തിരുവനന്തപുരം: പി.എസ്.സി പരീക്ഷയിൽ ക്രമക്കേട് നടന്നതിൽ പ്രതിഷേധിച്ച് പി.എസ്.സി ആസ്ഥാനത്തേക്ക് കെ.എസ്.യു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാർച്ചിൽ സംഘർഷം. ജില്ലാ പഞ്ചായത്ത് ഓഫീസിന് സമീപത്തുനിന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിന്റെ നേതൃത്വത്തിൽ പ്രകടനമായെത്തിയ പ്രവർത്തകർ
പി.എസ്.സി ചെയർമാനെ കാണണമെന്ന ആവശ്യം ഉന്നയിച്ചു. എന്നാൽ പൊലീസ് ഈ ആവശ്യം അംഗീകരിച്ചില്ല. തുടർന്ന് പൊലീസുമായി നേരിയ സംഘർഷമുണ്ടായി. ഇതിനിടെ കെ.എസ്.യു നേതാക്കളായ നബീൽ കല്ലമ്പലവും ജോയലും പി.എസ്.സി ആസ്ഥാനത്തിനു മുന്നിലെ കവാടത്തിന് മുകളിൽ കയറി പ്രതിഷേധിച്ചു. സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് ഉൾപ്പെടെയുള്ള പ്രവർത്തകർ ഓഫീസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എസ്.എഫ്.ഐ നേതാക്കൾ പൊലീസ് കോൺസ്റ്റബിൽ പരീക്ഷയിൽ ഗുരുതര ക്രമക്കേട് നടത്തിയിട്ടും പി.എസ്.സി ചെയർമാൻ ലാഘവത്തോടെയാണ് കാണുന്നതെന്ന് കെ.എം. അഭിജിത്ത് ആരോപിച്ചു. ചെയർമാനെ കാണണമെന്ന് ആവശ്യപ്പെട്ട് ഗേറ്റ് ചാടിക്കടന്ന അഭിജിത്തിനെ പൊലീസ് ബലം പ്രയോഗിച്ച് തിരിച്ചിറക്കി. പ്രതിഷേധം ശക്തമായതോടെ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നന്ദാവനം പൊലീസ് ക്യാമ്പിലേക്ക് മാറ്റി. പ്രതിഷേധത്തെ തുടർന്ന് പി.എസ്.സി ആസ്ഥാനത്തിന്റെ പ്രധാന കവാടം ഒരു മണിക്കൂറിലേറെ അടച്ചിട്ടതോടെ ചെയർമാന്റെ വാർത്താസമ്മേളനത്തിന് എത്തിയ മാദ്ധ്യമപ്രവർത്തകരും വിവിധ ആവശ്യത്തിന് എത്തിയ ഉദ്യോഗാർത്ഥികളും കുടുങ്ങി.
ജില്ലാ പ്രസിഡന്റ് സൈതലി കായ്പ്പാടി, സംസ്ഥാന ജനറൽ സെക്രട്ടറി നബീൽ നൗഷാദ്, സെക്രട്ടറിമാരായ ആദർശ് ഭാർഗവൻ, എറിക് സ്റ്റീഫൻ, ജോയിന്റ് സെക്രട്ടറി ഷബിൻ ഹാഷിം, ജില്ലാ ഭാരവാഹികളായ ശരത് ശൈലേശ്വരൻ, അജിൻ ദേവ്, അമിതിലക്, സജന സാജൻ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |