ഇലന്തൂർ (പത്തനംതിട്ട) : തോമസ് ചെറിയാൻ വിമാന അപകടത്തിൽ പെടുമ്പോൾ ഇളയ സഹോദരി മേരി തോമസിന് 12 വയസായിരുന്നു. ടെലിഫോൺ ഇല്ലാതിരുന്ന കാലത്ത് സൈന്യത്തിൽ നിന്നെത്തിയ ഒരു ടെലിഗ്രാം സന്ദേശത്തിലാണ് സഹോദരൻ അപകടത്തിൽപെട്ടുവെന്ന് അറിയുന്നത്. ജീവനോടെ ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. തുടർന്നുള്ള കത്തിടപാടുകളിലും വാർത്തകളിലും അപകടത്തിന്റെ രൂക്ഷത മനസിലായപ്പോൾ വീട്ടിൽ കൂട്ടക്കരച്ചിലായി. മൃതദേഹമെങ്കിലും ലഭിക്കാൻ കാത്തിരുന്നു. ഇലന്തൂർ കാരൂർ പള്ളിയിലെ കുടുംബക്കല്ലറയിൽ സംസ്‌കരിക്കണമെന്നായിരുന്നു ആഗ്രഹം.
ഇതിനായി പിതാവ് ഒ.എം. തോമസ് ഒട്ടേറെ കത്തിടപാടുകൾ നടത്തി. പഞ്ചായത്ത് അംഗമായിരുന്ന അദ്ദേഹത്തിന് നാട്ടിൽ ഉണ്ടായിരുന്ന സ്വാധീനം ഉപയോഗപ്പെടുത്തി പരമാവധി ശ്രമം നടത്തി. ഇടയ്‌ക്കൊക്കെ സൈന്യത്തിൽ നിന്ന് മറുപടിക്കത്തുകൾ വരുമായിരുന്നു. 1990ൽ പിതാവ് മരിക്കുന്നതുവരെ ഇത് തുടർന്നു. സഹോദരന്റെ പെൻഷൻ അമ്മയ്ക്ക് മുടങ്ങാതെ ലഭിച്ചുവന്നു. 1998ൽ അമ്മ ഏലിയാമ്മ മരിക്കുന്നതുവരെ ഇതു ലഭ്യമായി. ഇലന്തൂർ മാർക്കറ്റ് ജംഗ്ഷന് സമീപമാണ് മേരി താമസിക്കുന്നത്.
അവസാനം കണ്ടത്
റെയിൽവേ സ്റ്റേഷനിൽ
തോമസ് ചെറിയാന്റെ അനുജനായ തോമസ് തോമസ് സഹോദരൻ തോമസ് ചെറിയാനെ അവസാനമായി കണ്ടത് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ വച്ചാണ്. '' ഹരിയാനയിലെ ബി.എച്ച്.ഇ.എൽ കമ്പനിയിലെ ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന തന്നെ യാത്രയാക്കാനാണ് വന്നത്. അവധിക്ക് നാട്ടിലെത്തിയപ്പോഴുളള കൂടിക്കാഴ്ച അവസാനത്തേതായിരുന്നു. ജ്യേഷ്ഠ സഹോദരൻ തോമസ് മാത്യു സൈന്യത്തിൽ ചേർന്നത് തോമസ് ചെറിയാന് വലിയ പ്രേരണയായിരുന്നു. സാഹസികത ഇഷ്ടപ്പെട്ട അവൻ പഠനത്തിൽ മിടുക്കനും ശാന്തനുമായിരുന്നു ''- തോമസ് തോമസ് പറഞ്ഞു.
തോമസ് ചെറിയാൻ സൈനിക സേവനത്തിന് പോകുമ്പോൾ തനിക്ക് എട്ടുവയസായിരുന്നുവെന്ന് ഇളയ സഹോദരൻ തോമസ് വറുഗീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |