കോട്ടയം: കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യചാരുതയ്ക്ക് താത്ക്കാലിക വിട. ഇനി അടുത്തവർഷം വരെ കാത്തിരിക്കാം. അന്യജില്ലകളിൽ നിന്നുൾപ്പെടെ നിരവധി പേരാണ് ഇത്തവണയും ആമ്പൽ വസന്തം കാണാനെത്തിയത്.
തിരുവാർപ്പ് പഞ്ചായത്തിലെ ജെ ബ്ലോക്കിലെയും തിരുവായ്ക്കരിയിലെയും രണ്ട് പാടശേഖരങ്ങളിലായി 2500ലേറെ ഏക്കർ വിസ്തീർണമുള്ള രണ്ട് നെൽപ്പാടങ്ങളിലാണ് ആമ്പലുകൾ പൂക്കുന്നത്. ആഗസ്റ്റ് 28നാണ് ഔദ്യോഗികമായി ആമ്പൽ വസന്തം ആരംഭിച്ചത്. അതിനുമുമ്പുതന്നെ ആമ്പലുകൾ കാണാൻ ഒട്ടേറെപേർ എത്തിത്തുടങ്ങിയിരുന്നു. അടുത്ത നെൽകൃഷിക്കായി വെള്ളം വറ്റിക്കാനായി ട്രാക്ടർ ഉപയോഗിച്ച് പാടശേഖരം ഉഴുതുമറിക്കാൻ തുടങ്ങിയതോടെ ആമ്പൽച്ചെടികൾ കരിഞ്ഞുതുടങ്ങി.
70 ദിവസം, രണ്ടുകോടിയിലേറെ വരുമാനം
കാർഷിക ഗ്രാമമായ മലരിക്കലിൽ 150 വീടുകളാണ് സ്ഥിതി ചെയ്യുന്നത്. എഴുപത് ദിവസം കൊണ്ട് രണ്ടുകോടിയിലേറെ രൂപയുടെ വരുമാനം ലഭിച്ചതായാണ് മലരിക്കൽ ടൂറിസം സൊസൈറ്റിയുടെ കണക്ക്. വള്ളങ്ങൾ, വീടുകളിലെ പാർക്കിങ് എന്നിവയ്ക്കു പുറമേ ആമ്പൽ പൂക്കൾ വിറ്റും ടോയ്‌ലറ്റ് സൗകര്യം ഒരുക്കിയുമാണ് പ്രാദേശിക ജനത വരുമാനം നേടിയത്. 170 വള്ളങ്ങളാണ് പാടത്തിറങ്ങിയത്.
ഒരാൾക്ക് മണിക്കൂറിന് നിരക്ക് നൂറു രൂപ. ഫോട്ടോഷൂട്ടിനും മറ്റും സമയമനുസരിച്ച് നിരക്കിൽ മാറ്റം വരും. പാർക്കിങ്ങിന് വീടുകളിലെ ഗേറ്റ് തുറന്നിട്ടുനൽകി. 30 രൂപയായിരുന്നു നിരക്ക്. ദിനംപ്രതി 1000 രൂപ വരെ ഒരു കുടുംബത്തിന് വരുമാനം കിട്ടി. കുടുംബശ്രീ അംഗങ്ങളാണ് ആമ്പൽ പൂക്കൾ കെട്ടുകളാക്കി വിറ്റത്. 10 പൂക്കളുള്ള കെട്ടിന് 30 രൂപ ഈടാക്കി. ഈ സീസണിൽ ചെലവ് കഴിച്ച് 50,000 രൂപ വരെ മിച്ചം കിട്ടി. ടോയ്‌ലറ്റ് സൗകര്യവും വീടുകളിൽ ഒരുക്കി. ചെറിയ കടകൾ, റസ്റ്റോറന്റ്, ഹോംസ്‌റ്റേ എന്നിവയ്ക്കും വരുമാനം കിട്ടി.
2018ൽ തുടക്കം
ഗ്രാമീണ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി 2018 മുതലാണ് മലരിക്കൽ ടൂറിസം സൊസൈറ്റിയുടെ നേതൃത്വത്തിൽ ആമ്പൽ ഫെസ്റ്റ് ആരംഭിച്ചത്. സഞ്ചാരികളുടെ വരവ് വർദ്ധിച്ചതോടെ സംസ്ഥാന സർക്കാർ റോഡ് നവീകരണത്തിന് അഞ്ചുകോടി രൂപ അനുവദിച്ചിരുന്നു. കാഞ്ഞിരം മുതൽ മലരിക്കൽ വരെ രണ്ടു കിലോമീറ്റർ ദൂരം റോഡ് ഉയരവും വീതിയും കൂട്ടാനുള്ള നടപടികൾ ആരംഭിച്ചു. കാഞ്ഞിരം ജെട്ടിയിലെ പാലത്തിന്റെ അറ്റകുറ്റപ്പണിക്ക് 37 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |