തിരുവനന്തപുരം: കേരളം ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങലില്‍ കപ്പല്‍ നിര്‍മാണശാലകളുടേയും കപ്പലുകളുടെ അറ്റകുറ്റപ്പണി കേന്ദ്രങ്ങളുടേയും ക്ലസ്റ്റര്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ച് നടത്തിയ പ്രഖ്യാപനം കേരളത്തില്‍ രണ്ടാമതൊരു കപ്പല്‍ നിര്‍മാണശാല എന്ന പ്രതീക്ഷ സൃഷ്ടിക്കുന്നുണ്ട്. അത്തരത്തിലൊരു പദ്ധതി സംസ്ഥാനത്തിന് ലഭിക്കുകയാണെങ്കില്‍ അതിന് ഏറ്റവും അനുയോജ്യമായത് തിരുവനന്തപുരത്തെ പൂവാര്‍ തന്നെയാണ്.
നിരവധി അനുകൂല ഘടകങ്ങളാണ് പൂവാറിന് ഒരു കപ്പല്‍ നിര്‍മാണശാല നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ടുള്ളത്. കരയില്‍ നിന്ന് കടലിലേക്ക് 500 മീറ്റര്‍ വരെ 13 മീറ്റര്‍ ആഴവും അതിന് ശേഷം 30 മീറ്റര്‍ വരേയും സ്വാഭാവികമായി തന്നെയുണ്ട്. ഏറ്റവും അനുകൂലമായ ഘടകം പത്ത് നോട്ടിക്കല്‍ മൈലിനടുത്ത് അന്താരാഷ്ട്ര കപ്പല്‍ച്ചാല്‍ സ്ഥിതി ചെയ്യുന്നുവെന്നതാണ്. വിഴിഞ്ഞം തുറമുഖവും ഭാവിയിലേക്ക് ഉറപ്പ് നല്‍കുന്ന വിഴിഞ്ഞത്തിന്റെ വളര്‍ച്ചയും കൂടിയാകുമ്പോള്‍ അത് അനുകൂല ഘടകങ്ങളുടെ ഘോഷയാത്രയായി മാറുന്നു.
20000 കണ്ടെയ്‌നറുകള്‍ കയറ്റുന്നതിനുള്ള ഭീമന്‍ മതര്‍ഷിപ്പുകള്‍ നിര്‍മിക്കാനുള്ള സൗകര്യം തിരുവനന്തപുരത്തെ ഈ തീരദേശ ഗ്രാമത്തിനോട് ചേര്‍ന്ന് ലഭ്യമാണ്. ഈ മേഖലയിലെ വിദഗ്ദ്ധര്‍ ഇത് സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. വിഴിഞ്ഞത്ത് കൂറ്റന്‍ കപ്പലുകള്‍ ട്രയല്‍ റണ്‍ ഘട്ടത്തില്‍ തന്നെ സ്ഥിരമായി എത്തുന്നുണ്ട്. കമ്മീഷനിംഗും പിന്നീടുള്ള ഘട്ടങ്ങളുടെ പൂര്‍ത്തീകരണവുമാകുമ്പോള്‍ കപ്പലുകളുടെ എണ്ണം ഇനിയും ഉയരും. ഇത്രയധികം വെസലുകള്‍ എത്തുമ്പോള്‍ അവയുടെ അറ്റകുറ്റപ്പണിക്ക് സൗകര്യമുണ്ടാകേണ്ടത് അത്യാവശ്യമാണ്.
നിര്‍മാണവുമായി ബന്ധപ്പെട്ട് പാരിസ്ഥിതികപ്രശ്നങ്ങളുണ്ടാവില്ലെന്നും വിലയിരുത്തലുണ്ട്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍കാലത്ത് 3 മുതല്‍ 3.5 മീറ്റര്‍വരെ ഉയരമുള്ള തിരമാലകള്‍ മാത്രമേ ഈ മേഖലയില്‍ ഉണ്ടാകാറുള്ളൂ. അതുകൊണ്ടുതന്നെ അതിനനുസരിച്ചുള്ള പുലിമുട്ട് നിര്‍മാണം മാത്രം മതിയാകും. ഇത്രയും അനുകൂലഘടകങ്ങള്‍ പൂവാറിന്റെ സാദ്ധ്യതകളെ വര്‍ദ്ധിപ്പിക്കുന്നുണ്ട്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നിന്ന് 10 കിലോമീറ്റര്‍ മാത്രമാണ് പൂവാറിലേക്കുള്ള ദൂരം.
ഏറ്റവും പ്രധാന നേട്ടങ്ങളിലൊന്ന്, അന്താരാഷ്ട്ര സാഹചര്യം പരിശോധിക്കുമ്പോള്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ ഏതന്‍സിനും സിംഗപ്പൂരിനുമിടയ്ക്ക് അന്താരാഷ്ട്ര കപ്പല്‍ പാതയില്‍ വേറെ കപ്പല്‍ നിര്‍മ്മാണശാല ഇല്ലാത്തതിനാല്‍ ഏഷ്യയുടെ കവാടമായി പൂവാര്‍ മാറുമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. രാജ്യത്തിന്റെ വിവിധ കടല്‍ തീരങ്ങളില്‍ നടത്തിയ പരിശോധനകളില്‍ കടലിന്റെ ആഴക്കുറവ് ഒരു പ്രധാന കുറവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അവിടങ്ങളില്‍ മണ്ണ് നീക്കം ചെയ്ത് ആഴം വര്‍ദ്ധിപ്പിച്ചാല്‍ മണിക്കൂറുകള്‍ക്കകം തിരികെ മണ്ണിടിഞ്ഞ് മൂടി പോകുന്നതായും കാണാന്‍ കഴിഞ്ഞിട്ടുണ്ട്.
കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം കരയിലും കടലിലും നടത്തിയ പഠനങ്ങളില്‍ പൂവാറിന് പകരം വെയ്ക്കാവുന്ന മറ്റൊരിടം രാജ്യത്തില്ല. പുതിയ കപ്പലുകളുടെ നിര്‍മ്മാണത്തിലും അറ്റകുറ്റപ്പണിയിലും വിദേശരാജ്യങ്ങളുടെ ഇന്നുള്ള മേധാവിത്വം അവസാനിപ്പിക്കാന്‍ ഈ കപ്പല്‍ശാല പര്യാപ്തമാകുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. പൂവാര്‍ തീരത്തോട് ചേര്‍ന്നുള്ള കടലിന് 24 മുതല്‍ 30വരെ മീറ്റര്‍ സ്വാഭാവികമായ ആഴമുണ്ട്. കൂടാതെ വര്‍ഷം മുഴുവന്‍ കപ്പലുകള്‍ക്ക് വന്നു പോകാന്‍ കഴിയുംവിധം വേലിയേറ്റ, വേലിയിറക്ക അനുപാതം വളരെ കുറഞ്ഞ തീരവും രാജ്യത്ത് പൂവാര്‍ തന്നെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |