കോഴിക്കോട്: മതസ്‌പർദ വളർത്താൻ ശ്രമിച്ചിട്ടില്ലെന്ന് ഷിരൂർ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുന്റെ ലോറിയുടമ മനാഫ്. ശിക്ഷിച്ചാലും കുടുംബത്തോടൊപ്പം നിൽക്കും. വലിയ മാനസിക സംഘർഷത്തിലാണിപ്പോഴെന്നും മനാഫ് പറഞ്ഞു. വളരെ വികാരാധീനമായിട്ടായിരുന്നു മനാഫ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
മനാഫിന്റെ വാക്കുകൾ:
'ഞാൻ മതങ്ങളെ കൂട്ടിയോജിപ്പിക്കാനാണ് ശ്രമിക്കുന്നത്. മനാഫ് ഒരിക്കലും മതങ്ങളെ തമ്മിൽ തല്ലിക്കില്ല. അറിഞ്ഞുകൊണ്ട് ആ കുടുംബത്തോട് ഒരു തെറ്റും ചെയ്‌തിട്ടില്ല. ഇന്നലെ പത്രസമ്മേളനത്തിൽ മാപ്പും പറഞ്ഞതാണ്. ഒരിക്കലും അവർക്കെതിരേ മോശം കമന്റിടരുത്, സൈബർ ആക്രമണം നടത്തരുത് എന്നുതന്നെയാണ് ഞാൻ പറഞ്ഞിട്ടുള്ളത്. എന്നെക്കൊണ്ട് കഴിയുന്നതിന്റെ പരമാവധി ഞാൻ അഭ്യർത്ഥിച്ചു. ഇതുവരെ ഞാൻ ആ കുടുംബത്തോടൊപ്പമായിരുന്നു. ഇനി എന്നെ കേസിൽ ശിക്ഷിച്ചാലും ഞാൻ അവർക്കൊപ്പമാണ്. അർജുനെ കിട്ടിയതോടെ ജീവിതത്തിൽ സമാധാനം കിട്ടുമെന്ന് വിചാരിച്ചു. അതില്ല.'
സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് അർജുന്റെ കുടുംബം നൽകിയ പരാതിയിൽ പൊലീസെടുത്ത കേസിൽ മനാഫും പ്രതിയാണ്. സമൂഹത്തിൽ ചേരിതിരിവുണ്ടാക്കാൻ ശ്രമം നടത്തിയതിനുള്ള വകുപ്പും ചുമത്തിയിട്ടുണ്ട്. പൊലീസ് ഇന്ന് അർജുന്റെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തും. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നാണ് പൊലീസ് അറിയിച്ചത്. സോഷ്യൽ മീഡിയ അക്കൗണ്ടുകളും അന്വേഷണ സംഘം പരിശോധിക്കും.
സമൂഹമാദ്ധ്യമങ്ങളിൽ വർഗീയ അധിക്ഷേപം നടക്കുന്നുവെന്ന് കാണിച്ചാണ് അർജുന്റെ കുടുംബം സിറ്റി പൊലിസ് കമ്മിഷണർക്ക് പരാതി നൽകിയത്. അർജുന്റെ ഭാര്യ കൃഷ്ണ പ്രിയ, സഹോദരി അഞ്ജു, സഹോദരീ ഭർത്താവ് ജിതിൻ എന്നിവർ നേരിട്ടെത്തിയാണ് കമ്മിഷണർക്ക് പരാതി നൽകിയത്.
കുടുംബത്തിന്റെ വൈകാരികതയെ മനാഫ് ചൂഷണം ചെയ്യുകയാണെന്നടക്കമുള്ള ആരോപണങ്ങളുമായി ബുധനാഴ്ച കുടുംബം വാർത്താസമ്മേളനം നടത്തിയിരുന്നു. ഇതിനുശേഷമാണ് അർജുന്റെ കുടുംബത്തിനു നേരെ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായ ആക്രമണമുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |