തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരേ ഫിനെസ് തൃശൂര്‍ ടൈറ്റന്‍സിന് നാലു വിക്കറ്റ് ജയം. 85 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ തൃശൂര്‍ 17.5 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. തൃശൂരിനു വേണ്ടി 31 പന്തില്‍ പുറത്താകാതെ പി.കെ മിഥുന്‍ 23 റണ്‍സ് നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊച്ചിയുടെ മുന്‍നിര മുതല്‍ വാലറ്റം വരെയുള്ള ബാറ്റ്സ്മാന്‍മാര്‍ തൃശൂരിന്റെ ബൗളര്‍മാര്‍ക്കു മുന്നില്‍ വേഗത്തില്‍ കീഴടങ്ങി. ഓപ്പണര്‍ ആനന്ദ് കൃഷ്ണനു മാത്രമാണ് രണ്ടക്കം കടക്കാനായത്. 26 പന്തില്‍ 28 റണ്‍സ് സ്വന്തമാക്കിയ ആനന്ദിനെ അക്ഷയ് മനോഹറിന്റെ പന്തില്‍ അഹമ്മദ് ഇമ്രാന്‍ പുറത്താക്കി.
തൃശൂരിന്റെ മുഹമ്മദ് ഇഷാക്കിന്റെ പന്തുകള്‍ക്ക് മുന്നില്‍ കൊച്ചി അടി പതറുന്ന കാഴ്ചയാണ് കാര്യവട്ടത്ത് കണ്ടത്. നാല് ഓവറില്‍ 12 റണ്‍സ് വിട്ടുകൊടുത്ത് നാലു വിക്കറ്റുകളാണ് ഇഷാക്ക് പിഴുതത്. 17 ഓവറില്‍ 84 റണ്‍സിന് കൊച്ചിയുടെ ഇന്നിംഗ്സ് അവസാനിച്ചു.
85 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ തൃശൂരിന് ആദ്യ ഓവറില്‍ രണ്ടു വിക്കറ്റുകള്‍ നഷ്ടമായി. ക്യാപ്റ്റന്‍ ബേസില്‍ തമ്പി എറിഞ്ഞ ഓവറിലെ നാലാം പന്തില്‍ വിഷ്ണു വിനോദിന്റെയും അഞ്ചാം പന്തില്‍ അനസ് നസീറിന്റെയും വിക്കറ്റുകള്‍ തൃശൂരിന് നഷ്ടമായി. ഒന്നാം ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ നാലു റണ്‍സ് എന്ന നിലയിലായി തൃശൂര്‍.
അഞ്ച് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 23 എന്ന നിലയിലായിരുന്നു അവര്‍. 14-ാം ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 61 എന്ന നിലയിലായി തൃശൂര്‍. തുടര്‍ന്ന് വിക്കറ്റുകള്‍ നഷ്ടമാകാതെ മിഥുന്‍ - ഏദന്‍ ആപ്പിള്‍ ടോം സഖ്യം തൃശൂരിനെ വിജയത്തിലെത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |