തൃശൂർ: കളക്ടർ അർജുൻ പാണ്ഡ്യന്റെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് രൂപീകരിച്ച് അതിരപ്പള്ളി സ്വദേശിയായ യുവാവിൽ നിന്നും ഉത്തരേന്ത്യൻ സംഘം പണം തട്ടാൻ ശ്രമം. തട്ടിപ്പാണെന്ന് മനസിലാക്കിയ യുവാവ് പണം നൽകാതെ പിൻവാങ്ങി. കളക്ടർ എന്ന വ്യാജേന ആദ്യഘട്ടത്തിൽ ഫേസ്ബുക്ക് മെസഞ്ചറിലൂടെ യുവാവിന് സന്ദേശം അയച്ചു. തുടർന്ന് സുഹൃത്ത് സുമിത്ത് കുമാർ ബംഗളൂരുവിൽ സി.ആർ.പി.എഫിലെ ഉദ്യോഗസ്ഥനാണെന്നും അദ്ദേഹത്തിന് സ്ഥലംമാറ്റം ലഭിച്ചതിനാൽ ബംഗളൂരുവിൽ നിരവധി ഫർണിച്ചറുകളുണ്ടെന്നും ഇവ തുച്ഛമായ വിലയിൽ നൽകാമെന്നും പറയുന്നു. യുവാവിന്റെ നമ്പർ വാങ്ങിയ ശേഷം സുമിത്ത് ഫോണിൽ ബന്ധപ്പെട്ടുന്നു. ഫർണിച്ചറുകളുടെ ചിത്രങ്ങൾ വാട്‌സ് ആപ്പിലേക്ക് അയച്ച് ഇവ 1.10 ലക്ഷത്തിന് നൽകാമെന്നും സി.ആർ.പി.എഫിന്റെ ട്രക്കിൽ സൗജന്യമായി എത്തിക്കാമെന്നും പറഞ്ഞു. അതേസമയം,സംഭവം തട്ടിപ്പാണെന്ന് മനസിലാക്കിയ യുവാവ് ഫർണിച്ചറുകൾ ആവശ്യമില്ലെന്ന് പറഞ്ഞ് പിൻവാങ്ങി. ഫോൺ സംഭാഷണം അതിരപ്പള്ളി സ്വദേശി റെക്കാഡ് ചെയ്തിരുന്നു.
കളക്ടറുടെ പേരിൽ നേരത്തെയും മൂന്നോളം വ്യാജ പ്രൊഫൈൽ സൃഷ്ടിച്ചിരുന്നു. സൈബർ സെല്ലിൽ ബന്ധപ്പെട്ടാണ് അന്ന് കളക്ടർ ആ വ്യാജ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തത്. കളക്ടറുടെ യഥാർത്ഥ ഫേസ്ബുക്ക് പേജിലെ ചിത്രങ്ങൾ കോപ്പി പേസ്റ്റ് ചെയ്താണ് സംഘം വ്യാജ പ്രൊഫൈൽ ഉണ്ടാക്കി തട്ടിപ്പിന് ശ്രമിച്ചത്.
ഇത്തരം തട്ടിപ്പുകളിൽ ജാഗ്രത പാലിക്കണം. നേരത്തെയും ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നു.വിശദമായ അന്വേഷണം നടത്താൻ സൈബർ സെല്ലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അർജുൻ പാണ്ഡ്യൻ
ജില്ലാ കളക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |