തിരുവനന്തപുരം: വൈദ്യുതി വിപണിയിൽ വില കൂടിയതോടെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ആണവനിലയം സ്ഥാപിക്കാനുള്ള ഒരുക്കങ്ങളുമായി കെ.എസ്.ഇ.ബി മുന്നോട്ട്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അനുവദിച്ചാൽ കേരള തീരത്ത് സുലഭമായ തോറിയം ഉപയോഗിച്ച് ആണവനിലയം സ്ഥാപിക്കാനാണ് നീക്കം.
വിപണിയിൽ ഒരു യൂണിറ്റ് വൈദ്യുതിക്ക് 3.08രൂപ ആയിരുന്നത് 5.38രൂപയായി. വിതരണം ചെയ്യുമ്പോൾ 3 - 4 രൂപ അധികം വേണ്ടിവരും. സോളാർ വൈദ്യുതി ഉത്പാദനം കൂടുന്നുണ്ടെങ്കിലും
സ്റ്റോറേജ് ബാറ്ററി ഇല്ലാത്തതിനാൽ രാത്രിയിൽ ഉപയോഗിക്കാനാവില്ല. ബാറ്ററി സംവിധാനത്തിന് ഭീമമായ ചെലവാണ്. ദിവസം 70 ദശലക്ഷം യൂണിറ്റാണ് ശരാശരി ഉപയോഗം. ഇതിൽ 20 ദശലക്ഷം യൂണിറ്റിൽ താഴെ മാത്രമാണ് ജലവൈദ്യുതി ഉത്പാദനം.
22,000 കോടിയാണ് ഒരു വർഷത്തെ മൊത്തം ചെലവ്. ഇതിൽ 15,000കോടിയും വൈദ്യുതി വാങ്ങാനാണ്. പ്രതിസന്ധി മറികടക്കാൻ അടിക്കടി താരിഫ് കൂട്ടുന്നത് വൻ ജനരോഷമുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കുറഞ്ഞ ചെലവിൽ ആണവ വൈദ്യുതി ഉത്പാദിപ്പിച്ച് പുറത്തു നിന്ന് വൈദ്യുതി വാങ്ങുന്ന ബാദ്ധ്യത ഒഴിവാക്കാമെന്നാണ് പ്രതീക്ഷ.
465 മെഗാവാട്ടിന്റെ ദീർഘകാല കരാർ റദ്ദാക്കിയതിന്റെ പ്രതിസന്ധി പരിഹരിച്ചിട്ടില്ല. 500 മെഗാവാട്ട് ഉത്പാദിപ്പിക്കാനുള്ള കൽക്കരി (കോൾ ലിങ്കേജ് ) കിട്ടിയതാണ് ആശ്വാസം. 500 മെഗാവാട്ട് സോളാർ വൈദ്യുതി വാങ്ങാനും നടപടിയെടുത്തു. പ്രതിസന്ധി പരിഹരിക്കാൻ ഇതൊന്നും മതിയാകില്ല. വൈദ്യുതിക്ക് അടിക്കടി വിലകൂട്ടുന്നത് കാർഷിക,വ്യവസായ പ്രതിസന്ധിയും സൃഷ്ടിക്കുന്നുണ്ട്.
രണ്ട് ലക്ഷം ടൺ തോറിയം
ചവറയിലും സമീപ പ്രദേശങ്ങളിലുമായി രണ്ട് ലക്ഷം ടൺ തോറിയമുണ്ട്. ലോകത്തെ തോറിയത്തിന്റെ 30%. കരിമണൽ മേഖലയായ ആലപ്പുഴയിലെ കായംകുളത്ത് എൻ.ടി.പി.സി.ക്ക് 1180 ഏക്കർ സ്ഥലമുണ്ട്. അതിൽ 600 ഏക്കറിൽ തോറിയം നിലയം സ്ഥാപിക്കാം. 385 മെഗാവാട്ട് ശേഷിയുള്ള കായംകുളം താപ നിലയത്തിൽ വൈദ്യുതി ഉത്പാദനമില്ല. കൽപാക്കത്ത് ഭാഭാ അറ്റോറിക് റിസർച്ച് സെന്ററിന് തോറിയം നിലയമുണ്ട്. അതുപോലൊന്ന് കായംകുളത്ത് സ്ഥാപിക്കാനാണ് പ്ളാൻ. തോറിയത്തിന്റെ നിലവാരം,സുരക്ഷ, ചെലവ് തുടങ്ങിയ പഠനറിപ്പോർട്ടും അനുകൂലമാണ്. പ്രധാന ഭരണകക്ഷികളായ സി.പി.എമ്മും സി.പി.ഐയും നിലപാട് വ്യക്തമാക്കിയിട്ടില്ല.
രാജ്യത്തെ ആണവ വൈദ്യുതി ഉത്പാദനം
8 പ്ളാന്റുകൾ (7180 മെഗാവാട്ട്)
4 പ്ലാന്റുകൾ നിർമ്മാണത്തിൽ (5300 മെഗാവാട്ട്)
11പ്ളാന്റുകൾ കൂടി നിർമ്മിക്കും (39,200മെഗാവാട്ട് )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |