മാലെ : ഇന്ത്യയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനുള്ള നീക്കത്തിൽ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. മുയിസു ഉടൻ ഇന്ത്യയിലെത്തുമെന്നും തീയതിയിൽ അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ലെന്നും മുയിസുവിന്റെ വക്താവ് അറിയിച്ചു. ചൈനാവാദിയായ മുയിസു ഇന്ത്യയുമായുള്ള നയതന്ത്ര വിള്ളൽ നികത്താനുള്ള നീക്കത്തിലാണെന്നാണ് സൂചന. നവംബറിൽ അധികാരമേറ്റതിന് പിന്നാലെ ഇന്ത്യാ വിരുദ്ധ നിലപാടുകളിലൂടെ വിവാദം സൃഷ്ടിച്ച മുയിസു അടുത്തിടെയായി മഞ്ഞുരുക്കാനുള്ള ശ്രമത്തിലാണ്.
ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുയിസു സർക്കാരിലെ മൂന്ന് മന്ത്രിമാർ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ചത് വൻ വിവാദമായിരുന്നു. മൂവരെയും സസ്പെൻഡ് ചെയ്തിരുന്നു. ഇതിൽ രണ്ട് പേർ കഴിഞ്ഞ ദിവസം രാജിവച്ചു. സ്വകാര്യ കാരണങ്ങൾ കാട്ടിയാണ് തീരുമാനം. രാജിപ്രഖ്യാപന ദിവസം തന്നെയാണ് മുയിസുവിന്റെ ഇന്ത്യാ സന്ദർശന വാർത്തയും പുറത്തുവിട്ടത്. മന്ത്രിമാരുടെ പരാമർശത്തിന് പിന്നാലെ ഇന്ത്യൻ ടൂറിസ്റ്റുകൾ കൂട്ടത്തോടെ യാത്ര റദ്ദാക്കിയത് മാലദ്വീപിന്റെ വരുമാനത്തിൽ വൻ ഇടിവുണ്ടാക്കിയിരുന്നു.
അതേ സമയം, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ കഴിഞ്ഞ മാസം മാലദ്വീപ് സന്ദർശിച്ചിരുന്നു. ജയശങ്കറുമായി കൂടിക്കാഴ്ച നടത്താനായതിൽ സന്തോഷമുണ്ടെന്നും ഇന്ത്യൻ സർക്കാരും പ്രധാനമന്ത്രി മോദിയും തങ്ങൾക്ക് നൽകുന്ന പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും മുയിസു അറിയിച്ചിരുന്നു. ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനമായ യു.പി.ഐ ( യൂണിഫൈഡ് പേയ്‌മെന്റ്സ് ഇന്റർഫേസ് ) മാലദ്വീപിൽ അവതരിപ്പിക്കാനുള്ള ധാരണാപത്രത്തിലും ഒപ്പിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |