അസാധാരണമായ ഒരു വാർത്തയാണ് കഴിഞ്ഞ ദിവസം ചൈനീസ് മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നത്. ചൈനാക്കാരിയായ ഒരു സ്‌ത്രീ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയെന്നതാണ് ആ വാർത്ത. ഇതിൽ എന്താണിത്ര അസാധാരണത എന്ന് തോന്നിയോ? സ്‌ത്രീ രണ്ട് ഗർഭപാത്രങ്ങളിൽ നിന്ന് ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി എന്നതാണ് പ്രത്യേകത.
വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാംഗ്‌സി പ്രവിശ്യയിലെ ഒരു ആശുപത്രിയിലാണ് ലി എന്ന യുവതി ഇരട്ടക്കുട്ടികളെ പ്രസവിച്ചത്. അപൂർവ രോഗമായ ഗർഭാശയ ഡിഡെൽഫിസിന് അടിമയായിരുന്നു ലി. ആഗോളതലത്തിൽ 0.3 ശതമാനം സ്‌ത്രീകളെ മാത്രം ബാധിക്കുന്ന രോഗമാണിത്. അത്ഭുതമെന്ന് പറയപ്പെ ലി നല്ല ആരോഗ്യമുള്ള ഒരു ആൺകുട്ടിക്കും പെൺകുട്ടിക്കും ജന്മം നൽകി. ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ പോലും വളരെ അതിശയത്തോടെയാണ് ഇതിനെ നോക്കിക്കാണുന്നത്. എന്താണ് ഗർഭാശയ ഡിഡെൽഫിസ് രോഗമെന്ന് വിശദമായറിയാം.
എന്താണ് ഗർഭാശയ ഡിഡെൽഫിസ്?
സ്‌ത്രീകളുടെ ശരീരത്തിൽ ഒരു ഗർഭപാത്രമാണുള്ളത്. എന്നാൽ, അതിന് പകരം രണ്ടെണ്ണം വരുന്ന അവസ്ഥയാണ് ഗർഭാശയ ഡിഡെൽഫിസ് (uterus didelphys). പത്താഴ്‌ച വളർച്ചയെത്തുമ്പോഴാണ് ഗർഭസ്ഥ ശിശുവിൽ ഗർഭാശയം ഉണ്ടാകുന്നത്. ആ സമയത്ത് ശരിയായ രീതിയിൽ യോജിച്ചില്ല എങ്കിൽ ഇവ രണ്ട് ഗർഭപാത്രങ്ങളായി മാറും. ഇത് ആ പെൺകുഞ്ഞിൽ രണ്ട് ഗർഭപാത്രങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നു. ഓരോന്നിനും അണ്ഡാശയങ്ങളും ഉണ്ടാകും. ഗർഭാശയത്തെയും യോനിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന സെർവിക്‌സും ഇവരിൽ രണ്ടെണ്ണം ഉണ്ടാകും.
ഇത് വളരെ സാധാരണമായ ഒരു അവസ്ഥയായാണ് കാണുന്നതെങ്കിലും ലിയുടെ അവസ്ഥ ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. കാരണം, അവൾക്ക് സ്വാഭാവികമായി ഗർഭം ധരിക്കാനും രണ്ട് ഗർഭാശയങ്ങളിൽ നിന്നുമായി ഇരട്ട കുട്ടികളെ പ്രസവിക്കാനും സാധിച്ചു. ആശുപത്രിയിലെ മുതിർന്ന ഗൈനക്കോളജിസ്റ്റായ കായ് യിംഗ് ആണ് വിവരം പുറത്തുവിട്ടത്.
ലിയുടേത് വളരെ അപൂർവമായ സംഭവമാണ്. ലോകത്താകെ ഇത്തരത്തിൽ രണ്ട് കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്‌തിട്ടുള്ളു. ദശലക്ഷത്തിൽ ഒന്നാണ് ലി. സിസേറിയൻ ശസ്‌ത്രക്രിയയിലൂടെയാണ് എട്ടര മാസത്തിൽ കുഞ്ഞുങ്ങളെ പുറത്തെടുത്തത്. ആൺകുട്ടിക്ക് 3. 3 കിലോഗ്രാം ഭാരവും പെൺകുട്ടിക്ക് 2. 4 കിലോഗ്രാം ഭാരവുമുണ്ട്. പ്രസവം കഴിഞ്ഞ് നാലാം ദിവസം തന്നെ ലിയും കുഞ്ഞുങ്ങളും ആശുപത്രി വിട്ടു.
വെല്ലുവിളി നിറഞ്ഞ ഗർഭധാരണം
ഗർഭാശയ ഡിഡെൽഫിസ് ഉള്ള സ്ത്രീകൾക്ക് ഗർഭധാരണം എന്നത് ഏറെ വെല്ലുവിളി നിറഞ്ഞതാണ്. ഇത്തരത്തിലുള്ളവർക്ക് പ്രസവ സമയത്ത് സങ്കീർണതകൾ ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. ആവർത്തിച്ച് ഗർഭം അലസിപ്പോകാനും മാസം തികയാതെ കുഞ്ഞ് ജനിക്കാനും പ്രസവാനന്തരം രക്തസ്രാവം ഉണ്ടാകാനും സാദ്ധ്യതയുണ്ട്.
ആദ്യത്തെ തവണ ലി ഗർഭിണിയായെങ്കിലും 27 ആഴ്ചയായപ്പോൾ കുഞ്ഞിനെ നഷ്‌ടപ്പെട്ടിരുന്നു. പിന്നീട് കഴിഞ്ഞ ജനുവരിയിൽ ലി വീണ്ടും ഗർഭിണിയായപ്പോൾ അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ സുരക്ഷിതമാക്കാനായി ആശുപത്രിയിലെ മുതിർന്ന ഡോക്‌ടർമാർ വളരെയേറെ ശ്രദ്ധചെലുത്തി.
പല സ്‌ത്രീകൾക്കും അവർക്ക് ഗർഭാശയ ഡിഡെൽഫിസ് ഉണ്ടെന്ന് അറിയില്ല. കാരണം ഈ അവസ്ഥയിലുള്ളവർക്ക് പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും പുറമേ ഉണ്ടാകാറില്ല. സ്‌കാനിംഗ് ചെയ്യുന്നതിലൂടെയാണ് ഗർഭാശയ ഡിഡെൽഫിസ് കണ്ടെത്താനാവുക.
ചില സ്‌ത്രീകൾ ആർത്തവ സമയത്ത് ടാംപോൺ ഉപയോഗിച്ചാലും രക്തസ്രാവം ഉണ്ടാകുന്നു. ഇതിന് കാരണം നിങ്ങൾ ഒരു സെർവിക്‌സിൽ ടാംപോൺ വയ്‌ക്കുമെങ്കിലും രണ്ടാമത്തെ ഗർഭപാത്രത്തിൽ നിന്നും ആർത്തവ പ്രവാഹം ഉണ്ടാകുന്നുവെന്നതാണ്.
2019ലും ലിയുടേതിന് സമാനമായ സംഭവം ബംഗ്ലാദേശിൽ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ആദ്യത്തെ കുഞ്ഞിനെ പ്രസവിച്ച് ഏകദേശം ഒരു മാസത്തിന് ശേഷം രണ്ടാമത്തെ ഗർഭപാത്രത്തിൽ നിന്നും യുവതി കുഞ്ഞിന് ജന്മം നൽകിയിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് രണ്ടാമത്തെ സംഭവം റിപ്പോർട്ട് ചെയ്യുന്നത്. യുഎസ് സംസ്ഥാനമായ അലബാമയിൽ കെൽസി ഹാച്ചർ എന്ന സ്ത്രീ തന്റെ രണ്ട് ഗർഭപാത്രങ്ങളിൽ നിന്നായി രണ്ട് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |