
കൊച്ചി: കടവന്ത്ര എളംകുളത്തെ ഫ്ലാറ്റിൽ തനിച്ചു താമസിക്കുന്ന 77കാരിയെ വെർച്വൽ അറസ്റ്റിൽപ്പെടുത്തി 6.38 കോടി രൂപ തട്ടിയെടുത്തു. ഒക്ടോബർ മൂന്നിനാണ് തട്ടിപ്പിനു തുടക്കമെന്ന് കൊച്ചി സിറ്റി സൈബർ പൊലീസ് അറിയിച്ചു. വിധവയായ വീട്ടമ്മ തനിച്ചാണ് താമസം. ഇവരുടെ മൊബൈൽ ഫോണിൽ വിളിച്ചും വാട്സാപ്പിൽ വീഡിയോ കോൾ ചെയ്തുമാണ് വെർച്വൽ അറസ്റ്റിന് വിധേയമാക്കിയത്.
മുംബയ് പൊലീസ് ഉദ്യോഗസ്ഥർ എന്ന വ്യാജേനയാണ് ഇവർ ബന്ധപ്പെട്ടത്. വീട്ടമ്മയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിൽ കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ടെന്നും കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് കേസ് എടുത്തിട്ടുണ്ടെന്നും സംഘം അറിയിച്ചു. അറസ്റ്റിൽ നിന്നൊഴിവാകാൻ അക്കൗണ്ടിലെ നിക്ഷേപം പരിശോധിക്കേണ്ടതുണ്ടെന്നും ഇതിനായി അക്കൗണ്ടിലെ തുക സംഘം നൽകുന്ന അക്കൗണ്ടുകളിൽ അയച്ചുകൊടുക്കണമെന്നും ആവശ്യപ്പെട്ടു. പണത്തിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തത വരുത്തിയ ശേഷം തിരിച്ചയയ്‌ക്കും എന്നായിരുന്നു ഉറപ്പ്.
വിളിച്ചവർ പൊലീസ് വേഷത്തിലായതിനാൽ വീട്ടമ്മ സംശയിച്ചില്ല. തുടർന്ന് ഡിസംബർ 15 വരെയുള്ള കാലയളവിൽ സംഘം നൽകിയ വിവിധ അക്കൗണ്ടുകളിലായി 6,38,21,864 രൂപ അയച്ചുകൊടുത്തു.
പണം തിരിച്ചു കിട്ടാതിരുന്നതിനെ തുടർന്ന് സംശയം തോന്നി ബന്ധുക്കളെ അറിയിച്ചപ്പോഴാണ് തട്ടിപ്പിന് ഇരയായെന്ന് വീട്ടമ്മ തിരിച്ചറിയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |