കൊച്ചി: സി.ബി.ഐ ഉദ്യോഗസ്ഥരാണെന്നും വെർച്വൽ അറസ്റ്റ് ചെയ്തെന്നും വിശ്വസിപ്പിച്ച് കോടികൾ തട്ടുന്ന ഉത്തരേന്ത്യൻ സംഘത്തിലെ പ്രധാനി കൊച്ചിയിൽ അറസ്റ്റിലായതോടെ സംഘത്തലവനടക്കം പൊലീസിന്റെ റഡാറിൽ.
ഡൽഹി സ്വദേശിയായ തലവനും സംഘവും റഷ്യയിലിരുന്നാണ് തട്ടിപ്പ് നടത്തുന്നത്. തലവനെ പിടി കൂടാനുള്ള അന്വേഷണം തുടങ്ങി. മറ്റ് സംസ്ഥാന പൊലീസുകാർ തലങ്ങുംവിലങ്ങും അന്വേഷിച്ചിട്ടും എങ്ങുമെത്താത്ത സി.ബി.ഐ വെർച്വൽ അറസ്റ്റ് തട്ടിപ്പുകേസുകളിലെ പ്രധാനിയെ അറസ്റ്റു ചെയ്തത് കൊച്ചി സിറ്റി പൊലീസിനും പൊൻ തൂവലായി.
ജാർഖണ്ഡ് സ്വദേശി ഡൽഹിയിൽ താമസിക്കുന്ന പ്രിൻസ് പ്രകാശാണ് (24) പിടിയിലായത്. റഷ്യയിൽ മെഡിസിന് പഠിക്കുന്ന പ്രിൻസിനെ സെൻട്രൽ എസ്.ഐ അനൂപ് സി. ചാക്കോയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം 11ദിവസം നീണ്ടുനിന്ന ഓപ്പറേഷനിലൂടെയാണ് പിടി കൂടിയത്. കഴിഞ്ഞ മാർച്ചിൽ കൊച്ചിയിലെ പ്രമുഖ ഹോട്ടൽ ഉടമയെ കബളിപ്പിച്ച് 30 ലക്ഷം രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. 15 പേരെ ഇതിനകം പൊലീസ് പിടി കൂടിയിരുന്നു. ഒടുവിൽ പിടിയിലായ മലപ്പുറം സ്വദേശി മുഹമ്മദ് ഷാഹിദിൽ നിന്ന് ലഭിച്ച സൂചനകൾ കോർത്തിണക്കിയായിരുന്നു അന്വേഷണം. ഷാഹിദിനെ ഹബീബി എന്നാണ് പ്രിൻസ് വിളിച്ചിരുന്നത്.
തട്ടിപ്പുകാർക്കിടയിൽ ഫായീസെന്നാണ് പ്രിൻസ് അറിയപ്പെടുന്നത്.
സംസ്ഥാനത്തിന് പുറമേ ചെന്നൈയിലും തട്ടിപ്പു കേസിൽ പ്രതിയാണിയാൾ. വിവിധ അന്വേഷണ ഏജൻസികളും പ്രിൻസിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ തയ്യാറെടുക്കുകയാണ്. അക്കൗണ്ടു വഴി കള്ളപ്പണം വെളുപ്പിച്ചെന്നും അറസ്റ്റ് ചെയ്യുമെന്നും വീഡിയോ കോളിലൂടെ ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. തട്ടിപ്പാണെന്ന് വ്യക്തമായതോടെ ഹോട്ടൽ ഉടമ പരാതി നൽകുകയായിരുന്നു. കേസിൽ ആദ്യം അറസ്റ്റിലായ 14 പേർക്കും തട്ടിപ്പുമായി നേരിട്ട് ബന്ധമുണ്ടായിരുന്നില്ല. ക്രിപ്റ്റോ കറൻസി ഇടപാടെന്നാണ് ഇവരോട് പറഞ്ഞിരുന്നത്. അന്വേഷണ സംഘത്തിൽ എ.എസ്.ഐ ഇ.എം. ഷാജി, സി.പി.ഒമാരായ ഷിഹാബ്, ഉണ്ണിക്കൃഷ്ണൻ എന്നിവരുമുണ്ടായിരുന്നു.
ഓപ്പറേഷൻ വെറ്റ്ബയോട്ടിക്: 2.33 ലക്ഷം വിലയുള്ള
വെറ്ററിനറി ആന്റിബയോട്ടിക്കുകൾ പിടിച്ചെടുത്തു
തിരുവനന്തപുരം: ആരോഗ്യവകുപ്പ് സംഘടിപ്പിച്ച ഓപ്പറേഷൻ വെറ്റ്ബയോട്ടിക് ഓപ്പറേഷനിലൂടെ 2.33 ലക്ഷം വിലയുള്ള വെറ്ററിനറി ആന്റിബയോട്ടിക്കുകൾ പിടിച്ചെടുത്തു. ഡോക്ടറുടെ നിർദ്ദേശമില്ലാതെ വളർത്തുമൃഗങ്ങൾക്ക് അനാവശ്യമായി ആന്റിബയോട്ടിക്കുകൾ നൽകുന്നതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു പരിശോധന. മൃഗങ്ങളുടെ പാലിലൂടെയും മാംസത്തിലൂടെയും ആന്റിബയോട്ടിക്കുകളുടെ സാന്നിദ്ധ്യം മനുഷ്യ ശരീരത്തിലെത്തുന്നത് ആരോഗ്യത്തിന് ഹാനികരമാകുന്നതിനാലാണ് നടപടി.
ഷെഡ്യൂൾ എച്ച്, എച്ച്1 വിഭാഗത്തിൽ ഉൾപ്പെടുന്ന വെറ്ററിനറി ആന്റിബയോട്ടിക് മരുന്നുകൾ വിൽപന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ വെറ്റ്ബയോട്ടിക് സംഘടിപ്പിച്ചത്.
ഡ്രഗ്സ് കൺട്രോൾ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ വിവിധജില്ലകളിലായി 73 പെറ്റ് ഷോപ്പുകളിലും വെറ്ററിനറി മരുന്നുകൾ വിൽക്കുന്ന ഔഷധവ്യാപാര സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി.ആനിമൽ/ ഫിഷ് ഫീഡുകളിൽ ചേർക്കുന്നതിനായി സൂക്ഷിച്ചിട്ടുള്ള ആന്റിബയോട്ടിക്കുകളും, പെട്ടെന്നുള്ള വളർച്ചയ്ക്കായി നൽകുന്ന മരുന്നുശേഖരങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ലൈസൻസ് ഇല്ലാത്ത രണ്ട് സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു. 1,28,000 രൂപയോളം വിലയുള്ള മരുന്നുകൾ പിടിച്ചെടുത്തു.
ലൈസൻസ് ഇല്ലാതെ നിർമ്മിച്ച് വിതരണംചെയ്ത ആനിമൽ ഫീഡ് സപ്ലിമെന്റുകൾ വാങ്ങി സൂക്ഷിച്ചതിനും വിൽപന നടത്തിയതിനും രണ്ട് വ്യാപാരസ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. 1,04,728 രൂപയോളം വിലയുള്ള ആന്റിബയോട്ടിക്ക് ആനിമൽ ഫീഡ് സപ്ലിമെന്റുകളും പിടിച്ചെടുത്തു. ഇവ ഗുണനിലവാര പരിശോധനയ്ക്കായി തിരുവനന്തപുരം, എറണാകുളം ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറികളിലേക്ക് പരിശോധനയ്ക്കായി അയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |