കൊച്ചി: വന്ദേ മെട്രോ എ.സി ട്രെയിനുകൾ ട്രാക്കിലേക്ക്. ഗുജറാത്തിലെ അഹമ്മദാബാദ്-ഭുജ് റൂട്ടിൽ ആരംഭിക്കുന്ന ആദ്യ വന്ദേമെട്രോ 16ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്യും.800 കിലോമീറ്റർവരെയാണ് സർവീസ്. കുറഞ്ഞത് 12 കോച്ചുകളുണ്ടാകും. 30രൂപയും ജി.എസ്.ടിയുമാണ് തുടക്കത്തിലെ മിനിമം നിരക്ക്. അഞ്ചിന്റെ ഗുണിതങ്ങളായാകും തുടർന്നുള്ള നിരക്കുകൾ. കുട്ടികൾക്ക് ഇളവുണ്ട്. സീസൺ ടിക്കറ്റുകൾ ലാഭകരമാകും. ഒരാഴ്ച,രണ്ടാഴ്ച,ഒരുമാസം എന്നിങ്ങനെയാണ് കാലാവധി. അതേസമയം, ആദ്യ വന്ദേമെട്രോ 334 കിലോമീറ്ററാണ് സർവീസ് നടത്തുക. അഹമ്മദാബാദിൽ നിന്ന് ഭുജിലെത്താൻ 5.45 മണിക്കൂർ. 9 സ്റ്റോപ്പുകളുമുണ്ട്.
സ്ലീപ്പറുകളുടെ
എണ്ണം കുറയും
അതിനിടെ വന്ദേഭാരത് സ്ളീപ്പർ ട്രെയിനുകളുടെ എണ്ണം കുറയ്ക്കാനും കോച്ചുകളുടെ എണ്ണം കൂട്ടാനും റെയിൽവേ തീരുമാനിച്ചതായാണ് വിവരം. 58,000കോടിയുടെ പദ്ധതിയിൽ 16 കോച്ചുകൾ വീതമുള്ള 200 സ്ലീപ്പർ ട്രെയിനുകൾക്കാണ് കരാർ നൽകിയിട്ടുള്ളത്. ട്രെയിനുകളുടെ എണ്ണം 133 ആക്കാനും കോച്ചുകൾ 24ലേക്ക് വർദ്ധിപ്പിക്കാനുമാണ് പുതിയ നിർദ്ദേശം. ട്രാക്കുകളിൽ ട്രെയിനുകളുടെ തിരക്കാണ് ഇതിന് ഒരുകാരണം. ഒരേ സ്ലീപ്പർട്രെയിനിൽത്തന്നെ കൂടൂതൽ യാത്രക്കാരെ ഉൾക്കൊള്ളിച്ചാൽ നടത്തിപ്പുചെലവും യാത്രാച്ചെലവും കുറയ്ക്കാനാകുമെന്നതാണ് മറ്റൊരു വിലയിരുത്തൽ. അതേസമയം അടങ്കൽത്തുകയിൽ മാറ്റമുണ്ടാകില്ല. റെയിൽ വികാസ് നിഗമിന്റെ മേൽനോട്ടത്തിൽ രണ്ട് കൺസോർഷ്യങ്ങൾ വന്ദേസ്ലീപ്പർ നിർമ്മാണം തുടങ്ങിയിട്ടുണ്ട്. എന്നാൽ ഇവ ട്രാക്കിലെത്താൻ വൈകും.
കാത്തിരിക്കണം
കേരളം വന്ദേമെട്രോയ്ക്ക് ഇനിയും കാത്തിരിക്കണം. തിരുവനന്തപുരം,പാലക്കാട് ഡിവിഷനുകളിലായി 5 വീതം റൂട്ടുകളാണ് പരിഗണനയിലുള്ളത്.
മുംബായിൽ നിന്ന്ദീപാവലി സ്പെഷ്യൽ ട്രെയിൻ
തിരുവനന്തപുരം:ദീപാവലിക്കാലത്തെ യാത്രാതിരക്ക് പരിഗണിച്ച് ഈ സീസണിലെ ആദ്യ ദീപാവലി സ്പെഷ്യൽ ട്രെയിൻ സർവ്വീസ് പ്രഖ്യാപിച്ച് റെയിൽവെ. ഒക്ടോബർ 24മുതൽ നവംബർ 14വരെയാണ് സർവ്വീസ്.ട്രെയിൻ നമ്പർ 01463/01464.മുംബായ് ലോകമാന്യതിലക് റെയിൽവേ സ്റ്റേഷനിൽ നിന്ന് വ്യാഴാഴ്ചകളിൽ വൈകിട്ട് നാലിന് പുറപ്പെട്ട് പിറ്റേന്ന് രാത്രി 8.40ന് കൊച്ചുവേളിയിലെത്തും. മടക്ക സർവ്വീസ് ശനിയാഴ്ചകളിൽ വൈകിട്ട് 4.20ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാത്രി 9.50ന് മുംബായിലെത്തും.കൊങ്കൺ വഴിയാണ് സർവ്വീസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |