തിരുവനന്തപുരം: അതിഗുരുതര ആരോപണങ്ങളുയർന്നിട്ടും മുഖ്യമന്ത്രി സംരക്ഷിക്കുന്നെന്ന് ആക്ഷേപം നിലനിൽക്കെ, എ.ഡി.ജി.പി അജിത്‌കുമാറിനെതിരെയും കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കലുൾപ്പെടെ പരാതികളിൽ സസ്പെൻഷനിലായ എസ്.പി സുജിത്ത്ദാസിനെതിരെയും വിജിലൻസ് അന്വേഷണം.
അനധികൃത സ്വത്ത് സമ്പാദനം, കൈക്കൂലിയടക്കം അജിത്‌കുമാറിനെതിരെയുള്ള സാമ്പത്തിക ആരോപണങ്ങളാണ് അന്വേഷിക്കുക. ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബിന്റെ ശുപാർശ മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു. പരാതികൾ വിജിലൻസ് ആസ്ഥാനത്തേക്ക് അയച്ചു. വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത അവധി കഴിഞ്ഞെത്തിയാലുടൻ അന്വേഷണം തുടങ്ങും. യോഗേഷിന് ഡി.ജി.പി റാങ്കാണ്. പ്രാഥമിക പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയാൽ കേസെടുക്കും.
സുജിത്ദാസിനെതിരായ ആരോപണങ്ങൾ തിരുവനന്തപുരം ഒന്നാം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് എസ്.പി കെ.എൽ. ജോൺകുട്ടിയാണ് അന്വേഷിക്കുക.
കവടിയാറിൽ അജിത്‌കുമാർ മണിമാളിക പണിയുന്നെന്ന പി.വി. അൻവറിന്റെ വെളിപ്പെടുത്തൽ അന്വേഷിക്കണമെന്ന് വിജിലൻസിന് എറണാകുളം സ്വദേശി പരാതിനൽകിയിരുന്നു. വിജിലൻസ് ഡയറക്ടർക്ക് അയച്ച പരാതി അന്വേഷണാനുമതിക്കായി മുഖ്യമന്ത്രിക്കും കൈമാറി. കവടിയാർ ഗോൾഫ് ക്ലബിനടുത്ത് പാലസ് അവന്യൂവിലെ വീടിന്റെ വിവരങ്ങൾ പി.വി. അൻവറാണ് വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയത്. അൻവർ ഡി.ജി.പിക്ക് പരാതിയും നൽകി.
തനിക്കെതിരായ പരാതി പിൻവലിച്ചാൽ എന്നും അൻവറിന്റെ വിധേയനായിരിക്കുമെന്ന സുജിത്തിന്റെ ഫോൺസംഭാഷണം സേനയ്ക്ക് നാണക്കേടായിരുന്നു. സുജിത്തിന്റെ ഡാൻസാഫ് സ്ക്വാഡ് കരിപ്പൂരിൽ പിടികൂടുന്ന സ്വർണത്തിൽ മുക്കാലും അടിച്ചുമാറ്റുന്നതായി അൻവർ ആരോപിച്ചിരുന്നു. പിടിച്ചെടുക്കുന്ന ഒരുകിലോ സ്വർണത്തിൽ 300 ഗ്രാംവരെ കുറവുണ്ടെന്ന് കണ്ടെത്തി സുജിത്തിനെതിരേ കസ്റ്റംസ് അന്വേഷണം തുടങ്ങുകയും ചെയ്തു. ഗുരുതര ചട്ടലംഘനം കണ്ടെത്തിയാണ് സസ്പെൻഡ് ചെയ്തത്.
അജിത്തിനെതിരെ
അന്വേഷിക്കുന്നത്
വസ്തുവാങ്ങാനും വീട് നിർമ്മിക്കാനും സ്വത്ത് സമ്പാദനം, ഓൺലൈൻ ചാനലുടമയിൽ നിന്ന് ഒന്നരക്കോടി കൈക്കൂലി, ബന്ധുക്കളെ ഉപയോഗിച്ച് സ്വർണ ഇടപാടുകൾ, സ്വർണം പൊട്ടിക്കൽ സംഘവുമായി ബന്ധം എന്നീ ആരോപണങ്ങൾ
സുജിത്തിനെതിരെ
അന്വേഷിക്കുന്നത്
പിടികൂടുന്ന കള്ളക്കടത്ത് സ്വർണം ഉരുക്കിമാറ്റി കോടികളുണ്ടാക്കി, പ്രതികളിൽ നിന്ന് പണം വാങ്ങി, മലപ്പുറം എസ്.പിയായിരിക്കെ ഓഫീസ് കോമ്പൗണ്ടിലെ മരങ്ങൾ മുറിച്ച് കടത്തി തുടങ്ങിയ ആരോപണങ്ങൾ
അൻവറിന് പിന്നിൽ
മാഫിയയെന്ന് മൊഴി
അജിത്കുമാർ ഇന്നലെ രാവിലെ പൊലീസ് ആസ്ഥാനത്തെത്തി ഡി.ജി.പിക്ക് മുന്നിൽ ആരോപണങ്ങളെല്ലാം നിഷേധിച്ചു. അൻവറിന് പിന്നിൽ ബാഹ്യശക്തികളുണ്ടെന്നാണ് അജിത്തിന്റെ മൊഴിയെന്നറിയുന്നു. സ്വർണക്കടത്ത്, കുഴൽപ്പണ- മയക്കുമരുന്ന് മാഫിയകൾ, നിരോധിത ഭീകര സംഘടനകൾ എന്നിവരുടെ ഗൂഢാലോചന സംശയിക്കുന്നു. നടപടിയെടുത്തതിന്റെ പക തീർക്കുകയാണ്. ആരോപണങ്ങൾ തെറ്റാണെന്ന് തെളിഞ്ഞാൽ ഉന്നയിച്ചവർക്കെതിരേ കേസെടുക്കണം. ചില തെളിവുകളും ഡി.ജി.പിക്ക് കൈമാറി.
വൈകിട്ട് ആറരയോടെ പി.വി.അൻവറും പൊലീസ് ആസ്ഥാനത്തെത്തി ഡി.ജി.പിയെ കണ്ടു. അജിത്കുമാറിന്റെ വിവാദ ആർ.എസ്.എസ് കൂടിക്കാഴ്ചയുടെ വിവരങ്ങൾ എഴുതി നൽകിയെന്നാണ് സൂചന. ഇതിലും അന്വേഷണമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |