ന്യൂഡൽഹി : കോഴിക്കോട്ടെ സുബ്രഹ്മണ്യനും മാഹിയിലെ രമ്യയ്ക്കും പ്രധാനമന്ത്രിയുടെ അഭിനന്ദനം. ഗാന്ധി ജയന്തിദിനമായ 2014 ഒക്ടോബർ രണ്ടിന് ആരംഭിച്ച 'സ്വച്ഛ് ഭാരത് മിഷൻ' 10 വർഷം തികയുന്ന വേളയിലാണിത്.
ഇന്നലെ പ്രക്ഷേപണം ചെയ്‌ത പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ കി ബാത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവരുടെ പ്രവൃത്തികളെ പ്രകീർത്തിച്ചത്. `74കാരനായ സുബ്രഹ്മണ്യൻ 23,000ൽപ്പരം പഴയ കസേരകൾ നന്നാക്കി വീണ്ടും ഉപയോഗയോഗ്യമാക്കി. ജനങ്ങൾ അദ്ദേഹത്തെ ആർ.ആർ.ആർ (റെഡ്യൂസ്, റീ യൂസ്, റീസൈക്കിൾ)ചാമ്പ്യനെന്ന് വിളിക്കുന്നു. കോഴിക്കോട് സിവിൽ സ്റ്റേഷൻ, പി.ഡബ്ല്യു.ഡി., എൽ.ഐ.സി. ഓഫീസുകളിൽ അദ്ദേഹത്തിന്റെ സേവനം കാണാൻ കഴിയുമെന്നും മോദി ചൂണ്ടിക്കാട്ടി.
മാഹി മുനിസിപ്പാലിറ്റിയും മയ്യഴിയിലെ കടലോരവും ശുചീകരിക്കാൻ സാമൂഹ്യ സന്നദ്ധസേനയെയും യുവജനക്ലബ്ബുകളെയും സംയോജിപ്പിച്ച് രമ്യ നടത്തുന്ന പ്രവർത്തനത്തെയാണ് പ്രധാനമന്ത്രി പ്രകീർത്തിച്ചത്. ഒക്ടോബർ മൂന്നിന് 'മൻ കി ബാത്ത്' 10 വർഷം പൂർത്തിയാക്കുകയാണെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
13-ാം വയസിൽ തുടങ്ങിയ പണി
കോഴിക്കോട് ഒളവണ്ണ തൊണ്ടിലക്കടവ് മലയത്തൊടി സുബ്രഹ്മണ്യൻ പതിമൂന്നാം വയസിൽ ആരംഭിച്ച കസേരമെടയലിലൂടെയാണ് ജീവിതം പച്ച പിടിപ്പിച്ചത്. ഒരു ദിവസം രണ്ടു കസേരകൾ മെടയും. 58 വർഷം കൊണ്ട് കുറഞ്ഞത് 23000 കസേരകൾ മെടഞ്ഞ് കാണുമെന്ന് സുബ്രഹ്മണ്യൻ പറയുന്നു.
സിവിൽ സ്റ്റേഷൻ, പി.ഡബ്ല്യു.ഡി,എൽ.ഐ.സി ഓഫീസ്, പൊലീസ് സ്റ്റേഷനുകൾ, മറ്റ് സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിലെ പൊട്ടിപ്പൊളിഞ്ഞ കസേരകളാണ് പ്ലാസ്റ്റിക് വള്ളി കൊണ്ട് മെടഞ്ഞ് നൽകുന്നത്.
ഉപജീവനത്തിനായി കല്ലായിലെ സ്റ്റാൻഡേർഡ് ചൂരൽ ഫർണിച്ചർ ഷോപ്പിൽ ജോലിക്കെത്തിയ സുബ്രഹ്മണ്യൻ അവിടെ നിന്നാണ് കസേര മെടയൽ പഠിച്ചത്. കാലം മാറിയതനുസരിച്ച് പ്ലാസ്റ്റിക് വള്ളികളായി. ഷോപ്പ് പൂട്ടിയതോടെ സ്വതന്ത്ര തൊഴിലാളിയായി. പ്രധാനമന്ത്രി മൻകി ബാത്തിൽ പരാമർശിച്ചതോടെ രാഷ്ട്രീയ സാമൂഹിക മേഖലയിൽ നിന്നുള്ള പലരും വീട്ടിലെത്തി ആദരിച്ചു. ഭാര്യ ശ്യാമളയും മക്കളായ ജീജ, ജിജി, ജിൻജു, ജിജേഷ് എന്നിവരടങ്ങുന്നതാണ് കുടുംബം.
`തൊഴിൽ അന്യംനിന്നു പോകാതിരിക്കാൻ മക്കളെയും പഠിപ്പിച്ചു. തുടക്കത്തിൽ ആറ് കസേരകൾ വരെ മെടഞ്ഞിരുന്നു.'
- സുബ്രഹ്മണ്യൻ
[വായനയെ സ്നേഹിക്കുന്ന രമ്യ
സ്വച്ഛതാഹി സേവാ ക്യാമ്പയിനിന്റെ ഭാഗമായി മാഹിയിൽ യുവജനങ്ങളെ സംഘടിപ്പിച്ച്ശുചീകരണ യജ്ഞത്തിന് നേതൃത്വം കൊടുക്കുകയാണ് കെ.രമ്യ.
അഞ്ചര വർഷമായി മാഹി നെഹ്രുയുവകേന്ദ്ര ജില്ല യൂത്ത് ഓഫീസറാണ്.കണ്ണൂരിന്റെ ചുമതല കൂടിയുണ്ട്.പരന്ന വായനക്കാരിയും കലാസ്‌നേഹിയുമായ രമ്യ പാലക്കാട് പുതുപ്പരിയാരം വെണ്ണക്കൽ സ്വദേശിനിയാണ്. ഭർത്താവ് അഡ്വ.സുനിൽകുമാർ.
`ഇത് എന്റെ മാത്രം നേട്ടമല്ല. കൂട്ടായ്മയുടെ കരുത്തും പരസ്പര സ്നേഹത്തിന്റെ വിശ്വാസവും പെറ്റനാടിനോടുളള പ്രതിബദ്ധതയുമാണ്. പ്രധാനമന്ത്രിയുടെ പ്രശംസ അവർക്കൊപ്പം ഞാനും പങ്കിടുന്നു'
- കെ.രമ്യ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |