തിരുവനന്തപുരം: ഒരു വർഷം മാത്രം കാലാവധി ബാക്കിയുള്ള എൽ.ഡി ക്ലാർക്ക്, ലാസ്‌റ്റ് ഗ്രേഡ് സെർവന്റ് റാങ്ക് ലിസ്റ്റുകളിൽ നിന്നുള്ള നിയമനം ഇഴയുന്നു. 2022 ഓഗസ്റ്റ് ഒന്നിന് നിലവിൽവന്ന എൽ.ഡി ക്ലാർക്ക് റാങ്ക് ലിസ്റ്റുകളിൽ നിന്നും പകുതി നിയമനം ഇതുവരെയും നടന്നിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ പുതിയ തസ്‌തിക സൃഷ്‌ടിക്കുന്നതിൽ നിയന്ത്രണം വന്നതും ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യാത്തതുമാണ് നിയമനത്തിൽ വേഗതയുണ്ടാകാത്തത്. സ്ഥാനക്കയറ്റ നടപടികൾ നടക്കാത്തതിനാൽ എൻട്രി കേഡർ ഒഴിവ് റിപ്പോർട്ട് ചെയ്യാനും വൈകുന്നു. ജൂലായ് 31ന് എൽ.ഡി ക്ലാർക്ക് റാങ്ക് ലിസ്റ്റുകൾ അവസാനിക്കുകയാണ്. മെയിൻ ലിസ്റ്റിൽ 11,968, സപ്ലിമെന്ററി ലിസ്റ്റിൽ 10,553 പേരുമടക്കം 23,518 പേരാണു വിവിധ ജില്ലകളിലെ റാങ്ക് ലിസ്‌റ്റുകളിലുള്ളത്.
2022 ജൂലായ് 18നു നിലവിൽ വന്ന ലാസ്‌റ്റ് ഗ്രേഡ് സർവന്റ് റാങ്ക് ലിസ്റ്റിന്റെയും അവസ്ഥ മറ്റൊന്നല്ല. അടുത്ത ജൂലായ് 17ന് അവസാനിക്കുന്ന ലിസ്റ്റിലും പകുതിപേരും ഇപ്പോഴും പുറത്താണ്. മെയിൻ ലിസ്റ്റിൽ 8,154, സപ്ലിമെന്ററി ലിസ്‌റ്റിൽ 7,397അടക്കം 16,227 പേരാണ് വിവിധ ജില്ലകളിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടത്. ഇപ്പോഴും തുടരുന്ന താത്കാലിക നിയമനങ്ങളാണ് ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷകളെ ആസ്ഥാനത്താക്കുന്നതെന്ന് പരാതിയുണ്ട്. അടുത്ത ലിസ്റ്റിന് വേണ്ടി എൽ.ഡി.സി, ലാസ്‌റ്റ് ഗ്രേഡ് തസ്‌തികകളുടെ പുതിയ വിജ്‌ഞാപനം പ്രസിദ്ധീകരിച്ച് പരീക്ഷാനടപടികൾ തുടങ്ങിക്കഴിഞ്ഞു. ഈ ലിസ്റ്റ് നിലവിൽ വരുന്നതിന് മുൻപ് പരമാവധി നിയമനം നടത്തണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |