തിരുവനന്തപുരം : ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ദിനം പ്രാർത്ഥനാദിനമായി നാടെങ്ങും ആചരിച്ചു. മഹാസമാധി സ്ഥാനമായ ശിവഗിരി ഉൾപ്പെടെ രാജ്യത്തിനകത്തും പുറത്തുമുള്ള ശ്രീനാരായണ മഠങ്ങളിലും ക്ഷേത്രങ്ങളിലും ഇന്നലെ പുലർച്ചെ മുതൽ പ്രാർത്ഥനാചടങ്ങുകൾ നടന്നു.
മഹാസമാധിയിൽ പുലർച്ചെ മുതൽ വിശേഷാൽപൂജ, ഹവനം, പാരായണം എന്നിവയ്‌ക്കുശേഷം സമാധിപീഠത്തിൽ ജപം, ധ്യാനം, സമൂഹപ്രാർത്ഥന എന്നിവ നടന്നു. ആയിരക്കണക്കിന് ഭക്തർ പങ്കെടുത്തു.
ശ്രീനാരായണ ഗുരുദേവൻ സമാധി പ്രാപിച്ച 3.30 ന് 'ശ്രീനാരായണ പരമഗുരവേ നമഃ 'എന്ന മൂലമന്ത്രവുമായി ശാരദാമഠത്തിൽ ശാന്തി ഹോമയജ്ഞം നടത്തി. തുടർന്ന് സന്യാസിമാർ സമാധിപീഠത്തിൽ എത്തിച്ച കലശം 108 മന്ത്രോച്ചാരണത്തിനുശേഷം പുഷ്പാർച്ചനയോടെ ഗുരുദേവ വിഗ്രഹത്തിൽ അഭിഷേകം ചെയ്തു. ഗുരുപൂജയിൽ പങ്കെടുത്ത് അനുഗ്രഹ വർഷത്തിനായി കാത്തുനിന്ന പീതാംബരധാരികളായ ഭക്തർ ഗുരുസ്തവം, ഗുരുഷഡ്കം, ദൈവദശകം,അഷ്ടോത്തര ശതനാമാവലി എന്നിവ പ്രാർത്ഥനയായി ചൊല്ലി.
കഴിഞ്ഞ ദിവസം ശിവഗിരിയിലെത്തി മൗനവ്രതവും ഉപവാസവും അനുഷ്ഠിച്ച ചാത്തന്നൂർ ഇടവക വികാരി ഫാദർ കോശി ജോർജിന് വാഴപ്പഴം നൽകി സ്വാമി സച്ചിദാനന്ദ വ്രതം അവസാനിപ്പിച്ചു.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ,ബോർഡ് അംഗം സ്വാമി സൂക്ഷ്മാനന്ദ എന്നിവരുടെ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ശിവഗിരിയിൽ ഗുരുപൂജയിലും മറ്റുചടങ്ങുകളിലും പങ്കെടുക്കാൻ ആയിരങ്ങളാണ് ഇന്നലെ എത്തിച്ചേർന്നത്.
ഗുരുദേവന്റെ ജന്മഗൃഹമായ ചെമ്പഴന്തി വയൽവാരം വീട്, ശിവലിംഗ പ്രതിഷ്ഠയിലൂടെ ഗുരു സാമൂഹിക വിപ്ളവത്തിന് തുടക്കം കുറിച്ച അരുവിപ്പുറം, ഗുരുദേവന്റെ തപോഭൂമിയായിരുന്ന കൊടിതൂക്കിമല എന്നിവിടങ്ങളിലടക്കം രാവിലെ മുതൽ പ്രത്യേക പൂജകളും അഖണ്ഡനാമജപവും നടന്നു.
ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ വിവിധ ക്ഷേത്രങ്ങൾ, മഠങ്ങൾ എന്നിവിടങ്ങളിൽ നടന്ന പ്രത്യേക പ്രാർത്ഥനാ ചടങ്ങുകൾക്ക് പുറമെ, എസ്.എൻ.ഡി.പി യോഗത്തിന്റെ ഏഴായിരത്തോളം ശാഖകളിലും വിവിധ ശ്രീനാരായണ സംഘടനകളുടെ ആഭിമുഖ്യത്തിലും കഞ്ഞിവീഴ്ത്ത് നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |