മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കള്ളനാക്കാൻ ശ്രമിച്ചെന്ന് പി വി അൻവർ എം എൽ എ. കള്ളക്കടത്തുകാരനാക്കാൻ ശ്രമിച്ചത് അംഗീകരിക്കാനാകില്ലെന്നും സാധാരണക്കാർക്ക് തന്നെ മനസിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനകീയ വിഷയങ്ങളിൽ സജീവമായി ഇടപെടും. ആരോപണമുന്നയിച്ചതിന്റെ പേരിൽ ജയിലിലടച്ചാലും പ്രശ്നമില്ലെന്നും അൻവർ പറഞ്ഞു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പി വി അൻവർ.
മുഖ്യമന്ത്രി തന്നെ കുറച്ചുകാണാൻ പാടില്ലായിരുന്നുവെന്നും തനിക്ക് പേടിയും ആശങ്കയുമില്ലെന്നും അൻവർ വ്യക്തമാക്കി. ജനകീയ കോടതിക്ക് മുന്നിലാണ് താൻ നിൽക്കുന്നതെന്നും താൻ പറഞ്ഞ കാര്യങ്ങളിൽ മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"പാർട്ടിയിലെ രണ്ടാമനാകണമെന്ന് മന്ത്രി മുഹമ്മദ് റിയാസിന് മോഹമുണ്ടാകും. മുഖ്യമന്ത്രിക്കും ആ ആഗ്രഹമുണ്ടാകും. എന്നാൽ നടക്കാൻ പോകുന്നില്ല."- അൻവർ പറഞ്ഞു. മുഹമ്മദ് റിയാസ് കഴിവ് കെട്ടവനാണെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും മുതിർന്ന ഒരുപാട് നേതാക്കളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയെ മുഖ്യമന്ത്രിക്ക് ഭയമാണ്. എന്ത് മഹനീയമായ പ്രവർത്തനമാണ് ശശി ചെയ്‌തതെന്ന് അൻവർ ചോദിച്ചു. ശശിയെ ഇന്നലെ അൻവർ കാട്ടുകള്ളനെന്ന് വിളിച്ചിരുന്നു. സി പി എമ്മില്‍ അടിമത്തമാണ് നടക്കുന്നതെന്നും സി പി എം സംസ്ഥാന സെക്രട്ടറി ഗോവിന്ദന് പോലും മിണ്ടാൻ പറ്റാതായി. അദ്ദേഹത്തിന്റെ അവസ്ഥ ഇങ്ങനെയെങ്കിൽ ബാക്കിയുള്ളവരുടെ ഗതിയെന്താണെന്നും അദ്ദേഹം ചോദിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |