തിരുവനന്തപുരം: തൃശൂരിലും കോവളത്തും വച്ച് ആർ.എസ്.എസിന്റെ രണ്ട് ഉന്നതനേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എ.ഡി.ജി.പി എം.ആർ.അജിത്കുമാറിനെതിരെ പൊലീസ്‌മേധാവി ഷേഖ് ദർവേഷ് സാഹിബിന്റെ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നും പെരുമാറ്റച്ചട്ടം മറികടന്നെന്നും കണ്ടെത്തിയാൽ ക്രമസമാധാന ചുമതലയിൽ നിന്നൊഴിവാക്കും.
അന്വേഷണത്തിന് ഡി.ജി.പിയെ വിളിച്ചുവരുത്തി മുഖ്യമന്ത്രി നിർദ്ദേശിക്കുകയായിരുന്നു.
പി.വി.അൻവർ എം.എൽ.എയുടെ ആരോപണങ്ങളന്വേഷിക്കുന്ന ഡി.ജി.പിയുടെ സംഘമാവും ഇതും അന്വേഷിക്കുക.കൂടിക്കാഴ്ചകൾക്ക് ഇടനിലക്കാരനായ ആർ.എസ്.എസ് നേതാവ് കൈമനം ജയകുമാറിന് പൊലീസ് നോട്ടീസയച്ചു. കോവളത്തെ കൂടിക്കാഴ്ചയിൽ ഒപ്പമുണ്ടായിരുന്നെന്ന് സംശയിക്കുന്നവരെ വിളിച്ചു വരുത്തും.തൃശൂരിൽ ആർ.എസ്.എസ്
ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബളെയെയും കോവളത്ത് റാം മാധവിനെയുമാണ് കണ്ടത്.തൃശൂരിലെ കൂടിക്കാഴ്ച പ്രതിപക്ഷനേതാവ് വി.ഡി.സതീശനാണ് വെളിപ്പെടുത്തിയത്. പിന്നാലെ, കോവളത്തെ കൂടിക്കാഴ്ച പുറത്തു വന്നു.തൃശൂരിലെ കൂടിക്കാഴ്ച സ്വകാര്യസന്ദർശനമെന്ന് എ.ഡി.ജി.പി മുഖ്യമന്ത്രിയോട് വിശദീകരിച്ചിരുന്നു.
പൊലീസുദ്യോഗസ്ഥരെ രാഷ്ട്രീയചർച്ചയ്ക്ക് അയയ്ക്കുന്ന പതിവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞൊഴിഞ്ഞിരുന്നതാണ്.കൂടിക്കാഴ്ചകൾക്ക് രാഷ്ട്രീയവും വ്യക്തിപരവുമായ ലക്ഷ്യങ്ങൾക്ക് പുറമെ, ഇടനില സ്വഭാവവുമുണ്ടെന്നാണ് ഇന്റലിജൻസിന്റെ കണ്ടെത്തൽ. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ രാഷ്ട്രീയതന്ത്രങ്ങളൊരുക്കിയ യു.പി ആസ്ഥാനമായ ഏജൻസിക്ക് കേരളത്തിലെ വിവരങ്ങൾ നൽകാനായിരുന്നു തൃശൂരിലെ കൂടിക്കാഴ്ചയെന്നും സൂചനയുണ്ട്. ഇത് ഗുരുതരസ്വഭാവമുള്ളതാണ്. ആറു വട്ടം ശുപാർശയുണ്ടായിട്ടും കിട്ടാതെപോയ രാഷ്ട്രപതിയുടെ പൊലീസ്‌മെഡൽ, പൊലീസ് മേധാവിയാവാനുള്ള അവസരം എന്നിവയ്ക്കായി എ.ഡി.ജി.പി ശ്രമിച്ചെന്നും സൂചനയുണ്ട്. പാറമേക്കാവ് വിദ്യാമന്ദിറിൽ ആർ.എസ്.എസ് ക്യാമ്പിനിടെയായിരുന്നു തൃശൂരിലെ കൂടിക്കാഴ്ച. രേഖയിൽ വരാതിരിക്കാൻ ഔദ്യോഗികവാഹനം ഉപേക്ഷിച്ച് ആർ.എസ്.എസ് നേതാവിന്റെ കാറിലായിരുന്നു യാത്ര.
പൂരം കലക്കലിലും
അന്വേഷണം നേരിടും
1.പൂരം കലക്കൽ സംബന്ധിച്ച അജിത് കുമാറിന്റെ അന്വേഷണ റിപ്പോർട്ടിൽ തുടരന്വേഷണം മുഖ്യമന്ത്രി പ്രഖ്യാപിക്കണമെന്ന് ഇന്നലത്തെ മന്ത്രിസഭായോഗത്തിൽ സി.പി.ഐ മന്ത്രിമാർ ആവശ്യപ്പെട്ടതോടെ അതിനുള്ള സാദ്ധ്യതയേറി.
2. തുടരന്വേഷണം ആവശ്യമെങ്കിൽ നടത്താമെന്ന് മുഖ്യമന്ത്രി മറുപടി നൽകിയ സാഹചര്യത്തിൽ, ക്രൈംബ്രാഞ്ച് അന്വേഷണമോ, ജുഡിഷ്യൽ അന്വേഷണമോ വന്നേക്കും. പ്രതിപക്ഷവും ദേവസ്വങ്ങളും അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ്.
3. അജിത്തിനെതിരെ പി.വി.അൻവർ എം.എൽ.എ ഉന്നയിച്ച ആരോപണങ്ങളിൽ ഡി.ജി.പിയും സാമ്പത്തിക ഇടപാടുകളിൽ വിജിലൻസും അന്വേഷണം നടത്തിവരുകയാണ്.
ആ നേതാക്കളോട്
ചോദിക്കാനാവില്ല
# ആർ.എസ്.എസിന്റെ സർകാര്യവാഹ് ദത്താത്രേയ ഹൊസബളെ നേതൃത്വത്തിലെ രണ്ടാമനാണ് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ പിൻഗാമിയായേക്കാം. 2023മേയ് 23നായിരുന്നു തൃശൂരിലെ കൂടിക്കാഴ്ച.
# ജനറൽ സെക്രട്ടറിയായിരുന്ന റാം മാധവിനെ 2023ജൂൺ രണ്ടിനാണ് കോവളത്ത് കണ്ടത്.
മോദിയുടെയും ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെയും അടുപ്പക്കാരൻ.
മുഖ്യമന്ത്രിയുടെ ബന്ധുവും വഞ്ചനാക്കേസുകളിൽ പ്രതിയായ വ്യവസായിയും എ.ഡി.ജി.പിക്ക് ഒപ്പമുണ്ടായിരുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്.
` അജിത്കുമാറിനെ സർവീസിൽ നിന്ന് പുറത്താക്കണം. ചിലർക്ക് കാര്യങ്ങൾ ബോദ്ധ്യപ്പെടാൻ സമയമെടുക്കും.'
- പി.വി.അൻവർ എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |