പാലക്കാട്: നിയന്ത്രണംവിട്ട കാർ താഴ്‌ചയിലേക്ക് മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്. പാലക്കാട് കാരാകുറുശി പഞ്ചായത്തിലെ കൊളപ്പാക്കം പാലത്തിന് സമീപമാണ് അപകടം. കാരാകുറുശി ഏറ്റുപുറത്തിൽ വീട്ടിൽ ബാബു (40), മക്കളായ അഖിൽ കൃഷ്‌ണ (14), അഭിഞ്ജ (13) എന്നിവർക്കാണ് പരിക്കേറ്റത്.
കാർ 20 അടി താഴ്‌ചയിലേക്കാണ് മറിഞ്ഞത്. പരിക്കേറ്റവരെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്‌ച അർദ്ധരാത്രിയിലാണ് അപകടമുണ്ടായത്. കൈവരി ഇല്ലാത്ത റോഡായിരുന്നു അപകട സ്ഥലത്ത്. കാർ വീണ ശബ്‌ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും ഇവർ വിവരമറിയിച്ച പ്രകാരം എത്തിയ ആംബുലൻസ് പ്രവർത്തകരും ചേർന്നാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.
അഗ്നിരക്ഷാ സേനയെയും വിവരമറിയിച്ചിരുന്നു. സ്റ്റേഷനിൽ നിന്നും സീനിയർ ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ ടി ജയരാജൻ, വി സുരേഷ് കുമാർ, കെ വി സുജിത്ത്, എം രമേഷ്, എം ആർ രാഗിൽ, ടി കെ അൻസൽ ബാബു എന്നിവരുൾപ്പെട്ട സംഘവും സ്ഥലത്തെത്തി. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിക്ക് സാരമുള്ളതല്ലെന്നാണ് ആശുപത്രിയിൽ നിന്നും ലഭിച്ച വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |