തിരുവനന്തപുരം: പി.എസ്.സിയുടെ വിശ്വാസ്യത വീണ്ടെടുക്കുകയാണ് പ്രഥമമായി ചെയ്യേണ്ടതെന്ന് പി.എസ്.സി മുൻ ചെയർമാൻ ഡോ.കെ.എസ്. രാധാകൃഷ്ണൻ പറഞ്ഞു. അതിന് ആദ്യമായി ചെയ്യേണ്ടത് ജനങ്ങൾക്ക് വിശ്വാസം വരുന്ന രീതിയിൽ ഇപ്പോൾ നടന്ന പരീക്ഷാ ക്രമക്കേട് അന്വേഷിക്കുകയാണ്. ഒരു സി.ബി.ഐ അന്വേഷണമാണ് ഇക്കാര്യത്തിൽ ഉചിതവും അനിവാര്യവും. ഉദ്യോഗാർത്ഥികൾക്ക് അവരുടെ ആവശ്യാനുസരണം പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കാൻ ചട്ടമില്ല. പരീക്ഷ നടക്കുന്നത് കാസർകോട് ജില്ലയിലെ ഒഴിവിലേക്കാണെങ്കിൽ തൊട്ടടുത്ത ജില്ലകളിൽ മാത്രമേ കേന്ദ്രം അനുവദിക്കാവൂ. ഇപ്പോൾ 2000 പേർക്ക് അവർ ആവശ്യപ്പെട്ട ജില്ലകളിൽ പരീക്ഷാകേന്ദ്രം കൊടുത്തു എന്നാണ് പി.എസ്.സി പറയുന്നത്. അതിന് ചട്ടപ്രകാരം സാധൂകരണമില്ല. പി.എസ്.സിയുടെ 476 ാം ചട്ടത്തിന്റെ നഗ്നമായ ലംഘനമാണ്. പി.എസ്.സിയിൽ നടന്ന ഏറ്റവും ഗൗരവമേറിയ ക്രമക്കേടാണിത്. അതാരാണ് ചെയ്തത് എന്നാണറിയേണ്ടത്. ഈ ചട്ടലംഘനമാണ് പരീക്ഷാ തട്ടിപ്പിലേക്ക് നയിച്ചത്. മുമ്പാരും ഇങ്ങനെ ചെയ്തിരുന്നില്ല. ഈ ചട്ടം ആരും ഭേദഗതി ചെയ്തില്ല എന്നാണെന്റെ അറിവ്. ചട്ടം ഭേദഗതി ചെയ്യാനും ഒരു ന്യായീകരണം വേണ്ടേ. പി.എസ്.സി പരീക്ഷാ ഹാളിൽ ഉദ്യോഗാർത്ഥികൾ മൊബൈൽ ഫോണുകൾ കൊണ്ടുവരാൻ പാടില്ല. അത് ഉറപ്പു വരുത്തേണ്ടത് ഇൻവിജിലേറ്രർമാരുടെ ചുമതലയാണ്. യു.പി.എസ്.സിക്ക് മാത്രമല്ല പി.എസ്.സി പരീക്ഷയ്ക്കും ഇതൊന്നും പാടില്ല. ഡോ.കെ.എസ് രാധാകൃഷ്ണൻ 'ഫ്ലാഷി'നോട്
സംസാരിക്കുന്നു:
മുന്നൂറും മൂവായിരവും ആകാം
ചോദ്യം തയാറാക്കുന്നവരുടെ പാനൽ തയാറാക്കേണ്ട ബാദ്ധ്യത പി.എസ്.സി ചെയർമാനുള്ളതാണ്. അത് ചെയർമാന്റെ കോൺഫിഡൻഷ്യൽ ടീമാണ് ചെയ്യേണ്ടത്. അതിന് ചില നടപടി ക്രമങ്ങളുണ്ട്. 20 പേരുടെ പാനൽ കൊടുത്തിട്ടുണ്ടെങ്കിൽ അവരിൽ നിന്ന് ചോദ്യപേപ്പർ ശേഖരിക്കൽ മാത്രമാണ് കൺട്രോളർ ചെയ്യേണ്ടത്. ആരെങ്കിലും പി.എസ്.സി അംഗങ്ങളുടെ ശുപാർശ പ്രകാരം തങ്ങളുടെ ചോദ്യം എടുക്കണമെന്ന് പറഞ്ഞ് മുന്നോട്ട് വരികയും അവരുടെ ചോദ്യം ഉൾപ്പെടുത്തുകയും ചെയ്താൽ അതും നഗ്നമായ ചട്ടലംഘനമാണ്. പി.എസ്.സി ചോദ്യത്തിന്റെ ഓരോ മോഡ്യൂളും ഓരോ ആളുകളാണ് തയാറാക്കുന്നത്. അങ്ങനെയാവുമ്പോൾ ഒരാൾ വിചാരിച്ചാൽ ചോദ്യം പുറത്ത് കൊടുക്കാൻ പറ്രില്ല. കഴിഞ്ഞ ദിവസം പുറത്തുവന്ന ക്രമക്കേടിൽ പരീക്ഷയെഴുതിയ മൂന്നുപേരുടെ മൊബൈലിലേക്ക് മെസേജ് വന്നു എന്നാണ് പറയുന്നത്. മൂന്നുപേർ മാത്രമാണ് എന്ന് എന്താണ് ഉറപ്പ്. അത് മുന്നൂറും മൂവായിരവും ആകാം.
ഉത്തരവാദിത്തം പ്രിൻസിപ്പൽമാർക്ക്
കോളേജുകളിലെ പി.എസ്.സി പരീക്ഷാ കേന്ദ്രങ്ങളിൽ പ്യൂൺമാരും വാച്ച്മാൻമാരും ഇൻവിജിലേറ്റർമാരായി വരുന്നതിന്റെ ഉത്തരവാദിത്തം പ്രിൻസിപ്പൽമാർക്കാണ്. ഇക്കാര്യത്തിൽ പി.എസ്.സി നിസഹായരാണ്. പരീക്ഷ സംബന്ധിച്ച് പി.എസ്.സി, കോളേജ് പ്രിൻസിപ്പലിന് നിർദേശം നൽകാറുണ്ട്. അദ്ധ്യാപകരാണ് ഇൻവിജിലേറ്രർമാരാവേണ്ടത്. പ്യൂൺമാർ ഇൻവിജിലേറ്രർമാരാവുന്നതിന്റെ പൂർണ ഉത്തരവാദിത്തം പ്രിൻസിപ്പൽമാർക്കാണ്. അവരാണ് കള്ളക്കളി കളിക്കുന്നത്. അദ്ധ്യാപകർക്ക് 550 രൂപ വേതനം പോരെന്നാണ് പറയുന്നത്. രൂപയുടേതല്ല പ്രശ്നം. ഇതവരുടെ ഉത്തരവാദിത്തമാണ്. അവർ ജോലി നേടിയതും പി.എസ്.സി പരീക്ഷ വഴിയാണ്. അന്ന് ഇൻവിജിലേഷൻ ഡ്യൂട്ടി ചെയ്തവരും അങ്ങനെ ചിന്തിച്ചിരുന്നെങ്കിലോ. ആ സംവിധാനത്തെ സംരക്ഷിക്കേണ്ട നിയമപരമായ ബാദ്ധ്യത അവർക്കുണ്ട്. പല തവണ വകുപ്പ് മേധാവികളെ പി.എസ്.സി ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |