിനും അഞ്ചുവർഷം മുമ്പ് ഏകതയുടെ സന്ദേശം ശ്രീനാരായണഗുരു പകർന്നു നൽകിയ പുണ്യപ്രദേശമാണിത്. ശ്രീകൃഷ്ണൻ, ശ്രീബുദ്ധൻ, യേശുക്രിസ്തു തുടങ്ങിയ ജഗത് ഗുരുക്കൻമാരുടെ പരമ്പരയിലേക്ക് ആയുധിക ലോകം സംഭവാന ചെയ്ത വിശ്വഗുരുവിന്റെ അവതാര കൃത്യനിർവഹണത്തിന് നാന്ദികുറിച്ചമണ്ണാണിതെന്നും സ്വാമി കൂട്ടിച്ചേർത്തു.
ധർമ്മസംഘം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ശാരദാനന്ദ,സ്വാമി വിശുദ്ധാനന്ദ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി.
എം.എം.എൽമാരായ സി.കെ.ഹരീന്ദ്രൻ, കെ.ആൻസലൻ, ഐ.ബി.സതീഷ്, ജില്ലാപഞ്ചായത്ത് അംഗം വി.എസ്.ബിനു, എസ്.എൻ.ഡി.പി യോഗം നെയ്യാറ്റിൻകര യൂണിയൻ സെക്രട്ടറി ആവണി ശ്രീകണ്ഠൻ,സി.പി.എം നെയ്യാറ്റിൻകര ഏര്യാ സെക്രട്ടറി അരുവിപ്പുറം ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു. അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സ്വാഗതവും അജി.എസ്.അരുവിപ്പുറം നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |