
കൊല്ലം: സി.പി.എം ജില്ലാ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറിയുമായ സുജ ചന്ദ്രബാബു മുസ്ലീം ലീഗിൽ ചേർന്നു.സി.പി.എമ്മിന്റെ വർഗ്ഗീയ നിലപാടിലും ചില നേതാക്കളുടെ ധാർഷ്ട്യത്തിലും പ്രതിഷേധിച്ചാണ് പാർട്ടി വിട്ടതെന്ന് സുജ ചന്ദ്രബാബു പറഞ്ഞു.
മുസ്ലീം ലീഗിന്റെ നവീകരിച്ച ജില്ലാ ഓഫീസ് സമർപ്പണ ചടങ്ങിനിടെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സുജ ചന്ദ്രബാബുവിന് മെമ്പർഷിപ്പ് നൽകി.2020ലാണ് സുജ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയായത്.ഇക്കഴിഞ്ഞ ജില്ലാ സമ്മേളനത്തിൽ സ്ഥാനമൊഴിഞ്ഞു.അടുത്തിടെ നടന്ന സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന എക്സിക്യുട്ടിവിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു.സംസ്ഥാന കമ്മിറ്റി അംഗമായി തുടർന്നു.കഴിഞ്ഞ ജില്ലാ സമ്മേളനത്തിലാണ് സി.പി.എം ജില്ലാ കമ്മിറ്റിയിലെത്തിയത്.രണ്ട് ദിവസം മുൻപ് നടന്ന സി.പി.എമ്മിന്റെ കുളത്തൂപ്പുഴ ലോക്കൽ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിംഗിൽ പങ്കെടുത്തിരുന്നു.
അഞ്ചൽ പഞ്ചായത്ത് പ്രസിഡന്റായി പതിമൂന്നരവർഷം പ്രവർത്തിച്ചിട്ടുണ്ട്.അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷയുമായിരുന്നു.സി.പി.എം പ്രാദേശിക നേതൃത്വവുമായുള്ള ഭിന്നതയാണ് പാർട്ടിവിടാൻ കാരണമെന്നാണ് സൂചന.അഞ്ചൽ പഞ്ചായത്ത് മുൻ സ്ഥിരം സമിതി അദ്ധ്യക്ഷനായ ഭർത്താവ് ചന്ദ്രബാബു ഇപ്പോഴും പാർട്ടി അംഗമാണ്.സുജ ചന്ദ്രബാബുവിന്റെ സ്ഥലമായ അഞ്ചൽ,പുനലൂർ നിയമസഭ മണ്ഡലത്തിൽ ഉൾപ്പെട്ട പ്രദേശമാണ്.യു.ഡി.എഫിൽ മുസ്ലീം ലീഗാണ് പുനലൂരിൽ മത്സരിക്കുന്നത്.നിയമസഭ തിരഞ്ഞെടുപ്പിൽ സുജ ചന്ദ്രബാബുവിനെ മുസ്ലീലീഗ് പുനലൂരിൽ സ്ഥാനാർത്ഥിയായി പരിഗണിക്കാൻ സാദ്ധ്യതയുണ്ട്.പാർട്ടി വിടാൻ സുജ ചന്ദ്രബാബു മാദ്ധ്യമങ്ങളോട് പറഞ്ഞ കാരണങ്ങളൊന്നും യാഥാർത്ഥ്യവുമായി ബന്ധമുള്ളതല്ലെന്ന് സി.പി.എം ജില്ലാ ആക്ടിംഗ് സെക്രട്ടറി എസ്.ജയമോഹൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |