SignIn
Kerala Kaumudi Online
Friday, 15 May 2026 6.39 PM IST

പാകിസ്ഥാനെ വിറപ്പിക്കുന്നത് അവരുടെ സ്വന്തം വനിതകൾ, കാരണങ്ങൾ നിരവധി

asifa-mengal

ഇസ്‌‌ലമാബാദ്: ദശാബ്ദങ്ങളായി തുടരുന്ന ബലൂചിസ്ഥാൻ വിമോചന പോരാട്ടം പുതിയ തലങ്ങളിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. പാകിസ്ഥാനിൽ നിന്ന് വേർപെട്ട് ബലൂചിസ്ഥാൻ ഒരു സ്വതന്ത്ര രാഷ്ട്രമാക്കണമെന്ന ലക്ഷ്യത്തോടെയാണ് പ്രതിഷേധങ്ങളും വിമോചന പോരാട്ടങ്ങളും ശക്തമാകുന്നത്. ഗോത്രവർഗ കലാപങ്ങളിൽ നിന്ന് മാറി വിദ്യാസമ്പന്നരായ സ്ത്രീകൾ ആയുധമെടുക്കുന്ന കാഴ്ചയാണ്. ഇത് പാകിസ്ഥാൻ സർക്കാരിനെയും പ്രതിസന്ധിയിലാക്കുന്നു. ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) നടത്തിയ ആക്രമണങ്ങളിൽ നിരവധി സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. ഇതിൽ ഇന്ത്യയുടെ സഹായമുണ്ടെന്നാണ് പാകിസ്ഥാന്റെ ആരോപണം.

കഴിഞ്ഞ ദിവസത്തെ ആക്രമണത്തിന് പിന്നാലെ ബിഎൽഎ പുറത്തുവിട്ട രണ്ട് വനിതാ ചാവേറുകളുടെ ചിത്രങ്ങൾ പാക് സർക്കാരിനെയും സുരക്ഷാ ഏജൻസികളെയും ഒരുപോലെയാണ് അമ്പരപ്പിച്ചത്. 21കാരിയായ ആസിഫ മെംഗലാണ് നുഷ്‌കിയിലെ ഐഎസ്ഐ ആസ്ഥാനം ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. ആസിഫയുടെ ജന്മദിനത്തിലാണ് ബിഎൽഎയുടെ മജീദ് ബ്രിഗേഡിൽ അംഗമായത്. തോക്കുമേന്തി പാക് സുരക്ഷാ ഉദ്യോഗസ്ഥരെ വെല്ലുവിളിക്കുന്ന ആസിഫയുടെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകാമായി പ്രചരിക്കുന്നുണ്ട്.

ബലൂച് യാക്‌ജെഹ്തി കമ്മിറ്റിയുടെ നേതാവ്‌ മഹ്രാംഗ് ബലൂച്, പത്രപ്രവർത്തകയായ ഷമ്മി ദീൻ ബലൂച് എന്നിവർ ചേർന്ന് വനിതകൾക്ക് പിന്തുണ അറിയിച്ച് സംഘടനകൾ രൂപീകരിച്ചിട്ടുണ്ടെങ്കിലും ബലൂചിസ്ഥാനിലെ നൂറു കണക്കിന് സ്ത്രീകളാണ് ബിഎൽഎയിൽ ചേരുകയും വിമോചനത്തിനായി ചാവേർ ബോംബർമാരാകാൻ തീരുമാനിക്കുകയും ചെയ്തത്. തലസ്ഥാനമായ കത്വയിൽ സാമാധാനമായി കുത്തിയിരിപ്പ് സമരം നടത്തി അറസ്റ്റിലായ മഹ്രാംഗ് ബലൂച് 2025 മാർച്ച് മുതൽ ജയിലിൽ കഴിയുകയാണ്.

dr-mahrang-baloch

എന്തുകൊണ്ട് ബലൂച് സ്ത്രീകൾ ആയുധമെടുക്കുന്നു

മതാധിഷ്ഠിതമായ തീവ്രവാദ ഗ്രൂപ്പുകളിൽ നിന്ന് വ്യത്യസ്തമായി, ബലൂച് വിമോചന പ്രസ്ഥാനം മതേതര വംശീയ സ്വത്വത്തിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. പാക് സൈന്യത്തിൽ നിന്നും വർഷങ്ങളായി തുടരുന്ന ക്രൂരതകളും, നിയമവിരുദ്ധമായി പുരുഷന്മാരെ തടവിലാക്കുന്നതും സ്ത്രീകളെ വിമോചന പോരാട്ടത്തിലേക്ക് നയിക്കുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷക ഐഷ സിദ്ദിഖ പറയുന്നു.

2000ത്തിന് ശേഷം ഏകദേശം 5,000ത്തോളം ബലൂച് പുരുഷന്മാരാണ് സൈന്യത്തിന്റെ പിടിയിലായി അപ്രത്യക്ഷമായെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. നീതി നിഷേധിക്കപ്പെടുകയും സ്വന്തം കുടുംബാംഗങ്ങൾ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്യുമ്പോൾ ഉണ്ടാകുന്ന നിരാശയാണ് സ്ത്രീകളെ ആയുധമെടുക്കാൻ പ്രേരിപ്പിക്കുന്നത്. ചെക്ക് പോസ്റ്റുകളിലും മറ്റും സ്ത്രീകളെ കാര്യമായി പരിശോധിക്കാത്തത് തന്ത്രപരമായി ബിഎൽഎ മുതലാക്കുന്നുണ്ടെന്ന് വിദഗ്‌‌ദ്ധർ ചൂണ്ടിക്കാട്ടുന്നു.

mahrang-baloch

ചരിത്രം തിരുത്തിയ ചാവേറുകൾ

2022ൽ കറാച്ചി സർവകലാശാലയ്ക്ക് മുന്നിൽ ചാവേറായി പൊട്ടിത്തെറിച്ച ഷാരി ബലൂച് രണ്ട് കുട്ടികളുടെ അമ്മയും ബിരുദാനന്തര ബിരുദധകാരിയുമായിരുന്നു. ഈ ആക്രമണത്തിൽ മൂന്ന് ചൈനീസ് പൗരന്മാർ കൊല്ലപ്പെട്ടിരുന്നു. 2022ൽ സുമയ്യ ഖലന്ദ്രാനി തുർബാത്തിൽ പാക് സൈനിക വ്യൂഹത്തിന് നേരെ ആക്രമണം നടത്തി. 2025ലാണ് ശാസ്ത്ര ബിരുദധാരിയായ ബാനുക് മഹിഖാൻ കലത് മേഖലയിൽ പാക് അതിർത്തി രക്ഷാസേനയ്ക്ക് നേരെ ആക്രമണം നടത്തിയത്. 2011ന് ശേഷം ഏകദേശം 15ലധികം വനിതകളാണ് ചാവേറുകളായത് . ബലൂചിസ്ഥാനിൽ നടക്കുന്ന അടിച്ചമർത്തൽ നയങ്ങൾ തുടരുന്നിടത്തോളം കാലം വനിതകൾ ചാവേറുകളാകുമെന്നാണ് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി നൽകുന്ന മുന്നറിയിപ്പ്.

dr-mahrang

നിലവിൽ പാകിസ്ഥാനിൽ സ്ഥിതിഗതികൾ അതീവ ഗുരുതരാമായിട്ടാണ് തുടരുന്നത്. കണക്കുകൾ പ്രകാരം 2024ൽ മാത്രം 685 പാക്‌‌സുരക്ഷാ ഉദ്യോഗസ്ഥരാണ് വിവിധ ആക്രമണങ്ങളിലായി ജീവൻ നഷ്ടമായത്. 2025-ൽ സംഘർഷങ്ങളുമായി ബന്ധപ്പെട്ട മരണങ്ങളിൽ 74ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SUICIDE BOMBING, LATESTNEWS, EXPLAINER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360