മലപ്പുറം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് നൽകിയ പരാതിയുടെ പകർപ്പ് പുറത്തുവിട്ട് പി.വി.അൻവർ. മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതികളുമായെത്തുന്ന സുന്ദരികളായ സ്ത്രീകളുടെ ഫോൺ നമ്പറുകൾ ശശി വാങ്ങിവയ്ക്കാറുണ്ടെന്ന് പരാതിയിൽ പറയുന്നു. കേസന്വേഷണം എങ്ങനെ പോകുന്നുവെന്ന് പ്രത്യേക താത്പര്യത്തോടെ അവരോട് അന്വേഷിച്ചിരുന്നു. പരാതിക്കാരായ ചിലരോട് ശൃംഗാര ഭാവത്തിൽ സംസാരിച്ചതോടെ അദ്ദേഹത്തിന്റെ ഫോൺകാളുകൾ പലരും എടുക്കാതെയായി.
കരിപ്പൂർ വിമാനത്താവളംവഴി കടത്തുന്ന സ്വർണം കസ്റ്റംസിന് കൈമാറാതെ പൊലീസുകാർ കൈക്കലാക്കുന്നത് സംബന്ധിച്ച് ശശി അറിയാത്തത് വിശ്വസിക്കാനാവില്ല. യൂട്യൂബ് ചാനൽ ഉടമയ്‌ക്കെതിരായ കേസ് ഒതുക്കിത്തീർക്കാൻ എ.ഡി.ജി.പി രണ്ടുകോടി കൈക്കൂലി വാങ്ങിയ വിവരം ശശിയെ അറിയിച്ചിട്ടും നടപടിയെടുത്തില്ല.
സോളാർ കേസിൽ മൊഴികളിൽ ചില തിരുത്തലുകൾ വരുത്താൻ പരാതിക്കാരിയോട് എ.ഡി.ജി.പി ആവശ്യപ്പെട്ടതായും ശശി ചില ഘട്ടങ്ങളിൽ ബന്ധപ്പെട്ടിരുന്നുവെന്നും പരാതിക്കാരി പറഞ്ഞിരുന്നു. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ പൊലീസ് റിപ്പോർട്ട് പൂഴ്ത്തിവച്ച എ.ഡി.ജി.പിയെ ശശി സംരക്ഷിക്കുകയാണോയെന്ന് പരിശോധിക്കണം. പ്രതിപക്ഷ നേതാവിനെതിരെ ഉന്നയിച്ച ആരോപണത്തിൽ തന്റെ മൊഴിയെടുക്കാതെ കഴമ്പില്ലെന്ന് കാട്ടി റിപ്പോർട്ട് നൽകിയത് ശശിയുടെ അറിവോടെയാണ്.
രാഹുൽഗാന്ധിക്കെതിരെ പൊതുവായി പറഞ്ഞ പരാമർശത്തിൽ എടത്തനാട്ടുകര പൊലീസ് എടുത്ത കേസിൽ ശശിയുടെ ഭാഗത്ത് നിന്ന് ഇടപെടലുണ്ടായില്ല. തന്റെ ഉടമസ്ഥതയിലുള്ള പാർക്കിലെ മോഷണവുമായി ബന്ധപ്പെട്ട് അരീക്കോട് പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം നടന്നില്ല. യൂട്യൂബ് ചാനൽ വിഷയത്തിൽ ഇടപെടുന്ന സമയത്താണ് ശശിയുമായുള്ള ബന്ധം വഷളായത്. ഇതിലുള്ള വൈരാഗ്യമാണ് കാരണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |