
വാഷിംഗ്ടൺ: 2050 ഓടെ കാട്ടുപൂച്ചകളെ രാജ്യത്ത് നിന്ന് ഉന്മൂലനം ചെയ്യാനുള്ള നീക്കവുമായി ന്യൂസ്‌ലാൻഡ്. കാട്ടുപൂച്ചകൾ ജൈവവൈവിദ്ധ്യത്തിന് ഭീഷണിയാകുന്ന സാഹചര്യത്തിലാണ് നീക്കം. 25 ലക്ഷത്തോളം കാട്ടുപൂച്ചകളെ കൊല്ലേണ്ടിവരുമെന്നാണ് കണക്കുകൂട്ടുന്നത്.
ന്യൂസ്‌ലാൻഡിന്റെ 'പ്രഡേറ്റർ ഫ്രീ 2050' പട്ടികയിൽ കാട്ടുപൂച്ചകളെ ചേർക്കുമെന്ന് പരിസ്ഥിതി സംരക്ഷണ മന്ത്രി തമ പൊട്ടക അറിയിച്ചു. മറ്റുജീവികളെ വ്യാപകമായി കൊന്നുതിന്നുന്നതുവഴി ജൈവവൈവിദ്ധ്യത്തിന് കനത്ത ഭീഷണി ഉയർത്തുന്ന വന്യജീവികളെയാണ് 'പ്രഡേറ്റർ ഫ്രീ 20250' എന്ന പട്ടികയിൽ ഉൾപ്പെടുത്തുന്നത്. വളർത്തുപൂച്ചകളെ ഈ നീക്കം ബാധിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.
'വളർത്തുപൂച്ചകളിൽ നിന്ന് വ്യത്യസ്തമായി, വേട്ടയാടി ജീവിക്കുന്നവരാണ് കാട്ടുപൂച്ചകൾ. ഭൂമിയിൽ മറ്റൊരിടത്തും കാണാത്തവിധമുള്ള നിരവധി ജീവിവർഗങ്ങളുടെ ആവാസ കേന്ദ്രമാണ് ന്യൂസിലാൻഡ്. ഇവിടുത്തെ അതുല്യമായ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനായി കാട്ടുപൂച്ചകളുടെ എണ്ണം നിയന്ത്രിക്കേണ്ടത് ആവശ്യമാണ്' മന്ത്രി പറഞ്ഞു.
നോർത്ത് ഐലൻഡിലെ ഒഹാകുനെയ്ക്ക് സമീപം ഒരാഴ്‌ചയ്‌ക്കുള്ളിൽ 100 ലധികം കുറിയ വാലുള്ള വവ്വാലുകളെ കാട്ടുപൂച്ചകൾ കൊന്നൊടുക്കിയെന്നും സ്റ്റുവർട്ട് ദ്വീപിലെ തെക്കൻ ഡോട്ടറൽ പക്ഷികൾ കാട്ടുപൂച്ചകളുടെ ആക്രമണത്താൽ വംശനാശത്തിന്റെ വക്കിലെത്തിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ന്യൂസിലാൻഡിലെ വനങ്ങളിലും ഓഫ്‌ഷോർ ദ്വീപുകളിലുമായി രണ്ടര ദശലക്ഷത്തിലധികം കാട്ടുപൂച്ചകളുണ്ട്. അവയ്ക്ക് ഒരു മീറ്റർ വരെ നീളവും ഏഴ് കിലോഗ്രാം വരെ ഭാരവുമുണ്ടാകും. ഫാമുകൾ മുതൽ വനപ്രദേങ്ങളിൽ വരെ ഇപ്പോൾ കാട്ടുപൂച്ചയുടെ ശല്യമുണ്ടെന്നും അവ മറ്റ് ജീവികൾക്കു ഭീഷണിയാകുന്നതിനൊപ്പം രോഗങ്ങൾ പടർത്താൻ സാദ്ധ്യതയുണ്ടെന്നും മന്ത്രി പറയുന്നു. രാജ്യത്ത് മുൻപും ആവാസവ്യവസ്ഥയ്‌ക്ക് ഭീഷണിയാകുന്ന ജീവികളെ വ്യാപകമായി കൊന്നൊടുക്കിയിട്ടുണ്ട്. വ്യാപകമായി കൃഷിനാശം ഉണ്ടാക്കിയതിനെത്തുടർന്ന് 2021ൽ പതിനായിരക്കണക്കിന് മയിലുകളെ ന്യൂസ്‌ലാൻഡിൽ കൊന്നിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |